ധര്‍മ്മശാല: 13-ാം ലോകകപ്പില്‍ ഇന്ന് നടക്കുന്ന പോരാട്ടത്തില്‍ പോയിന്റ് നിലയില്‍ മുന്നിലുള്ള ന്യൂസിലന്‍ഡും രണ്ടാം സ്ഥാനത്തെത്തിയ ഭാരതവും തമ്മില്‍ ഏറ്റുമുട്ടും. ഇരുടീമുകളും ഇതുവരെ നാല് വീതം ജയത്തോടെ തുല്യതയിലാണ്. റണ്‍നിരക്കില്‍ ഭാരതത്തെ കടന്ന് ന്യൂസിലന്‍ഡ് മുന്നില്‍ കയറി. ധര്‍മ്മശാലയിലെ എച്ച് പി സി എ സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് രണ്ട് മുതലാണ് മത്സരം.
ധര്‍മ്മശാലയില്‍ ഇറങ്ങുന്ന ഭാരത്തിന് ഇന്ന് വലിയൊരു കണക്ക് തീര്‍ക്കാനുണ്ട്. നാല് വര്‍ഷം മുമ്പ് മാഞ്ചസ്റ്ററില്‍ 12-ാം ലോകകപ്പിന്റെ ആദ്യസെമിയില്‍ 18 റണ്‍സിന് പരാജയപ്പെട്ട് പുറത്താകുന്ന രംഗം ഏതൊരു ഭാരത ക്രിക്കറ്റ് ആരാധകനും താങ്ങാവുന്നതിലും അധികമായിരുന്നു. അന്ന് ഭാരതത്തെ നയിച്ച വിരാട് കോഹ്ലിയും രോഹിത് ശര്‍മ്മയും എല്ലാം കണ്ണീര് പൊഴിച്ചു നിന്ന രംഗം ഇന്നും കണ്ണില്‍ നിന്നും മായുന്നില്ല. അന്നത്തെ ആ തോല്‍വിയുടെ ആഘാതത്തിന് പിന്നാലെയാണ് മെല്ലെ കോഹ്ലി നായക പദവിയില്‍ നിന്നും സ്വയം ഒഴിഞ്ഞുമാറിയത്. പിന്നീട് എല്ലാ ഫോര്‍മാറ്റിലും രോഹിത് ആയി നായകന്.
ഇത്തവണത്തെ അതേ ഫോര്‍മാറ്റിലുള്ള 2019 ലോകകപ്പില്‍ പ്രാഥമിക റൗണ്ടില്‍ ഒന്നാം സ്ഥാനക്കാരായിരുന്നു ഭാരതം. സെമിയില്‍ നാലാം സ്ഥാനക്കാരായ ന്യൂസിലന്‍ഡിനോട്. അന്ന് ടീമിലുണ്ടായിരുന്നവരില്‍ പ്രധാനപ്പെട്ടൊരാള്‍ ഇന്നില്ല. ഭാരത ക്രിക്കറ്റിലെ ഇതിഹാസ നായകന് മഹേന്ദ്ര സിങ് ധോണി. രണ്ടാം തവണ ഭാരതത്തിന് ലോക കിരീടം നേടിതന്ന നായകന്റെ കരിയറിലെ അവസാന രാജ്യാന്തര മത്സരം കൂടിയായിരുന്നു ന്യൂസിലന്‍ഡിനെതിരായ ആ സെമി. ന്യൂസിലന്‍ഡ് മുന്നില്‍ വച്ച 240 റണ്‍സ് പിന്തുടരവെ ഭാരതത്തിന്റെ മൂന്നിരയും മദ്ധ്യനിരയും തകര്‍ന്നുവീണു. പിടിവള്ളിയായത് ധോണിയും രവീന്ദ്ര ജഡേജയും നടത്തിയ ചെറുത്തുനില്‍പ്പായിരുന്നു. ജഡേജ പുറത്തായ ശേഷം വാലറ്റക്കാരെ കൂട്ടുപിടിച്ച് ധോണി നടത്തിയ അവസാന വട്ട ശ്രമത്തില്‍ ഭാരത ആരാധകര്‍ക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നു. പക്ഷെ 48.3-ാം ഓവറില്‍ റണ്ണൗട്ടിലൂടെ ധോണി പുറത്തായി. ആ സമയം ഭാരതം വിജയലക്ഷ്യത്തിന് 22 പിന്നില്‍ നില്‍ക്കുകയായിരുന്നു.
അതുവരെയുണ്ടായിരുന്ന ഭാരതത്തിന്റെ സര്‍വ്വ പ്രതീക്ഷയും അസ്തമിച്ച നിമിഷമായിരുന്നു അത്. അതിനേക്കാളുപരി. ഓരോ ടീമംഗത്തിനും അവരുടെ പ്രിയപ്പെട്ട മുന്നായകന് നല്ലൊരു വിടവാങ്ങല്‍ ലോകകപ്പ് പോലും നല്‍കാനാകാത്തതിന്റെ വേദനയും കൂടെയുണ്ടായിരുന്നു.
അതില്‍ പിന്നെ ഭാരതവും ന്യൂസിലന്‍ഡും ലോകകപ്പില്‍ കൊമ്പുകോര്ക്കാനൊരുങ്ങുകയാണിന്ന്. ഇതിനിടെ ഭാരതം 2019-20 കാലത്ത് ന്യൂസിലന്‍ഡ് പര്യടനത്തിനെത്തി മൂന്ന് മത്സര ഏകദിന പരമ്പരയില്‍ 3-0ന് തോറ്റു. പിന്നെ കഴിഞ്ഞ വര്‍ഷം നവംബറില്‍ ഭാരത ടീം വീണ്ടും അവിടേക്ക് പോയി മൂന്ന് മത്സരങ്ങളില്‍ ഒരെണ്ണം മാത്രമേ നടന്നുള്ളൂ. അതില്‍ ഭാരതം വമ്പന്‍ തോല്‍വി ഏറ്റുവാങ്ങി. എന്നാല്‍ ഇക്കഴിഞ്ഞ ജനുവരിയില്‍ ഭാരതത്തിലേക്കെത്തിയ ന്യൂസിലന്‍ഡിനെ നിലം തൊടീച്ചില്ല. മൂന്ന് കളികളികളിലും വമ്പന്‍ ജയത്തോടെ ഭാരതം തിരിച്ചടിച്ചു. ഈ ലോകകപ്പ് ടീമിലെ പല താരങ്ങളും അന്ന് ഭാരതത്തിനൊപ്പം ഉണ്ടായിരുന്നു. പരമ്പരയിലെ ആദ്യ മത്സരത്തില്‍ ശുഭ്മാന്‍ ഗില്‍ ഇരട്ട സെഞ്ചുറി നേടുകയും ചെയ്തു.
എന്നാലും ലോകകപ്പിലെ കടം അതേ പടി നിലനില്‍ക്കുകയാണ്. അതിന് പരിഹാരം കാണാന്‍ ഭാരത സംഘത്തിനാകുമോ, കണ്ടറിയാം. അതിനപ്പുറം ഇതുവരെയുള്ള പ്രകടനത്ത പരസ്പരം രണ്ട് ടീമുകള്‍ക്കും പരീക്ഷിക്കാനുള്ള അവസരം കൂടിയാണ് ഇന്നത്തെ കളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: