ജിദ്ദ: അര്‍ജന്റൈന്‍ സ്ട്രൈക്കര്‍ ഹൂലിയന്‍ അല്‍വാരസിന്റെ ഇരട്ടഗോള്‍ മികവിന്റെ അകമ്പടിയില്‍ സിറ്റി ഇക്കൊല്ലത്തെ ഫിഫ ക്ലബ്ബ് ലോകകപ്പും സ്വന്തമാക്കി. ഫൈനലില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്തത് ബ്രസീല്‍ ക്ലബ്ബ് ഫ്ളുമിനെന്‍സിനെ. സിറ്റിയുടെ ചരിത്രത്തിലെ ആദ്യ ക്ലബ്ബ് ലോക കിരീടമാണ്. ഇതിനൊപ്പം ഈ കലണ്ടര്‍ വര്‍ഷത്തില്‍ ഇംഗ്ലീഷ് ടീം നേടുന്ന അഞ്ചാമത്തെ ടൈറ്റില്‍ നേട്ടവും.
സൗദി അറേബ്യയില്‍ ഇന്നലെ പുലര്‍ച്ചെ നടന്ന ഫൈനലില്‍ പെപ്പ് ഗ്വാര്‍ഡിയോളയുടെ പട ആദ്യ മിനിറ്റില്‍ തന്നെ ആധിപത്യം പുലര്‍ത്തി തുടങ്ങി. കളിക്ക് 40 സെക്കന്‍ഡായപ്പോള്‍ അര്‍ജന്റീനയുടെ ഹൂലിയന്‍ അല്‍വാരസ് ഗോള്‍ നേടി. പ്രതിരോധ താരം നഥാന്‍ അക്കെയുടെ ലോങ് റേഞ്ചര്‍ പോസ്റ്റില്‍ തട്ടി തെറിച്ചപ്പോള്‍ ഗോള്‍പോസ്റ്റിന് ക്ലോസ് റേഞ്ചില്‍ ഓടിയെത്തിയ അല്‍വാരസിന്റെ നെഞ്ചിലേക്ക് പന്തെത്തി. അതിമനോഹരമായ ഗോളില്‍ സിറ്റി ഒരു മിനിറ്റ് തികയും മുമ്പേ മുന്നിലെത്തി.
27-ാം മിനിറ്റില്‍ ഫിള്ഫോഡന് നല്കിയ ക്രോസിനെ തടുത്ത ഫ്ളുമിനെന്‍സ് പ്രതരോധതാരം നിനോയ്ക്ക് പിഴച്ചു. പന്ത് സ്വന്തം വലയിലേക്ക് തിരിഞ്ഞുകയറി.
2-0ല്‍ സിറ്റി ആദ്യ പകുതി ലീഡ് ചെയ്തു. രണ്ടാം പകുതിയില്‍ ഫിള്ഫോഡന് ഗോള്‍ നേടി. അല്‍വാരസിന്റെ അസിസ്റ്റിലായിരുന്നു ഈ ഗോള്‍. 72-ാം മിനിറ്റില്‍ സിറ്റി ലീഡ് എതിരില്ലാത്ത മൂന്ന് ഗോളായി ഉയര്‍ന്നു. കളി തീരുന്നതിന് മുമ്പായി ഹൂലിയന്‍ അല്‍വാരസിന്റെ ഇരട്ടഗോള്‍.
ഇക്കൊല്ലം റിക്കാര്‍ഡുകള്‍ നിരവധി വാരിക്കൂട്ടിയ പെപ്പ് ഗ്വാര്‍ഡിയോളയ്ക്കും സംഘത്തിനും ഇന്നലെ മറ്റൊരു ചരിത്രനേട്ടം കൂടി ചാര്‍ത്തിക്കിട്ടി. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ അഞ്ച് കിരീടങ്ങള്‍ നേടുന്ന ഏക പ്രീമിയര്‍ ലീഗ് ടീം. പ്രീമിയര്‍ ലീഗ്, എഫ് എ കപ്പ്, ചാമ്പ്യന്‍സ് ലീഗ് കിരീടത്തിന് പിന്നാലെ ആഗസ്തില്‍ യുവേഫ സൂപ്പര്‍ കപ്പ് സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ ക്ലബ്ബ് ലോകകപ്പും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: