വടക്കാഞ്ചേരി: കാട്ടുമൃഗങ്ങളുടെയും ഇഴജന്തുക്കളുടെയും താവളമായി ലൈഫ് മിഷന് ഫ്ലാറ്റുകള്‍. നിര്‍ധന കുടുംബങ്ങള്‍ക്ക് തല ചായ്ക്കാന്‍ തണലാകേണ്ട ബഹുനില കെട്ടിടങ്ങളില്‍ കുറുനരികള്‍ക്കും കാട്ടുപന്നികള്ക്കുമെല്ലാം സുഖവാസം.
കോടികള്‍ മുടക്കി പാതിവഴിയില്‍ നിര്‍മ്മാണം മുടങ്ങിയ ചരല്‍പ്പറമ്പിലെ ഫ്ലാറ്റ് കെട്ടിടങ്ങള്‍ കുറുനരികളുടെയും കാട്ടുപന്നികളുടെയുമെല്ലാം വിഹാര കേന്ദ്രമാണ്. വനസമാനമായ പ്രദേശത്ത് ഇഴജന്തുക്കള്‍ക്കും മറ്റും മാത്രമായി കുറേ കെട്ടിടങ്ങള്‍ നിലകൊള്ളുകയാണ്. കുറുക്കന്മാരും, കാട്ടുപന്നികളുമൊക്കെ കൂട്ടത്തോടെയാണ് ഇവിടെ എത്തുന്നത്. രാത്രികാലങ്ങളിലും മറ്റും കുറുക്കന്മാര് കൂട്ടത്തോടെ ഓരിയിടുന്ന ശബ്ദവും പതിവാണെന്ന് ജനങ്ങള്‍ പറയുന്നു. ഭാവിയില്‍ ഇവിടെ താമസിക്കുന്നവര്‍ക്കായി ഫ്ലാറ്റ് കെട്ടിടങ്ങള്‍ക്ക് സമീപം പണി തീര്‍ത്ത ആശുപത്രി കെട്ടിടം പുറത്തു നിന്നു നോക്കിയാല്‍ കാണാനാകാത്ത വിധം കാട്ടുപൊന്തകള്‍ മൂടിക്കഴിഞ്ഞു. അതിനുള്ളില്‍ വിഷജന്തുക്കള്‍ നിറഞ്ഞു കഴിഞ്ഞു എന്നാണ് നാട്ടുകാര്‍ പറയുന്നത്.
ബഹുനിലക്കെട്ടിടങ്ങള്‍ അനുദിനം അതീവ ശോചനീയാവസ്ഥയിലേക്ക് നീങ്ങുകയാണ്. ഫ്ലാറ്റിലേക്കിറങ്ങാനുള്ള വഴികളും കാട് മൂടികഴിഞ്ഞു. പകല്‍ സമയങ്ങളില്‍ സാമൂഹ്യ വിരുദ്ധരുടെ ശല്യവും ഏറെയാണെന്നും പരാതിയുയരുന്നു. വിജനമായ പ്രദേശം മദ്യപന്മാരുടെയും മയക്ക് മരുന്നു മാഫിയകളുടെയും വിഹാരകേന്ദ്രവുമാകുന്നതായി ജനകീയ പരാതി ഉയര്‍ന്നു കഴിഞ്ഞു. നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് ആശ്രയമാകേണ്ട ഫ്ലാറ്റ് കെട്ടിടങ്ങള്‍ വീണ്ടെടുത്തു നിര്‍മ്മാണം പൂര്‍ത്തിയാക്കി നാടിനു സമര് പ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ പ്രതിഷേധവും ഉയരുകയാണ്. എംഎല്‍എ, മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രശ്ന പരിഹാരത്തിനായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: