ദിലീപ് ഹരിപുരം
ഇരിങ്ങാലക്കുട: പതിറ്റാണ്ടുകള്‍ക്ക് ശേഷം ഉണ്ണായിവാര്യര്‍ കലാനിലയം കിരീടമടക്കം പുതിയ കോപ്പുകള്‍ ഒരുക്കുന്നു. ഒരു കേശഭാരകിരീടം, രണ്ട് പുരുഷവേഷം മെയ്ക്കോപ്പ്, ഒരു സ്ത്രീവേഷം മെയ്ക്കോപ്പ് എന്നിവയാണ് പുതുതായി നിര്‍മിച്ചത്.
കഥകളിക്കോപ്പുകള്‍ അറ്റകുറ്റപ്പണി നടത്തിയാണ് ഇതുവരെ ഉപയോഗിച്ചിരുന്നത്. എന്നാല്‍ നിര്‍മാണച്ചെലവു മൂലം അപൂര്‍വമായേ പുതിയവ നിര്‍മിക്കാറുള്ളു. കുമിഴിലാണ് നിര്‍മാണം. ആദ്യകാലങ്ങളില്‍ കൈകൊണ്ടാണ് ഇവ നിര്‍മിച്ചിരുന്നത്. തന്മൂമൂലം ഇവയ്ക്ക് ഭാരം കൂടുതല്‍ ഉണ്ടായിരുന്നു. യന്ത്രസഹായത്തോടെ പുതിയ മെയ്ക്കോപ്പുകള്‍ നിര്‍മിച്ചതോടെ ഭാരം വളരെ കുറഞ്ഞു. പാലക്കാട് വെള്ളിനേഴി കൊതാവില്‍ രാമന്‍കുട്ടിയുടെ മക്കളായ ബേബി, ഉണ്ണി എന്നിവര്‍ ഒരു വര്‍ഷത്തോളമെടുത്താണ് മെയ്ക്കോപ്പുകള്‍ നിര്‍മിച്ചത്. കൊത്തുപണി കഴിഞ്ഞ് കിരീടമടക്കമുള്ള മെയ്ക്കോപ്പുകളില് വിവിധ നിറത്തിലുള്ള കല്ലുകളും ചില്ലുകളും തകിടുകളും ചേര്‍ത്ത് ഒരുക്കുന്ന ജോലി കലാനിലയത്തില്‍ ആരംഭിച്ചു. കലാനിലയം അധ്യാപകനായ പ്രശാന്തിന്റെ നേതൃത്വത്തില്‍ കലാനിലയം ദേവദാസ്, കലാമണ്ഡലം നിഖില്‍, കലാമണ്ഡലം മനേഷ്, കലാനിലയം വിദ്യാര്‍ഥിയായ രാഹുല്‍ എന്നിവര്‍ ചേര്‍ന്നാണ് കൊത്തുപണി കഴിഞ്ഞ കിരീടത്തില്‍ കല്ലുകളും ചില്ലുകളും തകിടുകളും സ്ഥാപിക്കുന്നത്.
പഴയ കിരീടമടക്കമുള്ള മറ്റു കോപ്പുകളും നവീകരിക്കുന്നുണ്ടെന്ന് കലാനിലയം സെക്രട്ടറി സതീഷ് വിമലന് പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച സ്പെഷ്യല്‍ ഗ്രാന്‍ഡ് ഉപയോഗിച്ചാണ് പുതിയ കോപ്പുകളുടെ നിര്‍മാണം. ഓഗസ്റ്റ് 12 ന് പെരുമ്പാവൂരില്‍ നടക്കുന്ന ശ്രീരാമപട്ടാഭിഷേകം കഥകളിയില്‍ പുതിയ കിരീടമാണ് ഉപയോഗിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: