കരുനാഗപ്പള്ളി: വിജയദശമി പഥസഞ്ചലനം കഴിഞ്ഞ് വീട്ടിലേക്ക് പോയ ആര്‍എസ്എസ് പ്രവര്‍ത്തകരെ ആക്രമിച്ച എസ്ഡിപിഐക്കാരെ പോലീസ് അറസ്റ്റു ചെയ്തു.
കരുനാഗപ്പള്ളി തഴവ കടത്തൂര്‍ വലിയതൊടിയില്‍ നൗഫല്‍ (26), കുലശേഖരപുരം സിയാ മന്‍സിലില്‍ യാസിം (24), തഴവ കടത്തൂര്‍ പോച്ചേ തെക്കതില്‍ അജ്മല്‍ (23) എന്നിവരാണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. പഥസഞ്ചലനം കഴിഞ്ഞ് ഞായറാഴ്ച വൈകിട്ട് പുതിയകാവില്‍ ബസില്‍ വന്നിറങ്ങിയ ആദിനാട് പുന്നംകുളം സ്വദേശി അക്ഷയ്കുമാര്‍, മാധുന്‍ ലാല്‍, കിരണ്‍ എന്നിവരെയാണ് പ്രതികള്‍ അക്രമിച്ചത്. ഇതില്‍ അക്ഷയ് കുമാറിന്റെ കൈയ്‌ക്ക് ഒടിവുണ്ട്.
സാഹചര്യതെളിവുകളുടേയും സാക്ഷി മൊഴികളുടേയും അടിസ്ഥാനത്തില്‍ പ്രതികളെ തിരിച്ചറിയുകയായിരുന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് പിടിയിലായ നൗഫലും, അജ്മലും. കേസുകളില്‍ ഉള്‍പ്പെട്ട ശേഷം ഗോവ, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഒളിവില്‍ കഴിഞ്ഞിട്ടുണ്ട്. പ്രതികള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് രക്ഷപ്പെടാനുള്ള സാഹചര്യം മുന്നില്‍ക്കണ്ട് വിവിധ റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും പോലീസ് സംഘത്തെ വിന്യസിച്ചിരുന്നു.
പ്രതികള്‍ മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്തിരുന്നെങ്കിലും കരുനാഗപ്പള്ളി പോലീസ് സംഘം നടത്തിയ തന്ത്രപരമായ നീക്കത്തിലൂടെ പ്രതികളുടെ ഒളിത്താവളം കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കായംകുളത്ത് നിന്നുമാണ് ഇവര്‍ പിടിയിലായത്.
ക്രമസമാധാനപ്രശ്‌നങ്ങളിലേക്ക് വഴുതി വീഴാമായിരുന്ന സംഭവത്തില്‍ ജാഗ്രതയോടെയാണ് പോലീസ് ഇടപെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മറ്റ് ഗൂഢാലോചന ഉണ്ടായിട്ടുണ്ടോ എന്ന് പോലീസ് പരിശോധിച്ച് വരികയാണ്.
കരുനാഗപ്പള്ളി എസിപി പ്രദീപ്കുമാറിന്റെ നേതൃത്വത്തില്‍ കരുനാഗപ്പള്ളി പോലീസ് ഇന്‍സ്‌പെക്ടര്‍ ബിജു വി, എസ്‌ഐമാരായ ഷമീര്‍, ഷാജിമോന്‍, എഎസ്‌ഐ ജോയ്, എസ്‌സിപി. രാജീവ്, ഹാഷിം എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: