സരയൂതീരത്ത് മഹന്ത് രാമചന്ദ്രദാസ് പരമഹംസിന്റെ സമാധിച്ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കുമ്പോള്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. നിറഞ്ഞുപെയ്ത മഴയിരമ്പങ്ങള്‍ക്ക് മീതെ ജനസഹസ്രങ്ങളുടെ ആരവം ഉയര്‍ന്നുകേള്‍ക്കുന്നുണ്ടായിരുന്നു… രാം ലല്ല ഹം ആയേംഗെ, മന്ദിര്‍ വഹിം ബനായേംഗെ…
അടല്‍ജി പ്രധാനമന്ത്രിയായിട്ടും ബാലകരാമന്‍ താത്കാലിക ക്ഷേത്രത്തില്‍ തുടരുന്നതില്‍ അസ്വസ്ഥരായിരുന്നു അവര്‍. ഒരു ജീവിതമാകെ
രാമക്ഷേത്രത്തിനായി ഉഴിഞ്ഞുവച്ച മഹന്ത് രാമചന്ദ്രദാസിന്റെ അന്ത്യകര്‍മ്മങ്ങള്‍ക്കിടയിലും പ്രധാനമന്ത്രിയെ സാക്ഷി നിര്‍ത്തി അവര്‍ വിളിച്ച ആ മുദ്രാവാക്യങ്ങള്‍ മാധ്യമങ്ങള്‍ പൊലിപ്പിച്ചു. അടല്‍ അയോദ്ധ്യക്ക് ഒരു തടസമാണെന്ന വ്യാഖ്യാനവുമായി അക്കാലത്തെ മഴയില്‍ മുളച്ച ചില സംഘടനകളും രംഗത്തെത്തിയിരുന്നു…
സര്‍ക്കാര്‍ ഏതുമാകട്ടെ രാമക്ഷേത്രം നിര്‍മ്മിക്കുക തന്നെ ചെയ്യുമെന്ന മുദ്രാവാക്യം പലഭാഗത്തും മുഴങ്ങിയിരുന്നു. പക്ഷേ അടല്‍ജി എല്ലാ സമ്മര്‍ദ്ദങ്ങളെയും അതിജീവിച്ചത് എങ്ങനെയെന്നത് അതിശയകരമാണെന്ന് പിന്നീടൊരിക്കല്‍ എല്‍.കെ. അദ്വാനി മാധ്യമങ്ങള്‍ക്ക് മുന്നില്‍ മനസ് തുറന്നിട്ടുണ്ട്. മഹന്ത് രാമചന്ദ്രദാസിന്റെ സമാധിക്ക് ശേഷം പ്രധാനമന്ത്രി ഒരുനാള്‍ അപ്രതീക്ഷിതമായി അയോദ്ധ്യയിലെത്തി. രാംലല്ലയെ ദര്‍ശിച്ചു. ആ കണ്ണുകള്‍ അന്നും നിറഞ്ഞിരുന്നു. അന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകര്‍ക്കും പൊതുസമൂഹത്തിനും മുമ്പാകെ ഒരിക്കല്‍ കൂടി പ്രഖ്യാപിച്ചു. ക്ഷേത്രം നിര്‍മ്മിക്കും. ക്ഷേത്രം അവിടെത്തന്നെ നിര്‍മ്മിക്കും. ഈ തീരുമാനം തടയാന്‍ ലോകത്ത് ഒരു ശക്തിക്കും കഴിയില്ല. കാരണം ഇത് രാമന്റെ തീരുമാനമാണ്. ഇത് ഇന്ന് കുറിക്കപ്പെട്ടതല്ല. നൂറ്റാണ്ടുകള്‍ക്കപ്പുറം കുറിക്കപ്പെട്ടതാണ്. പൊരുതിവീണ ആയിരങ്ങള്‍ അവരുടെ ചോരയിലെഴുതിയ തീരുമാനമാണ്… രാമന്‍ പിറന്ന മണ്ണില്‍ രാമക്ഷേത്രം നിര്‍മ്മിക്കും. ഇതൊരു പവിത്രമായ ദൗത്യമാണ്. എല്ലാവരും ചേര്‍ന്ന് ചെയ്യേണ്ടതാണ്. എതിര്‍ത്തുനില്പുകള്‍ പൂര്‍ണമായും ഇല്ലാതാകും. എതിര്‍ക്കുന്നവരെയും ചേര്‍ത്ത് ഈ ദൗത്യം പൂര്‍ത്തീകരിക്കും… അടല്‍ജിയുടെ വാക്കുകള്‍ സൗമ്യമായിരുന്നു. എന്നാല്‍ അത് പുറപ്പെട്ട ഹൃദയം കൊടുങ്കാറ്റുകളെയും സൗമ്യമാക്കുന്ന സംഘബോധം കൊണ്ടു നിറഞ്ഞതായിരുന്നു. അടല്‍ജിയുടെ സൗമ്യതയ്‌ക്ക് അപാര കരുത്താണെന്ന അദ്വാനിയുടെ സാക്ഷ്യത്തിലുണ്ട് എല്ലാം.
1992 ഡിസംബര്‍ അഞ്ചിന് ലഖ്‌നൗവിലെ അമിനാബാദില്‍ ഝണ്ടേവാല പാര്‍ക്കില്‍ ഒരു പൊതുസമ്മേളനം നടന്നു. വലിയ പോലീസ് ബന്ദവസായിരുന്നു അതിന്. തൊട്ടടുത്ത ദിവസം അയോദ്ധ്യയില്‍ കര്‍സേവ നടക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ചേര്‍ന്ന പൊതുസമ്മേളനം റിപ്പോര്‍ട്ട് ചെയ്യാന്‍ രാജ്യത്തിന് അകത്തും പുറത്തും നിന്നുള്ള മുന്‍നിര മാധ്യമപ്രവര്‍ത്തകരും എത്തിയിരുന്നു. അടല്‍ജിയുടെ വിഖ്യാതമായ വാഗ്‌ധോരണിയില്‍ ജനം കടല് പോലെ ഇളകിമറിയുകയും ചില വേളകളില്‍ ധ്യാനത്തിലെന്ന പോലെ നിശബ്ദരാവുകയും ചെയ്തു…
‘നാളെ ഭാരതം അയോദ്ധ്യയില്‍ പ്രാര്‍ത്ഥനയ്‌ക്കെത്തുന്നു എന്നായിരുന്നു അന്ന് അടല്‍ജി ജനക്കൂട്ടത്തോട് പറഞ്ഞത്. അവര്‍ക്കായി നിലമൊരുക്കണം. പരമോന്നത കോടതി കര്‍സേവ വിലക്കിയെന്ന് ചിലര്‍ പറയുന്നു. കാതു തുറന്നു കേള്‍ക്കൂ… കോടതി ചിലത് പറഞ്ഞിട്ടുണ്ട്. അവിടെ നിര്‍മാണം നടത്തരുത്… അത് മാത്രമാണ് കോടതി പറഞ്ഞിട്ടുള്ളത്. കര്‍സേവ ചെയ്യാം. കര്‍സേവ രാമസേവയാണ്… കര്‍സേവ നടത്താനുള്ള വഴിയാണ് കോടതി തുറന്നുതന്നത്. കീര്‍ത്തനങ്ങളും ഭജനയുമായി ഭാരതത്തിലെമ്പാടും നിന്നുള്ള രാമഭക്തര്‍ അയോദ്ധ്യയിലേക്ക് ഒഴുകിയെത്തും. അപ്പോള്‍ അവര്‍ എവിടെയിരുന്ന് നാമം ചൊല്ലും. അവിടമാകെ പൊന്തിയതും മൂര്‍ച്ചയുള്ളതുമായ പാറക്കല്ലുകളുണ്ട്. അതിന് മുകളിലെങ്ങനെ ഭക്തര്‍ ഇരിക്കും, പ്രാര്‍ത്ഥന ചൊല്ലും. ആ പാറക്കല്ലുകള്‍ നിരത്തണം. കര്‍സേവകര്‍ക്കായി നിലമൊരുക്കണം, ഈ ക്രമീകരണങ്ങള്‍ കോടതി പറയുന്ന നിര്‍മ്മാണപ്രവര്‍ത്തനത്തില്‍ പെടില്ല…. അടല്‍ജിയുടെ പ്രസംഗം ജനം സശ്രദ്ധം കേട്ടു. അതിന്റെ ഗൗരവം ഉള്‍ക്കൊണ്ടു. കോടതിയെ മാനിക്കും. കര്‍സേവ നടത്തും…
നിലമൊരുക്കാനും പാറക്കല്ലുകള്‍ നിരത്താനുമുള്ള അടല്‍ജിയുടെ ആഹ്വാനം പക്ഷേ തര്‍ക്കമന്ദിരം തകര്‍ക്കാനുള്ളതായിരുന്നുവെന്ന് ചിലര്‍ വ്യാഖ്യാനിച്ചു. ശ്രീരാമക്ഷേത്രനിര്‍മ്മാണത്തിനുള്ള എല്ലാ തടസവും നീക്കുമെന്ന് പ്രതിജ്ഞ ചെയ്തിറങ്ങിയ കര്‍സേവകര്‍ അത് ചെയ്തു. തടസം നീക്കി. നിലമൊരുക്കി… രാംലല്ലയെ താത്കാലികക്ഷേത്രത്തില്‍ കുടിയിരുത്തി. ഇരുപത്തിയെട്ട് വര്‍ഷം തീര്‍പ്പിന് വേണ്ടി കാത്തിരുന്നു. കോടതി പറയും വരെ… എതിര്‍പ്പുകള്‍ നീങ്ങും വരെ… മണിക്കൂറുകള്‍ കൊണ്ട് തര്‍ക്കമന്ദിരം എന്ന തടസം നീക്കിയവര്‍ക്ക് രാമക്ഷേത്രത്തിനായി 28 വര്‍ഷം കാത്തിരിക്കേണ്ട കാര്യമുണ്ടായിരുന്നില്ല… കോടതിയില്‍ പോരാടിയവരും കര്‍സേവകരാണെന്ന അടല്‍ജിയുടെ വാക്കുകളില്‍ അതിനുത്തരമുണ്ട്. പട്ടാഭിഷേകം ഒരു ദിവസം കൊണ്ട് സംഭവിച്ചതല്ല. രാജാവാകേണ്ട ദിവസം മരവുരി ഉടുത്തവനാണ് രാമന്‍ എന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ഡിസംബര്‍ അഞ്ചിന്റെ പ്രസംഗത്തിന്റെ പേരില്‍ അടല്‍ജിയും അയോദ്ധ്യാകേസില്‍ പ്രതി ചേര്‍ക്കപ്പെട്ടു. കാലങ്ങള്‍ക്കിപ്പുറം ആ പ്രസംഗത്തെക്കുറിച്ച് ഒരു ദേശീയ മാധ്യമത്തിന് നല്കിയ മറുപടിയില്‍ ഞാന്‍ അയോദ്ധ്യാ വിമോചന പോരാട്ടത്തില്‍ വലിയ പങ്ക് വഹിച്ച ആളല്ല എന്ന് അദ്ദേഹം വിനീതനായി… രാമന്‍ ഭാരതത്തിന്റെ രക്തത്തിന്റെ രക്തവും മാംസത്തിന്റെ മാംസവുമാണ്. രാമന്‍ ഭാരതീയ ജീവിതത്തിന്റെ പ്രാണനാണ്… ആര്‍ക്കും രാമനെ എതിര്‍ത്ത് ഏറെക്കാലം നില്‍ക്കാനാവില്ല… എല്ലാം അനുകൂലമായി വരും. എതിര്‍ക്കുന്നവരും രാമക്ഷേത്രത്തോടൊപ്പമായിരിക്കും…
അടല്‍ജിയുടെ വാക്കുകള്‍ യാഥാര്‍ത്ഥ്യമാവുന്നു… അദ്ദേഹത്തിന്റെ പോര്‍ക്കളം രാജസഭയായിരുന്നു. രാമദൂതനെപ്പോലെ രാക്ഷസക്കോട്ടകളില്‍ അദ്ദേഹം നിറഞ്ഞു. തീയായി, കാറ്റായി, കടലായി, സംഗീതമായി, ഹൃദയത്തുടിപ്പായി രാമന്‍ നിറഞ്ഞ എത്രയോ പ്രസംഗങ്ങള്‍ പാര്‍ലമെന്റിനുള്ളിലും പുറത്തും ഒഴുകിപ്പരന്നു… അടല്‍ജി ആ സമരഭൂമിയുടെ അമരസംഗീതമായി നിറഞ്ഞുനിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: