ഷാബാനോ കേസില്‍ മുസ്ലിം വനിതയ്ക്ക് ജീവനാംശം അനുവദിച്ച സുപ്രീംകോടതി വിധി മറികടക്കാന്‍ മുസ്ലിം വ്യക്തിനിയമത്തില്‍ മാറ്റം വരുത്തിയ രാജീവ് ഗാന്ധിയുടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ വലിയ ജനരോഷം ക്ഷണിച്ചുവരുത്തിയിരുന്നു. ഇതില്‍നിന്ന് ശ്രദ്ധ തിരിക്കാനും ഹിന്ദുക്കളുടെ എതിര്‍പ്പ് നിര്‍വീര്യമാക്കാനും വേണ്ടിയാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ രാമജന്മഭൂമി തുറന്നുകൊടുത്തത്. നെഹ്റു കുടുംബം ഏറെ ദ്രോഹിച്ച നേതാജി സുഭാഷ് ചന്ദ്രബോസ് ഗുംനാമി ബാബയായി ഫൈസാബാദില്‍ വേഷം മാറി കഴിഞ്ഞതിന്റെ പ്രശ്നം പൊന്തിവരികയും ചര്‍ച്ചയാവുകയും ചെയ്തിരുന്നു. ഇത് മറച്ചുപിടിക്കാന്‍ കൂടിയാണ് പതിവിന് വിരുദ്ധമായി കോണ്‍ഗ്രസ് ഹിന്ദു അനുകൂല നിലപാട് എടുത്തതെന്ന് നേതാജിയുടെ തിരോധാനത്തെക്കുറിച്ച് പഠിച്ച അനുജ് ധര് പറയുന്നുണ്ട്. വാസ്തവം ഏതുതന്നെയായിരുന്നാലും ഉദ്ദേശ്യശുദ്ധിയോടെയല്ല പ്രധാനമന്ത്രി രാജീവ് ഗാന്ധി രാമജന്മഭൂമിയില്‍ ഹിന്ദുക്കള്‍ക്ക് പ്രവേശനം അനുവദിച്ചതെന്ന് വ്യക്തം.
അതുവരെയുള്ള ചരിത്രത്തിലുടനീളം ബാബറിമസ്ജിദിനും മതഭ്രാന്തരായ മുസ്ലിം വിഭാഗത്തിനുമൊപ്പം നിന്നിരുന്ന കോണ്‍ഗ്രസിന്റെ രാഷ്ട്രീയത്തട്ടിപ്പ് തുറന്നുകാട്ടുകയും ഭൂരിപക്ഷമാണ് എന്ന ഒറ്റക്കാരണത്താല്‍ വഞ്ചിക്കപ്പെടുന്ന ഹിന്ദുക്കള്‍ക്കൊപ്പം നില്‍ക്കേണ്ടതും ആവശ്യമാണെന്ന് കരുതിയ ബിജെപി പ്രക്ഷോഭത്തെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചു.
1989ല്‍ ഹിമാചല്‍പ്രദേശിലെ പാലംപൂരില്‍ ചേര്‍ന്ന പാര്‍ട്ടിയുടെ ദേശീയ നിര്‍വാഹക സമിതിയോഗം രാമക്ഷേത്രത്തിന് അനുകൂലമായി പ്രമേയം പാസാക്കി. ക്ഷേത്രം തകര്‍ത്താണ് ബാബറി മസ്ജിദ് നിര്‍മിച്ചതെന്നും രാമജന്മഭൂമിയില്‍ ക്ഷേത്രം പുനര്‍നിര്‍മിക്കേണ്ടത് ദേശീയ വികാരമാണെന്നും ബിജെപി നിലപാടെടുത്തത് ആധുനിക ഭാരതരാഷ്ട്രീയത്തിലെ നിര്‍ണായക ചുവടുവയ്പ്പായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: