ന്യൂദല്‍ഹി: ലോക മത്സ്യത്തൊഴിലാളി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഗ്ലോബല്‍ ഫിഷറീസ് കോണ്‍ഫറന്‍സ് ഇന്നും നാളെയുമായി അഹമ്മദാബാദിലെ ഗുജറാത്ത് സയന്‍സ് സിറ്റിയില്‍ നടക്കും. ഫിഷറീസ്, മൃഗസംരക്ഷണ-ക്ഷീര മന്ത്രാലയങ്ങള്‍ സംയുക്തമായാണ് കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നത്. കാലാവസ്ഥാ വ്യതിയാന പ്രതിസന്ധി ഉള്‍പ്പെടെയുള്ള നിര്‍ണായക വെല്ലുവിളികള്‍ക്കിടയില്‍ ഈ മേഖലയെ നിലനിര്‍ത്താനും പുരോഗതി കൈവരിക്കാനുമുള്ള ശ്രമങ്ങളെക്കുറിച്ച് സമ്മേളനം ചര്‍ച്ചചെയ്യും.
ആഗോള മത്സ്യഉത്പാദനത്തില്‍ എട്ട് ശതമാനമാണ് ഭാരതത്തിന്റെ വിഹിതം. ഏറ്റവും വലിയ മൂന്നാമത്തെ മത്സ്യ ഉത്പാദകരും രണ്ടാമത്തെ അക്വാകള്‍ച്ചര്‍ ഉത്പാദകരും ഏറ്റവും വലിയ ചെമ്മീന്‍ ഉത്പാദകരും, നാലാമത്തെ സമുദ്രോത്പന്ന കയറ്റുമതി രാഷ്ട്രവുമാണ് ഭാരതം. പ്രധാനമന്ത്രി മത്സ്യസംപദ യോജനയിലൂടെ 22 എംഎംടി മത്സ്യഉത്പാദനം എന്ന ലക്ഷ്യത്തിനൊപ്പം 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഒരു ലക്ഷം കോടി രൂപയുടെ കയറ്റുമതി പുരോഗതി കൈവരിക്കാനും ലക്ഷ്യമിടുന്നു.
മത്സ്യത്തൊഴിലാളികളുടെയും കര്‍ഷകരുടെയും സംഭാവനകളും നേട്ടങ്ങളും ആഘോഷിക്കുന്നതിനും മേഖലയുടെ സുസ്ഥിരവും തുല്യവികസനത്തിനുള്ള പ്രതിബദ്ധത ശക്തിപ്പെടുത്തുന്നതിനുമാണ് കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നതെന്ന് കേന്ദ്ര ഫിഷറീസ് വകുപ്പ് മന്ത്രി പര്‍ഷോത്തം രൂപാല പറഞ്ഞു. രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള പ്രതിനിധികള്‍, അക്കാദമിക് വിദഗ്ധര്‍, ലോകബാങ്ക്, എഫ്എഒ തുടങ്ങിയ അന്താരാഷ്ട്ര സംഘടനാ പ്രതിനിധികള്‍, വിവിധ വ്യവസായ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
കേന്ദ്രസര്‍ക്കാര്‍ മത്സ്യമേഖലയ്ക്ക് നല്കിയ മുന്തിയ പരിഗണന കൊണ്ട് ഉത്പാദനത്തിലും മത്സ്യകൃഷി മേഖലയിലും ഗണ്യമായ വളര്‍ച്ച കൈവരിച്ചതായി പര്‍ഷോത്തം രൂപാല പറഞ്ഞു. സാഗര്‍ പരിക്രമ, പിഎംഎംഎസ്വൈ, ഫിഷറീസ് ഇന്‍ഫ്രാസ്ട്രക്ചര്‍ തുടങ്ങിയ വികസനങ്ങളും സംരംഭങ്ങളും സമ്മേളനത്തില്‍ പ്രദര്‍ശിപ്പിക്കുമെന്ന് സഹമന്ത്രി എല്‍. മുരുകനും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: