ന്യൂദല്‍ഹി: 2023-24 സാമ്പത്തിക വര്‍ഷത്തില്‍ മോദി സര്‍ക്കാര്‍ കിട്ടാനുള്ളതിന്റെ 80 ശതമാനം പ്രത്യക്ഷനികുതിയും പിരിച്ച് റെക്കോഡ് സ്ഥാപിച്ചു. ഈയിനത്തില്‍ 2024 ജനവരി 10 വരെയുള്ള കണക്കനുസരിച്ച് ഇതുവരെ 14.7 ലക്ഷം കോടി പിരിച്ചെടുത്തു. പ്രത്യക്ഷനികുതി പിരിക്കുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ പുലര്‍ത്തിയ ശുഷ്കാന്തിയാണ് ഇത്രയും വരുമാനം ഖജനാവിന് നേടിക്കൊടുത്തത്.
നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍, 2023 ഏപ്രില്‍ മുതല്‍ 2024 ജനവരി 10 വരെയുള്ള കണക്കനുസരിച്ച് കേന്ദ്ര സര്‍ക്കാര്‍ ആകെ പിരിഞ്ഞുകിട്ടാനുള്ള പ്രത്യക്ഷനികുതിയുടെ
80.61 ശതമാനം പിരിച്ചെടുത്ത് കഴിഞ്ഞു. റീഫണ്ട് നല്‍കിയതിന് ശേഷം ഈ തുക 14.7 ലക്ഷം കോടി രൂപ വരും. കഴിഞ്ഞ സാമ്പത്തിക വര്‍ഷമായ 2022-23 നേക്കാള്‍ ഈ തുകയില്‍ 19.4 ശതമാനത്തിന്റെ വര്‍ധനയുണ്ട്. പ്രത്യക്ഷനികുതിയില്‍ ഉള്‍പ്പെടുന്ന ആദായനികുതി വരുമാനത്തില്‍, 2022-23നേക്കാള്‍ 26.11 ശതമാനത്തിന്റെ വര്‍ധവുണ്ടായതായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സ് (Central Board of Direct Tax) (സിബിഡിടി- CBDT) പറഞ്ഞു. കോര്‍പറേറ്റ് നികുതിയിനത്തില്‍ 2022-23നേക്കാള്‍ നടപ്പുസാമ്പത്തിക വര്‍ഷം 8.23 ശതമാനം വര്‍ധനവുണ്ടായി.
പ്രത്യക്ഷ നികുതി പിരിവില്‍ നിന്നുള്ള വര്‍ധനവ് സര്‍ക്കാറിന്റെ കണക്കുകൂട്ടലുകളേക്കാള്‍ മുന്നിലാണ്. 2023-24ലെ യൂണിയന് ബജറ്റില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പ്രത്യക്ഷ നികുതിപിരിവില്‍ 10.5% വര്‍ധനവുണ്ടാകുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വര്‍ധന 19 ശതമാനത്തില്‍ അധികമായി ലഭിച്ചു.
കേന്ദ്രസര്‍ക്കാരിന്റെ നികുതി പിരിവിലെ കാര്യക്ഷമതയും കൂടുതല്‍ പേരെക്കൊണ്ട് ആദായനികുതി നല്‍കുക എന്ന നിയമം അനുസരിപ്പിക്കാന്‍ കഴിഞ്ഞതും കേന്ദ്രസര്‍ക്കാരിന്റെ വിജയം തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: