പത്തുവര്‍ഷത്തെ ഇടവേളക്കുശേഷം ആഗ്സ്ത് 2021ന് അധികാരം പിടിച്ചെടുത്തതിന്റെ രണ്ടാം വര്‍ഷം ആഘോഷിക്കുന്ന താലിബാനു കാര്യമായി പറയാന്‍ ഒന്നുംതന്നെയില്ല എന്നതാണ് വസ്തുത. കേവല മതരാജ്യമെന്ന ആശയത്തോടെ പ്രവര്‍ത്തിക്കുന്ന അധികാരികളില്‍ നിന്ന് മറ്റൊന്നുംതന്നെ പ്രതീക്ഷിക്കേണ്ടതില്ലെന്നതിനു മികച്ച ഉദാഹരണമാണ് താലിബാന്.
രണ്ടാം വാര്‍ഷികത്തില്‍ ജനങ്ങള്‍ മെച്ചപ്പെട്ട ജീവിതം നിലനിര്‍ത്തുന്നുവെന്ന് അവകാശപ്പെടുന്ന അധികാരികള്‍ വിസ്മരിക്കുന്ന നിരവധി പൊതുനീതി ലംഘനങ്ങളുണ്ട്. അതില്‍ ഏറ്റവും മുകളില്‍ നില്‍ക്കുന്നതാണ് അഫ്ഗാന് സ്ത്രീകളുടെ സ്വതന്ത്ര്യരഹിത ജീവിതം. രാജ്യം വിശ്വാസത്തിന്റെ പേരില്‍ പുരുഷ കേന്ദ്രകൃതമാക്കുന്നതിനൊപ്പം സ്ത്രീകളെ പൂര്‍ണമായും അടിച്ചമര്‍ത്തുകയും അവരുടെ പ്രാഥമിക അവകാശങ്ങള്‍ പോലും നിരസ്സിക്കപ്പെടുകയുമാണ്.
പെണ്‍കുട്ടികള്‍ സെക്കന്‍ഡറി സ്കൂളില്‍ ചേരുന്നത് വിലക്കിയതോടെയാണ് താലിബാന് ഇത് ആരംഭിച്ചത്. വിദ്യാഭ്യസം നിര്‍ത്തലാക്കിയതിനു പിന്നാലെ അവര്‍ വസ്ത്രധാരണത്തിലേക്ക് തിരിഞ്ഞു. സ്ത്രീകള്‍ക്ക് എങ്ങനെ വസ്ത്രം ധരിക്കണം എന്ന നിര്‍ദേശിക്കുന്നതിലേക്ക് അത് വഴിവച്ചു. സമയം കടന്നു പോകുന്നത് അനുസരിച്ച് സ്ത്രീകളുടെ അവകാശങ്ങളുടേയും മൗലിക സ്വാതന്ത്ര്യങ്ങളുടേയും എല്ലാ തലങ്ങളിലും അവര്‍ വിള്ളല്‍ വീഴ്ത്തുന്നത് തുടര്‍ന്നു.
ഇന്ന് അഫ്ഗാന് സ്ത്രീകള്‍ ഭയത്തിലാണ്. താലിബാന്റെ ഏറ്റവും പുതിയ നിയമങ്ങള്‍ മനസ്സിലാക്കാതെ വീടിന് പുറത്തിറങ്ങാന്‍ കഴിയത്ത സാഹചര്യം, പൊതുസ്ഥലത്ത് അവര്‍ക്ക് എന്തെല്ലാം ചെയ്യാന്‍ അനുവദനീയമാണ്, അല്ല എന്ന് അറിയാത്ത ഒരു അവസ്ഥ, സുരക്ഷിതമായി തിരികെ വീട്ടിലേക്ക് മടങ്ങാന്‍ കഴിയുമെന്ന് ഉറപ്പാക്കാന്‍ പോലും കഴിയാത്ത ഒരു സാഹചര്യത്തിലേക്ക് അവര്‍ എത്തി ചേര്‍ന്നിരിക്കുന്നുവെന്നാണ് അന്താരാഷ്ട്ര സംഘനകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷന്(യു.എസ്.സി.ഐ.ആര്.എഫ്), ആംനെസ്റ്റി ഇന്റര്‍നാഷണല്‍, യുനൈറ്റഡ് നേഷന്‍സ്(യു.എന്‍) ഉള്‍പ്പെടെയുള്ള സംഘടനകള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതും ഇതുതന്നെയാണ്. കഴിഞ്ഞ 20 വര്‍ഷമായി, അഫ്ഗാന് സ്ത്രീകള്‍ സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യന്റെയും മധുരമറിഞ്ഞാണ് ജീവിച്ചുവന്നത്. എന്നാല്‍ മതനിയമങ്ങളുടെ സ്വന്തം വ്യാഖ്യാനത്തെ അടിസ്ഥാനമാക്കി താലിബാന് ആ ആദര്‍ശങ്ങളെല്ലാം ഇന്ന് പിഴുതെറിഞ്ഞു.
വിലക്കുകളുടെ തുടക്കത്തില്‍ സ്വാഭിമാനപൂര്‍വം താലിബാന്റെ തോക്കിനുമുന്നില്‍ നിന്നുപ്രതിഷേധിച്ച സ്ത്രീ സമൂഹത്തെയാണ് നാം കണ്ടത്. താലിബാന്റെ കീഴില്‍ തങ്ങളുടെ പ്രതീക്ഷകള്‍ എത്രമാത്രം ഇരുളടഞ്ഞതായി അന്താരാഷ്ട്ര സമൂഹത്തെ കാണിക്കാന്‍ അവര്‍ തങ്ങളുടെ ജീവിതം മാറ്റിവെച്ചു. എന്നാല്‍ അവര്‍ എത്രത്തോളം പ്രതിഷേധിച്ചുവൊ അത്രയും അധികം ആക്രമണാത്മകമായി ഭരണകൂടം അവരുടെ അവകാശങ്ങള്‍ ഇല്ലാതാക്കി.
ലോകനേതാക്കള്‍ സ്ത്രീകളോടുള്ള താലിബാന്റെ പെരുമാറ്റത്തെ അപലപിച്ചപ്പോള്‍ ഭരണകൂടം അവകാശപ്പെട്ടത് അവര്‍ അവരുടെ മതവിശ്വാസങ്ങള്‍ക്കും സാംസ്കാരിക മാതൃകകള്‍ക്കും അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നാണ്. ഇത് ആഭ്യന്തര കാര്യമാണെന്നും മറ്റ് രാജ്യങ്ങള്‍ ഇതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും അവര്‍ പറഞ്ഞു.
ജൂണില്‍, യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും അവകാശങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് അഫ്ഗാനിസ്ഥാനിലെ മനുഷ്യാവകാശങ്ങളുടെ അവസ്ഥയെക്കുറിച്ച് ഒരു സംവേദനാത്മക സംഭാഷണം നടത്തിയിരുന്നു. എന്നാല്‍ ഇത് കാര്യമായ ഫലം ഉണ്ടാക്കുന്നതിനു മുന്നേതന്നെ അടുത്ത നിരോധനവുമായി താലിബാന് എത്തി. അത് ബ്യൂട്ടി സലൂണുകളുടെ നിരോധനമായിരുന്നു.
ഇത് സ്ത്രീ സമൂഹങ്ങളുടെ ഒത്തുകൂടലുകള്‍ കൂടിയാണ് ഇല്ലാതാക്കിയത്. ഈ നിരോധനം നിങ്ങളുടെ മുടിയും നഖവും മിനുക്കുന്നതിനെ മാത്രം ബാധിക്കുന്നതല്ല. ഇതിലൂടെ ഏകദേശം 60,000 സ്ത്രീകളുടെ തൊഴിലാണ് നഷ്ടപ്പെടുന്നത്. ഗാര്‍ഹിക പീഡനത്തിനെതിരെ പ്രതികരിക്കാന്‍ ഏര്‍പ്പെടുത്തിയ മുഴുവന്‍ സംവിധാനങ്ങളെയും താലിബാന് ആസൂത്രിതമായി നശിപ്പിച്ചതിന് ശേഷം സമൂഹത്തിനും പിന്തുണയ്ക്കുമായി സ്ത്രീകള്‍ക്ക് പോകാന്‍ കഴിയുന്ന ഒരേയൊരു ഇടം കൂടി നഷ്ടപ്പെടുന്നതിനെകൂടിയാണ് പുതിയ നിയമമെന്ന് ഹ്യൂമന്‍ റൈറ്റ്സ് വാച്ചിന്റെ അസോസിയേറ്റ് വുമണ്‍ റൈറ്റ്സ് ഡയറക്ടര്‍ ഹെതര്‍ ബാര്‍ പ്രസ്തവനയില്‍ പറഞ്ഞു.
നാലുചുമരിനുള്ളില്‍ സ്ത്രീകളെ തളച്ചിടുന്ന പ്രാകൃത ചിന്തയുടെ ശക്തി ദിനംപ്രതി വര്‍ദ്ധിക്കുകയാണ്. അടുത്തിടെ, താലിബാന് പ്രവിശ്യാ നേതാവ് സൈനുല്‍ ആബിദീന്‍ 2.5 ദശലക്ഷം അഫ്ഗാനിയും (30,000 ഡോളര്‍) ആറ് ഏക്കര്‍ സ്ഥലവും നല്കി 16 വയസ്സുള്ള പെണ്‍ക്കുട്ടിയെ വധുവായി വാങ്ങി. ചുരുക്കിപ്പറഞ്ഞാല്‍ സ്ത്രീകളെയും പെണ്‍കുട്ടികളെയും കച്ചവട വസ്തുവായി കണാപ്പെടുന്ന അവസ്ഥയിലേക്ക് താലിബാന് എത്തിയിരിക്കുന്നു.
ഇവിടെയാണ് ഒറ്റപ്പെടലിന്റെ പ്രശ്നം വീണ്ടും പ്രസക്തമാകുന്നത്. അഫ്ഗാന് സ്ത്രീകളും പെണ്‍കുട്ടികളും ഒരുതരം ലിംഗാധിഷ്ഠിത പീഡനം സഹിക്കുകയാണ്. ഇത് കേവലം അഫ്ഗാനിസ്ഥാനില്‍ മാത്രം നടക്കുന്ന ഒറ്റപ്പെട്ട സാഹചര്യമായി തോന്നിയേക്കാം. എന്നാല്‍, ആഗോള സമൂഹം ഇതിനെ എതിര്‍ക്കുന്നതില്‍ പരാജയപ്പെട്ടാല്‍, ഇത് ഒരു പകര്‍ച്ചവ്യാധി പോലെ വര്‍ദ്ധിക്കുകയും എല്ലാ രാജ്യങ്ങളെയും ബാധിക്കുകയും ചെയ്യും. ഇന്നു കാണപ്പെടുന്നതു പോലെ ഇത്തരം നയങ്ങളെ അപലപ്പിക്കുന്ന വെറും പ്രസ്താവനകളും പ്രകടനങ്ങളും മാത്രം പോരാ. താലിബാന് അധികാരത്തില്‍ രണ്ട് വര്‍ഷം ആഘോഷിക്കുമ്പോള്‍, ഇതിനെതിരെ നിര്‍ണ്ണായക നടപടി സ്വീകരിക്കേണ്ടത് ലോകത്തിന്റെ ആവശ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: