ന്യൂദല്‍ഹി: മോദിയുടെ എതിരാളിയാണെങ്കിലും മാലിദ്വീപ് മന്ത്രിമാരുടെ മോദിയ്ക്കെതിരായ വിമര്‍ശനങ്ങളില്‍ മോദിയെ പിന്തുണച്ച് ലക്ഷ്ദ്വീപ് എംപി മുഹമ്മദ് ഫൈസല്‍. മോദി ലക്ഷദ്വീപിലെ ടൂറിസത്തെക്കുറിച്ച് പറഞ്ഞതിനെച്ചൊല്ലി മാലിദ്വീപ് മന്ത്രിമാര്‍ പ്രതികരിക്കേണ്ടതില്ലെന്നും മുഹമ്മദ് ഫൈസല്‍ പറഞ്ഞു.
ലക്ഷദ്വീപില്‍ നടക്കുന്നതിനെക്കുറിച്ച് മാലിദ്വീപ് അഭിപ്രായം പറയേണ്ട കാര്യമില്ല. മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിന്റെ കാര്യത്തിലും മാലിദ്വീപ് പ്രതികരിക്കേണ്ടതില്ല. – മുഹമ്മദ് ഫൈസല്‍ പറഞ്ഞു.
“ടൂറിസം രംഗത്ത് ഇതുവരെ സ്പര്‍ശിക്കാത്ത ഒരിടമാണ് ലക്ഷദ്വീപ്. മോദി ഇവിടെ വന്നു. ഒരു ദിവസം താമസിച്ച ശേഷം ചില കാര്യങ്ങള്‍ പറഞ്ഞു. ലക്ഷദ്വീപ് നിവാസികള്‍ കേള്‍ക്കാന്‍ കൊതിച്ച കാര്യമാണ് മോദി പറഞ്ഞത്. “- മുഹമ്മദ് ഫൈസല്‍ പറഞ്ഞു
ഒരു ദിവസത്തെ താമസത്തിനിടയില്‍ ലക്ഷ്ദ്വീപിന്റെ സൗന്ദര്യത്തെയും കടലിനടിയിലെ സൗന്ദര്യവും വാഴ്ത്തിയ മോദി ലക്ഷ്ദ്വീപ് സന്ദര്‍ശിക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. ഇതാണ് ടൂറിസവരുമാനത്തെ മുഖ്യമായി ആശ്രയിക്കുന്ന മാലിദ്വീപിലെ ബിസിനസുകാരെയും മന്ത്രിമാരെയും പ്രകോപിപ്പിച്ചത്. ലക്ഷദ്വീപിനും മാലിദ്വീപിനും ഉള്ള ഏക ആകര്‍ഷണം കടലും കടലിനടിയിലെ കാഴ്ചകളും മാത്രമാണ്.
അന്തരിച്ച ലക്ഷദ്വീപ് മന്ത്രി പി.എം. സയ്യിദിന്റെ മരുമകന് മുഹമ്മദ് സാലിഹിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ മുഹമ്മദ് ഫൈസലും മുന്ന് പേരും കുറ്റക്കാരാണെന്ന് ലക്ഷദ്വീപ് സെഷന്‍സ് കോടതി വിധിച്ചിരുന്നു. എന്‍സിപിയുടെ എംപിയായ മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ലോക് സഭ സസ്പെന്റ് ചെയ്തിരുന്നു. എന്നാല്‍ പിന്നീട് സുപ്രീംകോടതി ഈ വിധി റദ്ദാക്കി. ഇതോടെയാണ് മുഹമ്മദ് ഫൈസല്‍ ഇപ്പോള്‍ വീണ്ടും എംപിയായി തുടരുന്നത്. നേരത്തെ ലക്ഷദ്വീപിനെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ മോദി ശ്രമിക്കുന്നു എന്നാരോപിച്ച് വലിയ കലാപക്കൊടി ഉയര്‍ത്തിയ നേതാവ് കൂടിയാണ് മുഹമ്മദ് ഫൈസല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: