ആലപ്പുഴ: കാട്ടൂരില്‍ ശ്രീനാരായണ ഗുരുമന്ദിരത്തിന് നേരെ ആക്രമണം. കാട്ടൂര്‍ കോര്‍ത്തുശ്ശേരി 506-ാം നമ്പര്‍ ശാഖയുടെ ഗുരുമന്ദിരത്തിന് നേരെയാണ് ആക്രമണം നടന്നത്. ഗുരുമന്ദിരത്തിന്റെ ഗേറ്റും കാണിക്കവഞ്ചിയും തകര്‍ത്ത നിലയില്‍. കൊടിമരവും തകര്‍ത്തു. ബോര്‍ഡുകള്‍ നശിപ്പിച്ചു. സമീപത്തെ 6212-ാം നമ്പര്‍ ശാഖായോഗത്തിന്റെ കൊടിമരവും നശിപ്പിച്ച നിലയിലാണ്. മണ്ണഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ചൊവ്വാഴ്ച രാത്രിയാണ് അക്രമം നടന്നതെന്ന് കരുതുന്നു. ഇന്നലെ രാവിലെ അഞ്ചിന് സമീപവാസിയായ സ്ത്രീയാണ് ഗുരുമന്ദിരത്തിന് നേരെയുള്ള അക്രമം ശ്രദ്ധയില്‍പ്പെട്ട് എസ്എന്‍ഡിപി ഭാരവാഹികളെ വിവരം അറിയിച്ചത്. ഗുരുമന്ദിരത്തിന്റെ ഗേറ്റ് ഇളക്കിമാറ്റി സമീപത്ത് ഉപേക്ഷിച്ച നിലയിലാണ്. കാണിക്കവഞ്ചിയും ഉറപ്പിച്ചിരുന്ന സ്ഥാനത്ത് നിന്ന് മാറ്റിയിട്ടു. എന്നാല്‍ കാണിക്കവഞ്ചി കുത്തിപ്പൊളിച്ചിട്ടില്ല. കലശ കുടങ്ങളും മറ്റും തകര്‍ത്ത നിലയിലാണ്.
സാമുഹ്യവിരുദ്ധരാകാം അക്രമത്തിന് പിന്നിലെന്ന് എസ്എന്‍ഡിപി 506-ാം നമ്പര്‍ ശാഖ സെക്രട്ടറി വിനയകുമാര്‍ പറഞ്ഞു. പ്രദേശത്ത് ലഹരി സംഘങ്ങളുടെ അതിക്രമങ്ങള്‍ പതിവാണ്. അക്രമത്തില്‍ പ്രതിഷേധിച്ച് ഇന്നലെ വൈകിട്ട് എസ്എന്‍ഡിപിയുടെ നേതൃത്വത്തില്‍ പ്രകടനവും സമ്മേളനവും നടന്നു.
അമ്പലപ്പുഴ യൂണിയന് പ്രതിഷേധിച്ചു
ആലപ്പുഴ: കാട്ടൂര്‍ 506-ാം നമ്പര്‍ എസ്എന്‍ഡിപി ശാഖയിലെ ഗുരുമന്ദിരത്തിന് നേരെ ആക്രമണം നടത്തുകയും, ഗേറ്റ് തകര്‍ത്തുകയും, കാണിക്കവഞ്ചി, കൊടി എന്നിവ നശിപ്പിച്ചതിലും, സര്‍വ്വോദയപുരം 6212 എസ്എന്‍ഡിപി ശാഖയിലെ കൊടിമരം നശിപ്പിച്ചതിലും എസ്എന്‍ഡിപി അമ്പലപ്പുഴ യൂണിയന് ശക്തമായി പ്രതിഷേധിച്ചു.
കഴിഞ്ഞ ദിവസം ഇരുളിന്റെ മറവില്‍ അക്രമം നടത്തിയ സാമൂഹ്യ വിരുദ്ധരെ കണ്ടെത്തി കര്‍ശന ശിക്ഷാനടപടികള്‍ സ്വീകരിക്കണമെന്ന് അമ്പലപ്പുഴ യൂണിയന് പോലീസ് അധികാരികളോട് ആവശ്യപ്പെട്ടു. ഇതുപോലുള്ള കുത്സിത ശ്രമങ്ങള്‍ തുടര്‍ന്നും ഉണ്ടാകാതിരിക്കാന്‍ പ്രദേശത്തും കൂടുതല്‍ ജാഗ്രതയും രാത്രികാല പട്രോളിങ്ങും ഉണ്ടാകണമെന്ന് യൂണിയന് സെക്രട്ടറി കെ. എന്‍. പ്രേമാനന്ദന് ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു.
അക്രമസംഭവങ്ങളില്‍ അമ്പലപ്പുഴ എസ്എന്‍ഡിപി യൂണിയന് യൂത്ത്മൂവ്മെന്റ് യൂണിയന് കമ്മിറ്റി പ്രതിഷേധിച്ചു. യൂണിയന് യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് എം. രാകേഷ്, വൈസ് പ്രസിഡന്റ് മനോജ്. കെ.എം, സെക്രട്ടറി വിഷ്ണു സുരേന്ദ്രന്, ജോയിന്റ് സെക്രട്ടറി സജോ സദാശിവന് എന്നിവ സംസാരിച്ചു
ഗുരുമന്ദിരത്തിന്റെ കാണിക്കവഞ്ചി ഇളക്കി മാറ്റിയിട്ട നിലയില്‍, കൊടിമരം പിഴുതിട്ടിരിക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: