തിരുവനന്തപുരം: കിലയിലെ പിന്‍വാതില്‍ നിയമനങ്ങളെയും അവ സാധൂകരിക്കാന്‍ നടത്തിയ കത്തിടപാടുകളെയും ന്യായീകരിച്ച് വീണ്ടും തൊഴില്‍ മന്ത്രി വി. ശിവന്‍കുട്ടി. ധനവകുപ്പിന്റെ എതിര്‍പ്പ് സാധാരണമാണെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ന്യായീകരിച്ചു. കിലെ ചെയര്‍മാന്റെ വിശദീകരണക്കുറിപ്പ് അതുപോലെ വായിക്കുകയായിരുന്നു മന്ത്രി.
ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ചും നുണകള്‍ ആവര്‍ത്തിച്ചും കിലെ എന്ന സര്‍ക്കാര്‍ സ്ഥാപനത്തെയും തന്നെയും അധിക്ഷേപിക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന്് മന്ത്രി ആവശ്യപ്പെട്ടു. സപ്തംബര്‍ 20ന് ലേബര്‍ സെക്രട്ടറി ഇറക്കിയ ഉത്തരവ് കിലെയിലെ സ്ഥിരനിയമനത്തെ സംബന്ധിച്ചിട്ടുള്ളതല്ല.
താന്‍ ഇടപെട്ട് ഇഷ്ടക്കാരായ 11 പേരെ കിലെയില്‍ സ്ഥിരമായി നിയമിച്ചു എന്ന വാര്‍ത്ത കള്ളമാണ്. പലപ്പോഴായി കരാര്‍ അടിസ്ഥാനത്തില്‍ കിലെയില്‍ തുടരുന്ന മൂന്നു പേരുടെയും എട്ടു ദിവസവേതനക്കാരുടെയും താത്കാലിക നിയമനം അംഗീകരിച്ചുള്ള ഉത്തരവ് മാത്രമാണ് വന്നത്.
പരിചയസമ്പത്തുള്ളവരെ കിട്ടാതെ വന്നപ്പോള്‍ മാത്രമാണ് ആവശ്യമുള്ളവരെ താത്കാലികമായി നിയമിച്ചത്. സൂര്യാഹേമന് ഉള്‍പ്പെടെ ഭൂരിപക്ഷം പേരും ബിരുദാനന്തര ബിരുദധാരികളാണെന്നും മന്ത്രി പറഞ്ഞു.
കത്ത് സുതാര്യമാണ്. വര്‍ഷങ്ങളായി താത്കാലിക നിയമനങ്ങള്‍ നടക്കുന്നുണ്ട്. അവയൊക്കെ പലപ്പോഴും സ്ഥിരപ്പെടുത്തിയിട്ടുമുണ്ട്. ഡിവൈഎഫ്ഐ നേതാവ് എന്നതിനപ്പുറം സൂര്യ ഹേമന് ജേണലിസത്തില്‍ റാങ്കുള്ള, യോഗ്യയായ വ്യക്തിയാണെന്നും അവരെ നിയമിക്കുന്നതില്‍ തന്റെ ഭാഗത്ത് നിന്ന് ഒരു ഇടപെടലും ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: