തിരുവനന്തപുരം: കരുവന്നൂര്‍ സഹകരണ ബാങ്കുതട്ടിപ്പ് ഒതുക്കാന്‍ എകെജി സെന്ററില്‍ അടിയന്തര യോഗം. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നേതൃത്വത്തില്‍ കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍, സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും കേരള ബാങ്ക് വൈസ് പ്രസിഡന്റുമായ എം.കെ. കണ്ണന് എന്നിവരാണ് യോഗം ചേര്‍ന്നത്. കേരള ബാങ്കില്‍ നിന്ന് 50 കോടി രൂപ ലഭ്യമാക്കി തത്കാലം പ്രശ്നം പരിഹരിക്കാനാണ് നീക്കം. ഒക്ടോ. മൂന്നിന് വീണ്ടും യോഗമുണ്ടാകും. അതിനു മുമ്പ് കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് യോഗവുമുണ്ട്.
കേരള ബാങ്കിന്റെ റിസര്‍വ് ഫണ്ട് സംസ്ഥാന സര്‍ക്കാരിന്റെ സഹകരണ പുനരുദ്ധാരണ നിധിയിലേക്കു മാറ്റി കരുവന്നൂര്‍ നിക്ഷേപകര്‍ക്കു നല്‍കാനാണ് ആലോചന. എന്നാല്‍ റിസര്‍വ് ബാങ്കിന്റെ നിയമങ്ങള്‍ ലംഘിച്ച് പണം കൊടുക്കാനാകില്ലെന്നാണ് കേരള ബാങ്ക് നിലപാട്.
റിസര്‍വ് ഫണ്ട് സഹകരണ പുനരുദ്ധാരണ നിധിയിലേക്കു മാറ്റാനാകില്ലെന്നും അത് വലിയ നിയമക്കുരുക്കിലേക്കു നീങ്ങുമെന്നും ഗോപി കോട്ടമുറിക്കല്‍ എം.വി. ഗോവിന്ദനെ അറിയിച്ചെന്നാണ് സൂചന. എന്നാല്‍ സഹകരണ പുനരുദ്ധാരണ നിധിക്ക് റിസര്‍വ് ബാങ്ക് നിയന്ത്രണം ബാധകമല്ലെന്നാണ് സര്‍ക്കാരിനു ലഭിച്ച നിയമോപദേശം.
സഹകരണ പുനരുദ്ധാരണ ഫണ്ട്, തകര്‍ച്ചയിലായ സഹകരണ ബാങ്കുകള്‍ക്ക് കൈത്താങ്ങാകാന്‍ മാത്രമേ ഉപയോഗിക്കാനാകൂ എന്നും കരിവന്നൂരിലേത് തട്ടിപ്പാണെന്നും അതിന് പുനരുദ്ധാരണ ഫണ്ട് ഉപയോഗിക്കുന്നത് നിയമ പ്രശ്നങ്ങളിലേക്ക് നീങ്ങുമെന്നാണു സൂചന. ഇതു മറികടക്കാന്‍ പ്രത്യേക പാക്കേജുണ്ടാക്കി കരുവന്നൂരില നിക്ഷേപകര്‍ക്കു കൊടുക്കാനാണ് സിപിഎം ശ്രമം.
സഹകരണ പുനരുദ്ധാരണ നിധിയില്‍ നിന്നു പ്രത്യേക പാക്കേജ് രൂപീകരിക്കുമെന്നും അതിന്റെ നടപടികള്‍ അടുത്തയാഴ്ച പൂര്‍ത്തിയാകുമെന്നും സഹകരണ മന്ത്രി വി.എന്‍. വാസവനും വ്യക്തമാക്കി. കേരള ബാങ്കില്‍ നിന്നു റിസര്‍വ് ഫണ്ട് മാറ്റാനായില്ലെങ്കില്‍ കേരള ബാങ്കില്‍ നിന്ന് വായ്പയെടുക്കും.
അതേസമയം സിപിഎമ്മിനെയും സര്‍ക്കാരിനെയും വെട്ടിലാക്കി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന് രംഗത്തെത്തി. കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പു കണ്ടെത്തി പരിഹരിക്കുന്നതില്‍ വീഴ്ച സംഭവിച്ചെന്ന് ജയരാജന് സ്വകാര്യ ചാനലിനുള്ള അഭിമുഖത്തില്‍ പറഞ്ഞു. സഹകരണ മേഖലയിലാകെ ആശങ്കയുയര്‍ത്തിയ പ്രശ്നം നേരത്തേ പരിഹരിക്കേണ്ടതായിരുന്നെന്നും ഇപി പറഞ്ഞു.
കൂടാതെ കരുവന്നൂര്‍ ബാങ്കുതട്ടിപ്പുമായി ബന്ധപ്പെട്ട് വ്യക്തിഹത്യ നടത്താനുള്ള ശ്രമമാണെന്നു കാട്ടി ജയരാജന് ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. കരുവന്നൂര്‍ ബാങ്കുതട്ടിപ്പു കേസിലെ പ്രതി സതീഷ്കുമാറിന് എല്‍ഡിഎഫ് കണ്‍വീനറുമായി ബന്ധമുണ്ടെന്ന് സതീഷ്കുമാറിന്റെ ഡ്രൈവര്‍ ആരോപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: