പാലക്കാട്: സംസ്ഥാനത്ത് വിഭാഗീയതയും അതുവഴി ശക്തമായ ചേരിതിരിവും സൃഷ്ടിക്കുവാനുള്ള ആസൂത്രിതമായ നീക്കമാണ് നടക്കുന്നതെന്ന് എന്‍എസ്എസ് ജന. സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ അഭിപ്രായപ്പെട്ടു. പാലക്കാട് താലൂക്ക് എന്‍എസ്എസ് യൂണിയന് ഓഫീസ് മന്ദിരത്തില്‍ സ്ഥാപിച്ച മന്നത്ത് പത്മനാഭന്റെ വെങ്കലപ്രതിമ അനാച്ഛാദന ചടങ്ങിന് ശേഷം കോട്ടമൈതാനത്തെ വേദിയില്‍ നടന്ന നായര്മഹാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വൈരാഗ്യചിന്ത വളര്‍ത്തിയെടുത്ത് വോട്ടുബാങ്ക് സൃഷ്ടിക്കുവാനാണ് ചിലരുടെ ശ്രമം. സാമ്പത്തിക സംവരണം എന്ന ആശയം എന്‍എസ്എസ് മുന്നോട്ടുവെച്ചത് സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന 164 മുന്നാക്ക ജാതികള്ക്കുവേണ്ടിയാണ്. ന്യൂനപക്ഷത്തിന്റെയും മറ്റുപലര്‍ക്ക് ജാതിയുടെയും പേരില്‍ സംവരണം നല്കുമ്പോള് ഈ വിഭാഗത്തെ മുന്നാക്കമെന്ന് പറഞ്ഞ് ഒറ്റപ്പെടുത്തുകയാണ്. സര്‍ക്കാര്‍ സമുദായവും ജാതിയും നോക്കിയാണ് ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതെന്നത് പരിതാപകരമാണ്. ശബരിമല പ്രക്ഷോഭത്തില്‍ നാമജപം എന്ന സമരമാണ് മുന്നോട്ടുവെച്ചത്. അന്ന് ശബരിമലയില്‍ സ്ത്രീകളെ കയറ്റാന്‍ ശ്രമിച്ചവര്‍ ഇന്നെവിടെയാണ്.
ഹിന്ദുക്കള്‍ക്കുമേല്‍ കുതിര കയറാനാണ് എല്ലാവര്ക്കും താത്പര്യം. ഗണപതി ഭഗവാന് മിത്താണെന്ന് മറ്റൊരു മതസ്ഥനായ മന്ത്രി ആക്ഷേപിച്ചു. ഇതിനെതിരെ എന്‍എസ്എസ് സമരവുമായി രംഗത്തിറങ്ങിയപ്പോള്‍ അദ്ദേഹം തിരുത്താന്‍ തയാറായി എന്നത് സ്വാഗതാര്‍ഹമാണ്. ഇതിനെതിരെ സമരം നടത്തിയതിന് എന്‍എസ്എസിന്റെ പേരില്‍ കേസെടുത്തത് പിന്നീട് പിന്‍വലിക്കുകയും ചെയ്തു.
ജാതി സെന്‍സസ് അനുവദിക്കില്ലെന്ന് പറയുവാനുള്ള തന്റേടം കാണിച്ചതും എന്‍എസ്എസാണ്. പിന്നാക്ക വിഭാഗത്തിന്റെ വോട്ടുനേടാന്‍ മുന്നാക്ക വിഭാഗത്തെ ഭിന്നിപ്പിക്കുവാനാണ് ചിലരുടെ ശ്രമം. എന്നാലത് നടക്കില്ല. സമദൂര സിദ്ധാന്തമാണ് എന്‍എസ്എസിന്റെ നയം. സംഘടനയില്‍ എല്ലാ രാഷ്ട്രീയക്കാരും ഉണ്ടാകും. എന്നാല്‍ എന്‍എസ്എസിന് രാഷ്ട്രീയമില്ലെന്നും അദ്ദേഹം കൂട്ടച്ചേര്‍ത്തു.
എന്‍എസ്എസ് യൂണിയന് പ്രസിഡന്റ് അഡ്വ. കെ.കെ. മേനോന് അധ്യക്ഷത വഹിച്ചു. എന്‍എസ്എസ് കരയോഗം രജിസ്ട്രാര്‍ വി.വി. ശശിധരന് നായര്‍, യൂണിയന് പ്രസിഡന്റുമാരായ പി. നാരായണന്, ശശികുമാര്‍ കല്ലടിക്കോട്, കെ. സനല്‍കുമാര്‍, യൂണിയന് സെക്രട്ടറി എന്‍. കൃഷ്ണകുമാര്‍, വനിതാ യൂണിയന് പ്രസിഡന്റ് ജെ. ബേബി ശ്രീകല സംസാരിച്ചു. നവീകരിച്ച എന്‍എസ്എസ് യൂണിയന്റെ ഓഫീസ് മന്ദിരത്തില്‍ മന്നത്ത് പത്മനാഭന്റെ വെങ്കലപ്രതിമ സുകുമാരന്‍ നായര്‍ അനാച്ഛാദനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: