ഓഹരി ഉപദേശം നല്കി കോടികളുടെ തട്ടിപ്പ്; ബാപ് ഓഫ് ചാര്‍ട്ട് യൂട്യുബ് ചാനലിന്റെ അന്‍സാരിക്ക് 17 കോടി പിഴ ചുമത്തി സെബി
മുംബൈ:നിയമാനുമതി ഇല്ലാതെ ഓഹരി ഉപദേശം നല്കിയ ബാപ് ഓഫ് ചാര്‍ട്ട് ഉടമ മുഹമ്മദ് നസിറുദ്ദീന്‍ അന്‍സാരിക്ക് 17 കോടിയുടെ പിഴ ചുമത്തി ഓഹരി വിപണിയെ നിയന്ത്രിക്കുന്ന കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സെബി.(സെക്യൂരിറ്റീസ് എക്സ് ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ).
ഇദ്ദേഹത്തെ ഓഹരി വിപണന രംഗത്ത് നിന്നും വിലക്കിയിട്ടുമുണ്ട്.
ഓഹരിവിപണിയില്‍ ലാഭം കൊയ്യാന്‍ മികച്ച ഓഹരികള്‍ നിര്‍ദേശിക്കുന്ന വ്യക്തിയായാണ് അന്‍സാരി അവകാശപ്പെട്ടിരുന്നത്. യുട്യൂബിലൂടെയാണ് ഉപദേശം. ഏകദേശം 4.4 ലക്ഷം പേര് ഇദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ക്ക് കാതോര്‍ക്കുമായിരുന്നു. സമൂഹമാധ്യമങ്ങളിലും അക്കൗണ്ടുകളുണ്ടായിരുന്നു. ഒട്ടേറെ പേര് ഇദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ പിന്തുടരുന്നുണ്ടായിരുന്നു. പണം വാങ്ങി ഓഹരി വിപണിയില്‍ നിന്നും പണമുണ്ടാക്കാനുള്ള ക്ലാസുകളും നല്‍കിയിരുന്നു. തന്റെ ചില ഓഹരി വിപണന തന്ത്രങ്ങള്‍ ഉപയോഗിക്കുക വഴി എളുപ്പത്തില്‍ ലാഭം കൊയ്യാം എന്നതായിരുന്നു അന്‍സാരിയുടെ ഉപദേശം.
ഓഹരി വിപണിയില്‍ നഷ്ടക്കച്ചവടം
അതേ സമയം അന്‍സാരിയുടെ ഇടപാടുകള്‍ പലപ്പോഴും നഷ്ടത്തില്‍ കലാശിച്ചിരുന്നതായി സെബി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 2021 ജനവരി മുതല്‍ 2023 ജൂലായ് വരെയുള്ള ഓഹരി വ്യാപാരത്തില്‍ ഏകദേശം 3 കോടി രൂപയുടെ നഷ്ടമാണ് അന്‍സാരി ഉണ്ടാക്കിയത്. 200 മുതല്‍ 300 ശതമാനം വരെ ലാഭം നേടുമെന്ന് പ്രവചിച്ചിരുന്ന ഓഹരികളില്‍ പണം മുടക്കി 2.89 കോടിയുടെ നഷ്ടമാണ് ഉണ്ടായത്.
എന്നാല്‍ യാതൊരു നിയമപരമായ അനുമതിയും ഇല്ലാതെയായിരുന്നു ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍. ധനകാര്യരംഗത്തെ സ്വാധീനിക്കുന്ന വ്യക്തി എന്ന നിലയില്‍ ഫിനാന്‍ഷ്യന്‍ ഇന്‍ഫ്ലുവന്‍സര്‍ ആയാണ് അന്‍സാരി അറിയപ്പെട്ടിരുന്നത്. ഫിന്‍ഫ്ലുവന്‍സര്‍ എന്നാണ് ചുരുക്കി വിളിക്കുന്നത്. അന്‍സാരി മാത്രമല്ല ഇദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചിരുന്ന മറ്റ് ഏഴ് പേരെയും സെബി വിലക്കിയിട്ടുണ്ട്.
ഒരു മാസം ഒരു ലക്ഷം മുതല്‍ ആറ് ലക്ഷം വരെ ലാഭം കൊയ്യാമെന്നായിരുന്നു ഇദ്ദേഹത്തിന്റെ വാഗ്ദാനം.
ബാപ് ഓഫ് ചാര്‍ട്ട് (ബിഒസി) (ചാര്‍ട്ടുകളുടെ പിതാവ് എന്ന് അര്‍ത്ഥം വരുന്ന ഹിന്ദി പേര്) എന്ന യൂട്യൂബ് ചാനല്‍ വഴിയായിരുന്നു ഇദ്ദേഹം ഉപദേശം നല്‍കിയിരുന്നത്. ഓഹരി ചാര്‍ട്ടുകള്‍ വിശകലനം ചെയ്ത് ഏത് കമ്പനിയുടെ ഓഹരികള്‍ വാങ്ങണം, എത്ര ലാഭം ലഭിയ്ക്കും എന്നീ ഉപദേശങ്ങളാണ് അന്‍സാരിയും കൂട്ടരും നല്‍കിയിരുന്നത്. ഉപയോക്താക്കളില്‍ നിന്നും പണം വാങ്ങിയായിരുന്നു ഉപദേശം നല്‍കിയിരുന്നത്.
ഏകദേശം13.78 കോടിയോളം രൂപ ഇദ്ദേഹം വര്‍ക്ക് ഷോപ്പുകളും കോഴ്സുകളും വഴി ബഞ്ച് മൈക്രോടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിലൂടെ നേടിയിരുന്നു. മറ്റൊരു 3.42 കോടി രൂപ രണ്ട് യുപിഐ ഇടപാടുകള്‍ വഴി വാങ്ങിയിരുന്നു. ബാപ് ഓഫ് ചാര്‍ട്ടിന്റെ കൊടക് മഹീന്ദ്ര ബാങ്ക് അക്കൗണ്ട് വഴിയായിരുന്നു ഈ ഇടപാടുകള്‍. . അന്‍സാരി ഉപയോക്താക്കളില്‍ നിന്നും വാങ്ങിയ തുകയാണ് ഇപ്പോള്‍ സെബി തിരിച്ചുപിടിക്കുന്നത്.
മറ്റൊരു കമ്പനിയായ ഗോള്‍ഡന്‍ സിന്‍ഡിക്കേറ്റ് വെഞ്ചേഴ്സില്‍ ഡയറക്ടര്‍മാരായിരുന്ന ആസിഫ് ഇഖ്ബാല്‍ വാനി, തബ് റെയ്സ് അബ്ദുള്ള, മന്‍ഷ അബ്ദുള്ള എന്നിവര്‍ക്കെതിരെയും സെബി നടപടി എടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: