സ്നേഹസൗരഭ്യം വീശും പൂനിലാവായെന്നുടെ
ജീവിത വഴിത്താര തെളിക്കും പ്രശാന്തതേ….
താതവാത്സല്യത്തിന്‍ കുടക്കീഴില്‍ഞാന്‍ കഴിഞ്ഞൊരാ
ജീവസൗഭാഗ്യമേ നിന്മുന്നില് നമോവാകം ….!
ഇരവില്‍ വെളിച്ചമായ്, നിഴലായ്, തുണയായി
നിറഞ്ഞുചൊരിഞ്ഞൊരാ വെള്ളിമീന്‍പ്രകാശത്തില്‍
എഴുതാന്‍ പഠിച്ചുഞാന്‍, പറയാന്‍ പഠിച്ചുഞാന്‍,
നടക്കാന്‍ പഠിച്ചതും ആ വിരല്ത്തുമ്പില്തൂങ്ങി …….
പാതകളെത്ര തന്നെ കഠിനമെന്നാകിലും,
പാതിരാക്കൂരിരുട്ടു നിറഞ്ഞുപരന്നാലും,
ഒക്കെയുമൊരു നല്ല കുളിരായ് ചമച്ചിടാന്‍
അത്യുദാരമായ് നിന്നുടെകരങ്ങളെന്നില്ചേര്ത്തു
നീയെന്ന മഹാത്യാഗം നിറഞ്ഞുതുളുമ്പുമ്പോള്‍
വേനലും ചൂടും ദാഹവും അറിഞ്ഞേയില്ലല്ലോ ഞാന്‍!!
എത്രയും ദൃഢമാക്കും നിന്റെ കൈക്കൂട്ടില്‍ വെറുമൊരു
പക്ഷിക്കുഞ്ഞിനെപ്പോലെ മൗനം ഞാനിരുന്നപ്പോള്‍.
ദേവസാമ്രാജ്യത്തിലെ റാണിപോല്‍ ഞാന്‍ നിന്നുടെ
റോജയായ് ചിരിച്ചുംകൊണ്ടിളകിച്ചാഞ്ചാടുമ്പോള്
ബാല്യമായിരുന്നേറ്റം സൗഭഗംതികയുന്ന
കാലമെന്നോര്മ്മിപ്പൂ ഞാന്‍; പിന്നെയും കണ്ണീരോടെ
ഇനിയും ഒരുയുഗംകൂടി ഞാന്‍ പിറക്കുകി –
ല്ലിനിയും നിനക്കു ഞാന്‍ മകളായ്പിറക്കണം
ആ മഹാസൗഭാഗ്യത്തിന് സാമീപ്യം ലഭിയ്ക്കുകില്
ഞാനൊരു മഹാരാജ്ഞി മറ്റെന്തു ധനം വേണ്ടൂ!
എനിക്ക് തണലാകാന്‍ ഉരുകിത്തീര്ന്നോന് നീ,
എന്റെ വിശപ്പു മാറ്റാന്‍ സ്വയം പട്ടിണി ശീലിച്ചവന്
എനിക്ക് നിറക്കൂട്ട് ചമയ്ക്കാന്‍ പണിപ്പെട്ടു
നരച്ചകുടപോലെ ഒതുങ്ങിത്തീര്ന്നോന് സദാ…
മറക്കില്ലല്ലോ ജന്മം പലതുകഴിഞ്ഞാലും
എനിക്കെന്‍ സ്വര്‍ഗ്ഗമായ ധന്യതേ നമോവാകം !!
പ്രതികരിക്കാൻ ഇവിടെ എഴുതുക: