വിദ്യാഭ്യാസ-ഗവേഷണ രംഗത്ത് ഭാരതം വലിയ മുന്നേറ്റമാണ് നടത്തുന്നത്. വിശ്വഗുരു എന്ന പദവി ആലങ്കാരികം മാത്രമല്ലെന്ന് രാജ്യം തെളിയിച്ചുകൊണ്ടിരിക്കുന്നു. ഒരു കാലത്ത് സമഗ്രമായ ശാസ്ത്ര സാങ്കേതിക സംഭാവനകള്‍ ലോകത്തിന് നല്കിയ ഭാരതം, പിന്നീട് വന്ന വൈദേശിക ശക്തികളുടെ സ്വാധീനത്തില്‍ അന്ധകാരത്തിലേക്ക് ആണ്ടുപോയി. അവിടെ നിന്ന് ഭാരതം, അതിന്റെ സ്വത്വം വീണ്ടെടുക്കുകയാണ്. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (എന്‍ഇപി) വരവോടു കൂടി, വിദ്യാഭ്യാസ മേഖലയില്‍ പുതിയ ദിശാബോധവും വന്നുചേര്‍ന്നു.
രാജ്യത്തിന്റെ വിദ്യാഭ്യാസ പുരോഗതി കണക്കാക്കുന്ന സൂചികകളില്‍ പ്രധാനമാണ് അവിടുത്തെ ഗവേഷണ പ്രബന്ധങ്ങളും, പ്രസിദ്ധീകരണങ്ങളും. വ്യക്തിഗതമായും, സ്ഥാപനങ്ങളുടെ ആകെ തുകയുമാകുന്ന പ്രസിദ്ധീകരണങ്ങളുടെ എണ്ണം, സൈറ്റേഷനുകള്‍, എച്ച്- ഇന്‍ഡക്സ് , ഐ-10 ഇന്‍ഡക്സ് തുടങ്ങിയ സ്ഥിതിവിവരങ്ങളാണ് ആകമാനമായ ഗവേഷണ നിലവാരത്തെ സൂചിപ്പിക്കുന്നത്. സുഗമമായ ഗവേഷണത്തിന് ധാരാളം പ്രസിദ്ധീകരണങ്ങള്‍ അടങ്ങിയ ദേശീയ, അന്തര്‍ദേശീയ ജേര്‍ണലുകളുടെ വരിസംഖ്യയാണ് ഗവേഷകര്‍ക്ക് അത്യന്താപേക്ഷിതം. ഇത് സാധാരണയായി അതത് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സജ്ജീകരിക്കേണ്ടതാണ്. എന്നാല്‍, പല പ്രധാനപ്പെട്ട ജേര്ണലുകളുടേയും വരിസംഖ്യ ഭീമമായതിനാല്‍ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇത് പ്രാപ്യമല്ല.
ഉദാഹരണത്തിന്, ഐ.ഐ.ടി മദ്രാസിന് ലഭ്യമാകുന്ന പല സുപ്രധാന ജേര്‍ണലുകളും കേരള സാങ്കേതിക സര്‍വകലാശാലയില്‍ ലഭ്യമല്ല. ഇത് ഇവിടുത്തെ സര്‍വകലാശാലയുടെ മാത്രം പ്രശ്നമല്ല. ജേര്‍ണല്‍ സബ്സ്ക്രിപ്ഷനായി തനത് ഫണ്ട് വിനിയോഗിക്കാന്‍ അവര്‍ക്ക് സാധിക്കാതെ വരുന്നതാണ് കാരണം. ഇതിന് പരിഹാരം കണ്ടെത്താന്‍ സംസ്ഥാനങ്ങളും ശ്രമിച്ചിരുന്നില്ല. കേന്ദ്ര സര്‍വകലാശാലകളും, ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും, കല്പിത -സ്വാശ്രയ സര്‍വകലാശാലകളും അവരുടെ തനത് ഫണ്ടുകള്‍ കൃത്യമായി വിനിയോഗിച്ച്, വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ട പല ജേര്‍ണലുകളുടെ വരിസംഖ്യയും, അതിലൂടെ മികച്ച ഗവേഷണ ഫലം നേടിയെടുക്കുകയും ചെയ്തു.
ഇത്തരത്തില്‍ രണ്ട് തട്ടിലായി ഗവേഷക സമൂഹത്തെ വിഭജിച്ചത് പല അധാര്‍മിക പ്രവണതകള്‍ വര്‍ധിക്കാനും കാരണമായി. വരിസംഖ്യ ഒടുക്കി മാത്രം ലഭ്യമാകുന്ന പ്രസിദ്ധീകരണങ്ങള്‍, പൈറേറ്റഡ് സോഫ്റ്റ് വെയറുകളും, വെബ്സൈറ്റുകളും ഉപയോഗിച്ച് കൈവശപ്പെടുത്തുന്ന ധാരാളം ഗവേഷകര്‍ നമുക്കിടയിലുണ്ട് . ഇത് നല്ല പ്രവണതയല്ലെന്നറിഞ്ഞിട്ടും മറ്റു വഴികളില്ലാതെ അവ തുടര്‍ന്നും ഉപയോഗിക്കപ്പെടുന്നു.
2024 നവംബര്‍ 25 നാണ് കേന്ദ്ര ക്യാബിനറ്റ് ‘ഒരു രാജ്യം ; ഒരു വരിസംഖ്യ’ (One Nation, One Subscription. (ONOS),’ പദ്ധതിയ്ക്ക് അംഗീകാരം കൊടുക്കുന്നത് . ഈ പദ്ധതിയിലൂടെ ഭാരതത്തിലെ എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, ഗവേഷണ – വികസന ലാബുകള്‍ക്കും ഒരൊറ്റ വരിസംഖ്യയിലൂടെ ജേര്‍ണല്‍ പ്രസിദ്ധീകരണങ്ങള്‍ ലഭ്യമാകും . ഇതിനായി 6000 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചു. വരുന്ന മൂന്ന് വര്‍ഷക്കാലം ഇതിന്റെ സേവനങ്ങള്‍ ഏവര്‍ക്കും ഉപയോഗപ്പെടുത്താം. സമഗ്രവും ഗുണനിലവാരവുമുള്ള ഉന്നത വിദ്യാഭ്യാസം ഭാരതത്തിലെ യുവാക്കള്‍ക്ക് ലഭ്യമാക്കാന്‍ വേണ്ടിയുള്ള പരിശ്രമമായി ഇതിനെ കാണാം. എന്‍ഇപിയിലൂടെ സ്ഥാപിതമായ അനുസന്ധാന്‍ നാഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷന് എന്ന ഗവേഷണ ഉന്നതാധികാര സമിതിയുടെ പ്രവര്‍ത്തനങ്ങളെ ദൃഢപ്പെടുത്താനും ഈ പദ്ധതിയിലൂടെ സാധിക്കും. കേന്ദ്ര ഏജന്‍സിയായ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ലൈബ്രറി നെറ്റ് വര്‍ക്ക് വഴിയാകും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിയന്ത്രണത്തിലുള്ള എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജേര്‍ണലുകള്‍ ലഭ്യമാകുന്നത്.
ഇത്തരത്തില്‍ 6300-ല്‍ അധികം സ്ഥാപനങ്ങളിലായി 1.8 കോടിയോളം വിദ്യാര്‍ത്ഥികള്‍ക്കും, ഗവേഷകര്‍ക്കും, അദ്ധ്യാപകര്‍ക്കും ഒഎന്‍ഒഎസ് പദ്ധതിയുടെ സേവനങ്ങള്‍ ലഭ്യമാകും. Elsevier ScienceDirect, Springer Nature, Wiley Blackwell Publishing, Taylor & Francis, Sage Publishing, Oxford University Press, Cambridge University Press, BMJ Journals, IEEE, American Chemical Society മുതലായ പ്രധാനപ്പെട്ട അന്താരാഷ്ട്ര പ്രസാധകരുടെ ജേര്‍ണല്‍ പ്രസിദ്ധീകരണങ്ങള്‍ നിലവില്‍ പട്ടികയിലുണ്ട്.
തിരഞ്ഞെടുക്കുന്ന മേഖലകള്‍ക്ക് അനുസരിച്ചും, സ്ഥാപന നിലവാരമനുസരിച്ചും ഗവേഷണ രീതികള്‍ മാറാറുണ്ട് . ഇവയില്‍ ഒരുപരിധി വരെയെങ്കിലും ഏകോപനം കൊണ്ടുവരാന്‍ യു.ജി.സി യുടെ പുതുക്കിയ പി.എച്ച്.ഡി റഗുലേഷനുകള്ക്ക് സാധിച്ചിട്ടുണ്ട്. സയന്‍സ്, ആര്‍ട്സ്, ടെക്നോളജി എന്നിങ്ങനെ വിഭിന്ന തുറകളില്‍ നടക്കുന്ന ഗവേഷണമാണെങ്കിലും, കോഴ്സ് വര്‍ക്ക് ഉള്‍പ്പടെ മൂന്ന് വര്‍ഷമായിരിക്കണം കുറഞ്ഞ സമയപരിധി. ഈ കാലയളവില്‍ പേപ്പര്‍ പ്രസിദ്ധീകരണങ്ങള്‍ നിര്‍ബന്ധമാണ് എന്ന നിലപാട് റഗുലേഷനുകള്‍ പ്രകാരമില്ല. എന്നാല്‍, കേന്ദ്ര സര്‍വകലാശാലകള്‍, ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ , മറ്റ് കല്പിത – സ്വാശ്രയ സര്‍വകലാശാലകളിലും കുറഞ്ഞത് രണ്ട് പ്രസിദ്ധീകരണങ്ങളും, യു.ജി.സി കെയര്‍, സ്കോപ്പസ് സൂചികകളിലുള്ള ജേര്‍ണലുകളിലെ പ്രസിദ്ധീകരണങ്ങള്‍ ആവശ്യപ്പെടാറുണ്ട് . ചിലയിടങ്ങളില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള സയന്‍സ് / സോഷ്യല്‍ സയന്‍സ് സൈറ്റേഷന്‍ ഇന്‍ഡക്സ് (SCI/SSCI) ജേര്ണലുകളിലുള്ള പ്രസിദ്ധീകരണങ്ങളും ആവശ്യപ്പെടാറുണ്ട്. ഈ ലക്ഷ്യങ്ങളില്‍ അതിവേഗത്തില്‍ എത്തിപ്പെടുന്നതിനായി, നിര്‍മിത ബുദ്ധിയുപയോഗിച്ചുള്ള സോഫ്ട്വെയറുകളുടെ സാധ്യതകളും ഗവേഷകര്‍ ഉപയോഗിച്ചുവരുന്നു. ഇത് ആകെയുള്ള ഗവേഷണ നിലവാരത്തെ ഉയര്‍ത്തുമെങ്കിലും , വ്യക്തിഗത ഗവേഷണ രീതികളെയും, നിലവാരത്തെയും പല ഘട്ടങ്ങളിലായി തകര്‍ക്കുകയും ചെയ്യുന്നു. ഗവേഷകരെ സംബന്ധിച്ചിടത്തോളം ലിറ്ററേച്ചര്‍ റിവ്യൂ എന്ന നിലവിലുള്ള പ്രബന്ധങ്ങളുടെയും, കണ്ടെത്തലുകളുടെയും ആധികാരികമായ പഠനം ഇല്ലാതെ മുന്നോട്ട് പോകാന്‍ സാധിക്കാറില്ല. അത്തരത്തില്‍ ഗവേഷണ ന്യൂനത കണ്ടെത്തിയാല്‍ മാത്രമേ, ഗവേഷണ സാധ്യതകള്‍ അയാള്‍ക്ക് മുന്പില് തുറക്കുകയുള്ളു .
ലഭ്യമല്ലാത്ത ജേര്‍ണലുകള്‍ക്ക് വേണ്ടി വിദ്യാര്‍ഥികള്‍ സര്‍വകലാശാലകളെ സമീപിച്ചാലും, പലപ്പോഴും ഫണ്ട് ലഭ്യതയുടെ പേരില്‍ അവ നിരസിക്കപ്പെടാറുമുണ്ട് . ഇത്തരം സാഹചര്യങ്ങളില്‍ സമയബന്ധിതമായ പ്രസിദ്ധീകരണങ്ങള്‍ക്കായുള്ള ഓട്ടപാച്ചിലില്‍ ഗവേഷകര്‍ അനധികൃത വെബ്സൈറ്റുകള്‍ ഉപയോഗിച്ച് , വരിസംഖ്യ ഇല്ലാതെ തന്നെ പ്രസിദ്ധീകരണങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുന്നുമുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരകും ഒഎന്‍ഒഎസ്.
ഇതുവരെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അവരുടെ തനത് ഫണ്ട് ഉപയോഗിച്ച് വാങ്ങിയിരുന്ന ജേര്‍ണല്‍ പ്രസിദ്ധീകരണങ്ങള്‍ പ്രസാധകരില്‍ നിന്നും നേരിട്ട് ഒറ്റ വരിസംഖ്യ മുഖാന്തരം ഭാരത സര്‍ക്കാര്‍ വാങ്ങി ഗവേഷക സമൂഹത്തിന് സൗജന്യമായി സമര്‍പ്പിക്കുന്നു എന്നത് ഭാരതത്തിന്റെ ഉന്നതവിദ്യാഭ്യാസ രംഗം എത്രത്തോളം പുരോഗമിച്ചു എന്ന് വ്യക്തമാക്കുന്നു. ONOS 2025 ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരും. ഭാരതത്തിന്റെ ഗവേഷക മേഖലയ്ക്ക് ഇത് കരുത്തേകും.
(എബിവിപി കേന്ദ്ര പ്രവര്‍ത്തക സമിതിയംഗമാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: