പാലക്കാട്: പ്രായത്തിന്റെ അവശതയിലും റേഷന്‍ കാര്‍ഡ് തരംമാറ്റിക്കിട്ടുന്നതിനു വേണ്ടി സപ്ലൈ ഓഫീസുകള്‍ കയറിയിറങ്ങി തളരുകയാണ് ഒറ്റപ്പാലം നെല്ലായ സ്വദേശി രാമചന്ദ്രന് എന്ന വയോധികന്. ഭാര്യയും മക്കളാലും ഉപേക്ഷിക്കപെട്ട ഈ 70 കാരന് സ്വന്തമായൊരു റേഷന്‍ കാര്‍ഡ് രണ്ടു വര്‍ഷം മുമ്പാണ് ലഭിച്ചത്. അതും ജന്മഭൂമിയടക്കം വാര്‍ത്തയാക്കിയതിനെ തുടര്‍ന്നും. എന്നാല്‍ പൊതു വിഭാഗത്തില്‍പ്പെടുന്ന റേഷന്‍ കാര്‍ഡായതിനാല്‍ സൗജന്യ റേഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളൊന്നും ലഭിക്കുന്നില്ലെന്ന് ഇദ്ദേഹം പറയുന്നു.
സബ്സിഡി വിഭാഗത്തിലേക്ക് കാര്‍ഡ് മാറ്റിക്കിട്ടുന്നതിനുവേണ്ടി ഒറ്റപ്പാലം സപ്ലൈ ഓഫീസിലാണ് ഇദ്ദേഹം അപേക്ഷ നല്‍കിയത്. ജില്ലാ സപ്ലൈ ഓഫീസര്‍ മുമ്പാകെ പരാതിയും നല്കി. മാസങ്ങള്‍ കഴിഞ്ഞിട്ടും യാതൊരു മറുപടിയും ലഭിച്ചില്ലെന്നും പറയപ്പെടുന്നു. ക്ഷേത്ര ജോലിയില്‍ നിന്നു വിരമിച്ചപ്പോള്‍ കിട്ടുന്ന തുച്ഛമായ പെന്ഷന് കൊണ്ടാണ് സിദ്ധാശ്രമ സന്യാസ ജീവിതം നയിക്കുന്ന രാമചന്ദ്രന് ദിവസങ്ങള്‍ തള്ളി നീക്കുന്നത്. റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലേക്കു മാറ്റിയാല്‍ റേഷന്‍, ചികിത്സ ഉള്‍പ്പെടെയുള്ള സൗജന്യ ആനുകൂല്യങ്ങള്‍ക്ക് ഇദ്ദേഹം അര്‍ഹനാകും. അതിനുവേണ്ടി കാര്‍ഡ് തരംമാറ്റിക്കിട്ടുന്നതിനു കൊടുത്ത അപേക്ഷയിലാണ് ഉദ്യോഗസ്ഥര്‍ മനസ്സലിവു കാണിക്കാതെ ക്രൂരത കാട്ടുന്നതായി ഇദ്ദേഹം ആരോപിക്കുന്നത്.
ബിപിഎല്‍ കാര്‍ഡ് വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ രാമചന്ദ്രന് അര്‍ഹനാണെന്ന് വില്ലേജ്, പഞ്ചായത്ത് അധികൃതര്‍ സാക്ഷ്യപത്രവും നല്കിയിട്ടുള്ളതാണ്. സ്വന്തമായി വീടും സ്ഥലവും ഉണ്ടെന്ന കാരണം സൂചിപ്പിച്ചാണ് തന്റെ അപേക്ഷയില്‍ തീരുമാനം വൈകിപ്പിക്കുന്നതെന്നും രാമചന്ദ്രന് പറയുന്നു. എന്നാല്‍, വീടും സ്ഥലവും കോടതി മുഖേന അറ്റാച്ച് ചെയ്തിട്ടുള്ളതിനാല്‍ ക്രയവിക്രയ സാധ്യത ഭാര്യയും മക്കളും ചേര്‍ന്ന് തടസ്സപ്പെടുത്തിയതായും പരാതിയുണ്ട്.
ആരോരും സംരക്ഷിക്കാനില്ലാതെ വാര്‍ദ്ധക്യത്തില്‍ ഒറ്റപ്പെട്ടു കഴിയുന്ന ഈ മനുഷ്യന്റെ പ്രശ്നം നിയമ സാങ്കേതികത്വത്തിന്റെ പേരില്‍ പരിഹരിക്കപ്പൊതിരിക്കരുതെന്നു കാണിച്ച് വകുപ്പു മന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: