ബെംഗളൂരു: സമുദായത്തിന് ഒരു ഉപമുഖ്യമന്ത്രിയെന്ന കണക്കില്‍ മൂന്ന് ഉപമുഖ്യമന്ത്രിമാരെക്കൂടി നിയമിക്കണമെന്ന വിചിത്രവാദവുമായി മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അനുയായി രാജണ്ണ. ഇപ്പോള്‍ കര്‍ണ്ണാടകയില്‍ വൊക്കലിംഗ സമുദായത്തിന്റെ പ്രതിനിധിയായി ഡി.കെ. ശിവകുമാര്‍ മാത്രമാണ് കോണ്‍ഗ്രസിന്റെ ഉപമുഖ്യമന്ത്രിയായിരിക്കുന്നത്.
ഇനി പുതുതായി എസ് സി-എസ് ടി, വിരശൈവ-ലിംഗായത്ത്, മുസ്ലിം-ക്രിസ്ത്യന്‍ എന്നീ സുമദായങ്ങള്ക്കു കൂടി ഓരോ ഉപമുഖ്യമന്ത്രിമാരെ നിയമിക്കണമെന്നാണ് രാജണ്ണ ആവശ്യമുന്നയിച്ചിരിക്കുന്നത്. സമുദായപ്രീണനം അധികാരത്തിലേക്കുള്ള എളുപ്പവഴിയാക്കുന്ന കോണ്‍ഗ്രസിന്റെ ഈ നീക്കത്തിനെതിരെ വലിയ വിമര്‍ശനങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്.
ഇങ്ങിനെ സമുദായത്തിന് ഒരു ഉപമുഖ്യമന്ത്രിമാരെ നല്കിയാല് 2024ലെ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ നേടാനാവുമെന്നാണ് രാജണ്ണയുടെ വാദം.
ശിവകുമാര്‍-സിദ്ധരാമയ്യ യുദ്ധം മുറുകുന്നു
കോണ്‍ഗ്രസിലെ ഗ്രൂപ്പുവഴക്കിന്റെ ഭാഗമാണ് ഈ ആവശ്യമെന്നാണ് രാഷ്ട്രീയം വിലയിരുത്തുന്ന വിദഗ്ധര്‍ പറയുന്നത്. ഈയിടെ ശിവകുമാര്‍ ക്യാമ്പിലുള്ള ബി.കെ. ഹരിപ്രസാദ് എംഎല്‍സി രണ്ട് പേരെക്കൂടി മുഖ്യമന്ത്രിയായി നിയമിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ദളിതനായ ഇപ്പോഴത്തെ ആഭ്യന്തരമന്ത്രി ജി. പരമേശ്വരയെയും പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പെട്ട സതീഷ് ജാര്കിഹോളിയെയും (ഇപ്പോള്‍ പൊതുമരാമത്ത് മന്ത്രി) ഉപമുഖ്യമന്ത്രിയാക്കണമെന്നാണ് ഹരിപ്രസാദ് ആവശ്യപ്പെട്ടത്. ഇത് സിദ്ധരാമയ്യയുടെ അധികാരം ദുര്‍ബലപ്പെടുത്തുമെന്ന് മനസ്സിലാക്കിയാണ് ഇപ്പോള്‍ സിദ്ധരാമയ്യ പക്ഷക്കാരനായ രാജണ്ണയെക്കൊണ്ട് മൂന്ന് ഉപമുഖ്യമന്ത്രിമാരെക്കൂടി നിയമിക്കണമെന്ന ആവശ്യം ഉയര്‍ത്തിയിരിക്കുന്നത്. രണ്ടര വര്‍ഷം കഴിഞ്ഞാല്‍ മുഖ്യമന്ത്രി പദം ശിവകുമാര്‍ ആവശ്യപ്പെടുന്നത് തടയാനുള്ള സിദ്ധരാമയ്യയുടെ മുന്‍കരുതല്‍ കൂടിയാണ് ഇതെന്ന് കരുതുന്നു.
എന്തായാലും അധികാരത്തിലേറി നാല് മാസത്തിനുള്ളില്‍ കോണ്‍ഗ്രസിനകത്ത് ഗ്രൂപ്പ് യുദ്ധം പരസ്യമായ വിഴുപ്പലക്കലിലേക്ക് മാറിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: