ന്യൂദല്‍ഹി: സിപിഎമ്മിന്റെ ഹിന്ദുവിരുദ്ധതയാണ് സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ പ്രസംഗത്തിലൂടെ പുറത്തുവന്നതെന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരന്. ഹിന്ദുക്കളുടേതെല്ലാം അന്ധവിശ്വാസങ്ങളാണെന്ന ഷംസീറിന്റെ പ്രസ്താവനയെ സിപിഎം നേതാക്കള്‍ അംഗീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നത് ഹൈന്ദവസമൂഹത്തോടുള്ള വെല്ലുവിളിയാണ്.
ശാസ്ത്രത്തിന് പകരം മിത്തുകള്‍ ആരും പ്രചരിപ്പിക്കുന്നില്ലെന്നും നുണപ്രചാരണം നടത്തി വിശ്വാസ സമൂഹത്തെ അവഹേളിക്കുകയാണ് സിപിഎം എന്നും കേന്ദ്രമന്ത്രി ദല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.സ്പീക്കര്‍ മാപ്പുപറയണമെന്നാവശ്യപ്പെട്ട എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയെ അപമാനിക്കുകയാണ് സിപിഎം നേതാക്കള്‍ ചെയ്തത്. എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയെ അവഹേളിക്കാന്‍ വേണ്ടി മാത്രം നിയമിച്ചതാണോ എ.കെ. ബാലനെയെന്ന് പാര്‍ട്ടി വ്യക്തമാക്കണം.
ശബരിമലയ്ക്കുശേഷം ഹിന്ദുആചാരങ്ങളെ വീണ്ടും തള്ളിപ്പറയുകയാണ് സിപിഎം. ഷംസീറിന്റെയും സിപിഎമ്മിന്റെയും സമീപനത്തില്‍ കോണ്‍ഗ്രസ് നിലപാട് പറയണം. ന്യൂനപക്ഷങ്ങള്‍ക്കെതിരെ എന്തെങ്കിലും പരാമര്‍ശം വരുമ്പോള്‍ വലിയ ബഹളമുണ്ടാക്കുന്നവരാണ് കോണ്‍ഗ്രസുകാര്‍. എന്നാല്‍ ഇക്കാര്യത്തില്‍ അവര്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഹൈന്ദവ വിശ്വാസികളെ വെല്ലുവിളിച്ച സ്പീക്കര്‍ക്ക് കീഴില്‍ നിയമസഭാ സമ്മേളനത്തിന് എത്തുമോ എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കണമെന്നും വി. മുരളീധരന് പറഞ്ഞു.
മണിപ്പൂരില്‍ പ്രശ്നപരിഹാരത്തിനല്ല മുതലെടുപ്പിനാണ് പ്രതിപക്ഷ സഖ്യം ശ്രമിക്കുന്നത്. സംഘര്‍ഷത്തില്‍ മതമില്ലെന്ന് ക്രൈസ്തവസഭ പറഞ്ഞിട്ടും പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് തയാറാകാതെ പ്രതിപക്ഷം വിഷയത്തെ വഴിതിരിച്ചുവിടുകയാണെന്നും വി. മുരളീധരന് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: