തിരുവനന്തപുരം: കര്‍സേവകരുടെ ആവേശഭരിതമായ പല അനുഭവങ്ങളും നാം കേട്ടിട്ടുണ്ട്. പതിനെട്ടാം വയസ്സില്‍ കര്‍സേവകനായി അയോദ്ധ്യയിലെത്തിയ മണക്കാട് കുര്യാത്തി സ്വദേശിയായ കണ്ണന്, അയോദ്ധ്യാ കണ്ണനായ അനുഭവമാണ് ഇവിടെ വിവരിക്കുന്നത്. ആര്‍എസ്എസ് മുന്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് മോഹന്‍കുമാര്‍, മുന്‍ ജില്ലാ ഘോഷ് പ്രമുഖ് മഹേശ്വരന് എന്നിവരുടെ നേതൃത്വത്തിലാണ് കണ്ണനുള്‍പ്പടെയുള്ള തിരുവനന്തപുരം മഹാനഗരത്തിലെ കര്‍സേവകരുടെ സംഘം അയോദ്ധ്യയിലേക്ക് തിരിച്ചത്.
ഉത്തര്‍പ്രദേശിലെ ത്സാന്‍സി റെയില്‍വെ സ്റ്റേഷനില്‍ വച്ച് കര്‍സേവകരെ അറസ്റ്റ് ചെയ്ത് അടുത്തുള്ള സ്കൂളില്‍ പാര്‍പ്പിച്ചു. അന്ന് രാത്രി പോലിസുകാരുടെ ക്രൂരമര്‍ദനത്തിനിരയായത് കണ്ണന് ഒരിക്കലും മറക്കാനാകില്ല. പിറ്റേദിവസം അവിടെ നിന്നും കര്‍സേവകരെ ബസ് മാര്‍ഗ്ഗം ഫത്തേപൂര്‍ ജയിലിലേക്ക് കൊണ്ടുപോയി. പോകുന്ന വഴിയെല്ലാം വിജനമായിരുന്നു, പിന്നീടാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയായിരുന്നു എന്നറിഞ്ഞത്.
കേരളത്തില്‍ സംഘപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ട ദത്തോപാന്ത് ഠേംഗ്ഡിയെ അറസ്റ്റ് ചെയ്ത് പാര്‍പ്പിച്ചിരുന്നതും അതേ ജയിലിലായിരുന്നു. കേരളത്തില്‍ നിന്നും വന്ന കര്‍സേവകരാണ് തങ്ങളെന്നറിഞ്ഞ് ദത്തോപാന്ത് ഠേംഗ്ഡി തങ്ങളെ കാണാന്‍ വന്ന മുഹൂര്‍ത്തം കണ്ണന് ഓര്‍മിക്കുന്നു. എല്‍.കെ. അദ്വാനിയുടെ രഥയാത്ര തടഞ്ഞതും അദ്ദേഹത്തെ അറസ്റ്റ് ചെയ്തതുമൊക്കെ ജയിലില്‍ കണ്ണനും സംഘവും അറിയുന്നുണ്ടായിരുന്നു.
ഒക്ടോബര്‍ 30 ന് കര്‍സേവ നടന്നു. അതിന് ശേഷമാണ് കണ്ണനെയും ഒപ്പമുണ്ടായിരുന്നവരെയും ജയിലില്‍ നിന്ന് മോചിപ്പിച്ചത്. തിരികെ റോഡ് മാര്‍ഗം വീണ്ടും ത്സാന്‍സി റെയില്‍വെ സ്റ്റേഷനില്‍ എത്തിക്കുകയും കൈയ്യില്‍ സീല്‍ പതിപ്പിച്ച ശേഷം നാട്ടിലേക്കുള്ള ട്രെയിന്‍ കയറ്റി വിടുകയും ചെയ്തു. കര്‍സേവയ്ക്ക് പോയി വന്ന ശേഷം വീട്ടുകാരും നാട്ടുകാരും സുഹൃത്തുക്കളുമൊക്കെ കണ്ണനെ വിളിക്കുന്നത് അയോദ്ധ്യാ കണ്ണന് എന്നാണ്. അയോദ്ധ്യാ കണ്ണന് എന്ന വിളിപ്പേര് തനിക്ക് അഭിമാനവും അന്തസ്സുമാണെന്ന് കണ്ണനും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: