തൃശൂര്‍: ആഡംബര വാഹനത്തില്‍ കറങ്ങിയടിച്ച് ധൂര്‍ത്തിന് പുതിയ മാനങ്ങള്‍ കണ്ടെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനും കൂട്ടരും നിര്‍മിക്കുന്നത് നവകേരളമല്ല മറിച്ച് ദാനവ കേരളമാണെന്ന് മഹിളാമോര്‍ച്ച. രാക്ഷസമനസുള്ളവര്ക്കു മാത്രമേ കൊച്ചുകുട്ടികളെ നിര്‍ബന്ധപൂര്‍വം പൊരിവെയിലത്തു നിര്‍ത്തി സ്തുതിപാടിക്കാന് കഴിയൂവെന്ന് സംസ്ഥാന അധ്യക്ഷ അഡ്വ. സി. നിവേദിത പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
തലശ്ശേരിയില്‍ സ്കൂള്‍ കുട്ടികളെ റോഡരികില്‍ നിര്‍ത്തി മുഖ്യമന്ത്രിക്ക് സ്തുതി പാടിച്ച സംഭവം ലജ്ജാകരവും അപലപനീയവുമാണ്. അല്പത്തം നിറഞ്ഞ ഈ നടപടിയെ ന്യായീകരിച്ചതിലൂടെ തന്റെ വികലമനസിനെയാണ് മുഖ്യമന്ത്രി സ്വയം വെളിപ്പെടുത്തുന്നത്. പഠന സമയത്ത് രക്ഷിതാക്കളുടെ അനുവാദമില്ലാതെ കുട്ടികളെ രാഷ്ട്രീയ പ്രചരണത്തിനുപയോഗിച്ചത് വിദ്യാഭ്യാസ ചട്ടങ്ങളുടെ ലംഘനം കൂടിയാണ്.
ഇതിനുത്തരവാദികളായ സ്കൂള്‍ അധികൃതര്‍ക്കെതിരെയും അധ്യാപകര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കണം. ഈ ആവശ്യമുന്നയിച്ച് കേന്ദ്ര – സംസ്ഥാന ബാലാവകാശ കമ്മിഷനും മനുഷ്യാവകാശ കമ്മിഷനും മഹിളാമോര്‍ച്ച സംസ്ഥാന കമ്മിറ്റി പരാതി നല്‍കിയിട്ടുണ്ട്. രക്ഷിതാക്കളെ അണിനിരത്തി പ്രത്യക്ഷ സമരവും നടത്തും.
കേരളത്തില്‍ സൈ്വര്യജീവിതം വെല്ലുവിളി നേരിടുകയാണ്. മയക്കുമരുന്നിനടിമപ്പെടുന്നവര്‍ വിദ്യാലയത്തില്‍ പോലും തോക്കേന്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നു. അസഹനീയമായ കടബാധ്യത മൂലം കര്‍ഷക ആത്മഹത്യ നിത്യസംഭവമാവുന്നു. ക്ഷേമ പെന്‍ഷനുകള്‍ ലഭിക്കാതെ ദുരിതജീവിതം നയിക്കേണ്ടി വരുന്നവര്‍ തെരുവില്‍ വിലപിക്കുന്നു.
വിലക്കയറ്റം നിമിത്തം വീട്ടമ്മമാര്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ നിരവധിയാണ്. ഇത്തരത്തില്‍ സര്‍വത്ര അരാജകത്വം നടമാടുമ്പോഴാണ് മന്ത്രിസഭയൊന്നാകെ കോടികള്‍ പാഴാക്കി ആഭാസയാത്ര നടത്തുന്നത്. ജനവിരുദ്ധമായ ഈ നാടകം അവസാനിപ്പിച്ച് ജനകീയ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് അഡ്വ. നിവേദിത ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: