തിരുവനന്തപുരം: എക്സാലോജിക്കിനെതിരെയുള്ള കേന്ദ്ര അന്വേഷണത്തില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന് പൂര്‍ണ സംരക്ഷണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. പിണറായി വിജയന്റെ മകളെന്ന നിലയിലാണ് അന്വേഷണമെന്നും രാഷ്ട്രീയ പകപോക്കലാണെന്നും ഗോവിന്ദന് വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രിയുടെ മകളെ ന്യായീകരിച്ചു. രണ്ട് കമ്പനികള്‍ കരാറിലൂടെ നടത്തിയ ഇടപാടാണെന്നും തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട നീക്കമാണ് അന്വേഷണമെന്നും ഗോവിന്ദന് പറഞ്ഞു.
എം.ടി. വാസുദേവന്‍ നായരുടെ വിമര്‍ശനത്തില്‍ പ്രതികരിച്ച് കൂടുതല്‍ വിവാദമാക്കേണ്ടെന്ന നിലപാടിലാണ് സിപിഎം. അതിനാല്‍ തന്നെ സാഹിത്യകാരന്മാരായാലും കലാകാരന്മാരായാലും ഉന്നയിക്കുന്ന വിമര്‍ശനങ്ങള്‍ കാതുകൂര്‍പ്പിച്ച് തന്നെ കേള്‍ക്കുമെന്നും അതിനനുസരിച്ച് മാറ്റം ആവശ്യമെങ്കില്‍ വരുത്തുമെന്നും പറഞ്ഞ് വിഷയത്തില്‍ നിന്നും ഒഴിഞ്ഞുമാറി. 20 കൊല്ലം മുമ്പാണ് എം.ടി. വാസുദേവന്‍ നായര്‍ ലേഖനം
എഴുതുന്നതെന്നും ലോകത്തിന്റെ പൊതുചിത്രമാണ് എം.ടി. അവതരിപ്പിച്ചതെന്നും കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രി പിണറായി വിജയനെ സൂര്യനോട് ഉപമിച്ചതിനെയും ന്യായീകരിച്ചു. സൂര്യനെപ്പോലെയാണു മുഖ്യമന്ത്രിയെന്ന പരാമര്‍ശത്തില്‍ വ്യക്തിപൂജയില്ലെന്നും അത് അംഗീകരിക്കുന്ന പാര്‍ട്ടിയല്ല സിപിഎമ്മെന്നും ഗോവിന്ദന് പറഞ്ഞു.
അയോധ്യ വിഷയത്തില്‍ ഉറച്ച നിലപാടെടുക്കാന്‍ കേരളത്തിലെ കോണ്‍ഗ്രസിന് പോലും ആദ്യം കഴിഞ്ഞില്ല. ഇടത് പാര്‍ട്ടികള്‍ വിശ്വാസികളുടെ വിശ്വാസത്തിന് ഒപ്പം നില്ക്കും, പണി പൂര്‍ത്തിയാകാത്ത രാമക്ഷേത്രം രാഷ്ട്രീയലക്ഷ്യം വെച്ച് ഉദ്ഘാടനം ചെയ്യുന്ന വര്‍ഗീയതക്ക് ഒപ്പമില്ല. നവകേരള സദസ് ചരിത്രപരമായ വന്‍ മുന്നേറ്റമാണെന്നും ഗോവിന്ദന് അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: