മലയാള നോവല്‍-ചെറുകഥാ സാഹിത്യത്തില്നിറഞ്ഞുനിന്ന പി. വത്സലയ്ക്ക് പകരക്കാരില്ല. അറുപതുകള്‍ക്ക് ശേഷം ഒ.വി.വിജയനും ആനന്ദും എം. മുകുന്ദനും സേതുവും കാക്കനാടനും പുനത്തിലും രംഗം കയ്യടക്കിയ ആധുനികതയുടെ കാലത്ത് വത്സല സാമൂഹ്യ പ്രതിബദ്ധതയുടെ വക്താവായി നിലവാരമുള്ള രചനകള്‍ക്ക് രൂപംനല്കി. കമ്യൂണിസ്റ്റുകള്‍ മുന്നോട്ട് വച്ച മുദ്രാവാക്യ സമാനമായ സാഹിത്യം പി. വത്സല തള്ളിക്കളഞ്ഞു. അസ്തിത്വദുഃഖവും അന്യതാബോധവും തളംകെട്ടി നില്ക്കുന്ന സാര്‍ത്രിയന്‍ രീതിയും പിന്തുടര്ന്നില്ല.
കേശവദേവും ചെറുകാടും എസ്കെയും മറ്റും എഴുതിയ കഥകളില്‍ പലതും സാമൂഹ്യാംശത്തിന് പ്രാധാന്യം നല്കി. പക്ഷേ കലയുടെ സൗന്ദര്യം ഇല്ലാതെപോയി. എംടിയും, ടി. പത്മനാഭനും മാധവിക്കുട്ടിയും പി.വത്സലയും കഥകളെ സാമൂഹ്യ പരിവര്‍ത്തനത്തിന് വേണ്ടി മാത്രം ലക്ഷ്യമാക്കാതെ മനുഷ്യമനസ്സിന്റെ ആഴങ്ങളിലേക്ക് ഊര്‍ന്നിറങ്ങി അവിടെ ഉയര്‍ന്നുവരുന്ന ലോലഭാവങ്ങളാണ് പകര്‍ത്തിയത്. മലയാള നോവല്‍ സാഹിത്യത്തിലെ ഏറ്റവും മികച്ച നോവലുകളില്‍ നെല്ലും നിഴലുറങ്ങുന്ന വഴികളും കൂമന്കൊല്ലിയും വരാതിരിക്കില്ല.
എല്ലാം വീക്ഷിക്കുന്ന ഒരാളുടെ നിലപാടില്‍ ചുറ്റും നടമാടുന്ന അനീതിയെ ചൊല്ലിയുള്ള രോഷം ഈ എഴുത്തുകാരി കഥകളിലൂടെയും നോവലുകളിലൂടെയും പ്രകടിപ്പിച്ചു. കൊക്കിലൊതുങ്ങാത്ത കാര്യങ്ങളൊന്നും ഏറ്റെടുത്തില്ല. മിത്തുകളില്‍ സ്ഫുരിക്കുന്ന ‘നെല്ല്’ ഒരു പ്രദേശത്തിന്റെ സാംസ്കാരിക ഭൂമിക നമ്മുടെ മുന്നിലേക്ക് അവതരിപ്പിക്കുന്നു. ഇവിടെ ഒരു ജനതയുടെ ജീവിതം ഖസാക്കിന്റെ ഇതിഹാസം പോലെ എങ്ങനെ കെട്ടുകഥകളിലും ലെജെന്ഡുകളിലും തളിരിടുന്നു എന്നതിന്റെ മനോഹരമായ തൂലികാ ചിത്രങ്ങള്‍ കാണാന്‍ കഴിയും.
പിന്നാക്കാവസ്ഥയില്‍ കഴിയുന്ന പ്രദേശങ്ങളിലെ സാഹിത്യത്തില്‍ പൊതുവായി വേരോടി നില്ക്കുന്ന പ്രാചീനമായ ഒരു ഉത്കണ്ഠ പി. വത്സലയുടെ കൃതികളിലുണ്ട്. മണ്ണുമായി ബന്ധപ്പെട്ട് കിടക്കുന്ന അടിസ്ഥാന ചിന്തകളെല്ലാം കമ്യൂണിസവുമായി ബന്ധപ്പെട്ടതാണെന്ന ധാരണ പി. വത്സലയ്ക്ക് ഇല്ലായിരുന്നു. ജീവന്റെ ഉറവിടങ്ങളിലേക്ക് മാടിവിളിക്കുന്ന പ്രപഞ്ചത്തിന്റെ ആദിതാളം ത്രസിച്ച് നില്ക്കുന്ന ധന്യവും നിഷ്കളങ്കവുമായ ഒരു അനുഭവമായിട്ടാണ് ‘കൂമന്‍കൊല്ലി’ പോലുള്ള വത്സലയുടെ കലാസൃഷ്ടികള്‍ നിലയുറപ്പിച്ചത്. കരിമണ്ണില്‍നിന്ന് പറിച്ചെടുത്ത തുടുതുടുത്ത ഒരു അലങ്കാരം പി. വത്സലയുടെ കഥകളിലുണ്ട്. ആലില, ചെറുതോണി തുടങ്ങിയവ വര്ണഗന്ധങ്ങളെ ഉള്ളിലൊതുക്കുന്ന മികച്ച കഥകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: