തിരുവനന്തപുരം: ശബരിമല മാസ്റ്റര്‍ പ്ലാനിനായി 335 കോടി രൂപ വകയിരുത്തിയതില്‍ ചെലവഴിച്ചത് 141.25 കോടി രൂപ മാത്രം. ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന് നിയമസഭയെ അറിയിച്ചതാണിത്.
ശബരിമല പദ്ധതിക്കുവേണ്ടി 2023-24 ബജറ്റില്‍ 30 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. സന്നിധാനത്ത് പില്‍ഗ്രിം അമിനിറ്റി സെന്റര്‍, തന്ത്രിമഠം, അഗ്നിരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സംവിധാനം, കുന്നാറില്‍ നിന്നും സന്നിധാനത്തേയ്ക്ക് ശുദ്ധജലമെത്തിക്കുന്നതിന് പുതിയ പൈപ്പ് സ്ഥാപിക്കല്‍ എന്നിവയും പമ്പ ഗണപതി ക്ഷേത്രത്തില്‍ നിന്നും ഹില്‍ടോപ്പ് വരെ റെസ്ക്യൂ ബ്രിഡ്ജ് നിര്‍മ്മാണം, നിലക്കലില്‍ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, അന്നദാന മണ്ഡപം, റെസ്റ്റിങ് പവലിയന് എന്നിവയടങ്ങുന്ന കോര്‍ ഏരിയ വികസനം, റോഡുകളുടെയും അനുബന്ധ പാലങ്ങളുടെയും നിര്‍മ്മാണം എന്നിവ ഏറെ താമസിയാതെ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു.
കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ സ്വദേശി ദര്ശന് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ശബരിമലയിലേയും അനുബന്ധ പ്രദേശങ്ങളിലേയും വികസനത്തിനായി 99.98 കോടി രൂപ വരുന്ന ആകെ 53 പദ്ധതി ഘടകങ്ങള്‍ക്ക് 2016ല്‍ അനുമതി നല്‍കിയിരുന്നു. അതില്‍ 32 ഘടകങ്ങള്‍ പൂര്‍ത്തീകരിക്കുകയും 13 ഘടകങ്ങള്‍ ഉപേക്ഷിക്കുകയുമുണ്ടായി. അതുവഴി പദ്ധതിയുടെ ആകെ തുക 54.88 കോടി രൂപയായി ചുരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: