കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല എംഎ ഇംഗ്ലീഷ് സിലബസില്‍ മഹാത്മജിയുടെയും അംബേദ്കറുടെയും ആത്മകഥയ്ക്കൊപ്പം മുന്‍മന്ത്രിയും സിപിഎം എംഎല്‍എയുമായ കെ.കെ. ശൈലജയുടെ ആത്മകഥ ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധവുമായി അധ്യാപക സംഘടനകള്‍.
മഞ്ജു സാറ രാജന് തയ്യാറാക്കിയ മൈ ലൈഫ് ആസ് എ കോമ്രേഡ് എന്ന പുസ്തകമാണ് സിലബസില്‍ ഉള്‍പ്പെടുത്തിയത്. പഠനവകുപ്പിനെ ഘട്ടംഘട്ടമായി രാഷ്ട്രീയവല്‍ക്കരിക്കാനുള്ള ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമാണ് കെ.കെ. ശൈലജ എംഎല്‍എയുടെ ആത്മകഥ ഉള്‍പ്പെടുത്തിയതെന്നാണ് ആരോപണം.
കണ്ണൂര്‍ സര്‍വകലാശാല എംഎ ഇംഗ്ലീഷ് ഒന്നാം സെമസ്റ്ററിലെ ഇലക്ടീവ് കോഴ്സില്‍ ലൈഫ് റൈറ്റിങ് വിഭാഗത്തില്‍ കോര്‍ റീഡിങ്ങിനുള്ള പുസ്തകമായാണ് മൈ ലൈഫ് ആസ് എ കോമ്രേഡ് ഇത് ഇടം പിടിച്ചത്. ഗവര്‍ണറുടെ അനുമതിയില്ലാതെ വി സി രൂപീകരിച്ച പഠനബോര്‍ഡ് നേരത്തെ കോടതി റദ്ദാക്കിയിരുന്നു. പഠന ബോര്‍ഡ് നിലവിലില്ലാത്തതിനാല്‍ വിസി സ്വന്തം നിലയ്ക്ക് രൂപീകരിച്ച അഡ്ഹോക്ക് കമ്മിറ്റിയാണ് ശൈലജയുടെ പുസ്തകം സിലബസില്‍ ഉള്‍പ്പെടുത്തിയത്.
ഗവര്‍ണറുടെ അധികാരത്തെ പരിഗണിക്കാതെ വിസി ഏകപക്ഷീയമായാണ് പഠന ബോര്‍ഡ് രൂപീകരിച്ചത്. ഇതില്‍ നാല്പതോളം പേര്‍ക്ക് അടിസ്ഥാന യോഗ്യതയില്ലെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച് പഠന ബോര്‍ഡ് മരവിപ്പിച്ചിരുന്നു. പിന്നീട് അതേ ആളുകളെ തന്നെ ഉള്‍പ്പെടുത്തി പുതിയ പഠനബോര്‍ഡ് രൂപീകരിച്ച് വിസി ഗവര്‍ണര്‍ക്ക് അയച്ച് കൊടുക്കുകയായിരുന്നു.
ഇപ്പോള്‍ ഒന്നര വര്‍ഷമായി യൂണിവേഴ്സിറ്റിയില്‍ പഠന ബോര്‍ഡില്ല. നിലവിലുള്ള അഡ്ഹോക്ക് കമ്മറ്റിക്കാകട്ടെ നിയമസാധുതയുമില്ല. അതുകൊണ്ട് തന്നെ സിലബസിനും നിയമസാധുതയില്ലെന്നാണ് സേവ് യൂണിവേഴ്സിറ്റി കാമ്പയിന് പറയുന്നത്. ആത്മകഥ സിലബസില്‍ ഉള്‍പ്പെടുത്തിയ തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരാതി നല്‍കാനാണ് സേവ് യൂണിവേഴ്സിറ്റി കാമ്പയിന് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: