ന്യൂദല്‍ഹി: ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് സംബന്ധിച്ച സാധ്യതകള്‍ പരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സമിതി രൂപീകരിച്ചു. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് അധ്യക്ഷന്‍. ഔദ്യോഗിക വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും. വിദഗ്ധരും വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും ഉള്‍പ്പെടെയുള്ളവരുമായി സമിതി കൂടിയാലോചിക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം മുന്നോട്ടുവച്ചത്. വിവിധ സമയങ്ങളിലെ തെരഞ്ഞെടുപ്പുകള്‍ക്കുള്ള ഭാരിച്ച ചെലവു കുറയ്ക്കുക എന്നതാണ് പ്രധാന ലക്ഷ്യം. 2014ല്‍ അധികാരത്തില്‍ വന്നതു മുതല്‍ പ്രധാനമന്ത്രി തുടര്‍ച്ചയായ തെരഞ്ഞെടുപ്പു മൂലമുണ്ടാകുന്ന സാമ്പത്തിക ബാധ്യതയും പോളിങ് കാലയളവിലെ വികസന പ്രവര്‍ത്തനങ്ങളുടെ തടസ്സവും ചൂണ്ടിക്കാട്ടുന്നുണ്ട്. 2017ല്‍ രാഷ്ട്രപതിയായ ശേഷം രാംനാഥ് കോവിന്ദും പ്രധാനമന്ത്രിയുടെ ആശയത്തിന് പിന്തുണ അറിയിച്ചിരുന്നു. 2018ല്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത രാംനാഥ് കോവിന്ദ് തുടര്‍ച്ചയായ തെരഞ്ഞെടുപ്പുകള്‍ മനുഷ്യവിഭവ ശേഷിയില്‍ വലിയ ഭാരം ചുമത്തുക മാത്രമല്ല, മാതൃകാ പെരുമാറ്റച്ചട്ടം പ്രഖ്യാപനം മൂലം വികസന പ്രക്രിയയെ തടസ്സപ്പെടുത്തുകയും ചെയ്യുന്നെന്നും അഭിപ്രായപ്പെട്ടിരുന്നു.
മിസോറാം, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന, രാജസ്ഥാന് സംസ്ഥാനങ്ങളില്‍ നവംബര്‍-ഡിസംബറിലാണ് നിയമസഭാ തെരഞ്ഞെടുപ്പ്. 2024 മേയ്-ജൂണിലാകും ലോക്സഭാ തെരഞ്ഞെടുപ്പ്. ആന്ധ്രപ്രദേശ്, ഒഡീഷ, സിക്കിം, അരുണാചല്‍പ്രദേശ് നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പും ഇതോടനുബന്ധിച്ചാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: