കുട്ടനാട്: ആഴ്ചകളായി കെട്ടിക്കിടക്കുന്ന പായല്‍ കുട്ടനാട്ടിലെ ജലഗതാഗതത്തിനും ഉള്‍നാടന്‍ മത്സ്യബന്ധനത്തിനും ഭീഷണിയാകുന്നു. പമ്പയാറ്റില്‍ കിടങ്ങറ മുതല്‍ കാവാലം ലീസ്യൂ വരെയുള്ള ഭാഗം പൂര്‍ണ്ണമായും പായല്‍ തിങ്ങിയ നിലയിലാണ്. ആഴ്ചകളായി കെട്ടിക്കിടക്കുന്ന പായല്‍ നീക്കം ചെയ്യാന്‍ വേണ്ട നടപടി അധികൃതര്‍ സ്വീകരിക്കുന്നില്ലെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു. ആറ്റില്‍ പായല്‍ തിങ്ങിയതോടെ ബോട്ട് സര്‍വീസ് മുടങ്ങുന്ന നിലയിലാണ്.
പായല്‍ നിറഞ്ഞിടത്തൂടെയുള്ള സര്‍വീസ് തങ്ങള്‍ക്ക് ഭീമമായ നഷ്ടമാണ് ഉണ്ടാക്കുന്നതെന്ന് ജലഗതാഗതവകുപ്പ് അധികൃതര്‍ പറഞ്ഞു. പുഞ്ച കൃഷി ആരംഭിക്കാന്‍ ആഴ്ചകള്‍ മാത്രം ശേഷിക്കെ പല പാടശേഖരങ്ങളിലും ഇതുവരെ മോട്ടോറുകള്‍ സ്ഥാപിക്കാന്‍ സാധിച്ചിട്ടില്ല. പായല്‍ തിങ്ങി കിടക്കുന്നതിനാല്‍ പാടശേഖരങ്ങളിലേക്ക് മോട്ടോറുകള്‍ എത്തിക്കാന്‍ സാധിക്കുന്നില്ലന്നാണ് പാടശേഖര സമിതികള്‍ പറയുന്നത്.
പ്രതിസന്ധിയിലായി ഉള്‍നാടന്‍ മത്സ്യബന്ധനം
പോള നിറഞ്ഞതോടെ ഉള്‍നാടന്‍ മത്സ്യബന്ധനം പൂര്‍ണ്ണമായും നിലച്ചു. പോള കാരണം ആഴ്ചകളായി വല നീട്ടാന്‍ പോലും സാധിക്കുന്നില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.
വേമ്പനാട്ട് കായലില്‍ അടക്കം കഴിഞ്ഞ കുറച്ച് കാലമായി പോളയുടെ വ്യാപനം രൂക്ഷമാണ്. വല നീട്ടിയാല്‍ തന്നെ ഇത് തിരിച്ചെടുക്കാന്‍ വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുകയാണ് തൊഴിലാളികള്‍. പോളയുടെ വ്യാപനം മൂലം നൂറ് കണക്കിന് ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികളാണ് ദുരിതത്തിലായിരിക്കുന്നത്.
കടത്തുവള്ളങ്ങള്‍ സര്‍വീസ് നിര്‍ത്തി
പമ്പയാറ്റില്‍ പോള തിങ്ങിയതോടെ കടത്തുവള്ള വള്ള സര്‍വീസുകള്‍ എല്ലാം നിലച്ചു. ദിവസേന നൂറ് കണക്കിന് ആളുകള്‍ ആശ്രയിച്ചിരുന്ന കാവാലം തട്ടാശ്ശേരി, കൃഷ്ണപുരം, പുളിങ്കുന്ന് തുടങ്ങിയ സ്ഥലങ്ങളിലെ കടത്തുവള്ള സര്‍വീസുകളാണ് പോള നിറഞ്ഞതോടെ നിലച്ചത്. കാവാലത്തെ ജങ്കാര്‍ സര്‍വീസും പോള നിറഞ്ഞതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്.
അടിയന്തര നടപടിവേണം
നെല്‍കൃഷിക്ക് പോലും ഭീഷണിയായ പോള പമ്പയാറ്റില്‍ നിന്നും നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. ആഴ്ചകളായി പമ്പയാറ്റില്‍ പോള തിങ്ങിയ നിലയിലാണ്. ഒട്ടുമിക്ക പാടശേഖരങ്ങളിലും മോട്ടോറുകള്‍ പോലും സ്ഥാപിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. വടം കെട്ടി പോള പൂര്‍ണ്ണമായും നീക്കം ചെയ്തില്ലെങ്കില്‍ പുഞ്ച കൃഷിക്ക് അടക്കം വെല്ലുവിളിയാകുമെന്ന് കര്‍ഷകര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: