മേലാറ്റൂര്‍: പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്തിലെ ചെമ്മാണിയോട് ഡിവിഷനില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പ് തീയ്യതി അടുത്തതോടെ സ്ഥാനാര്‍ത്ഥികള്‍ പ്രചാരണ ചൂടിലേക്ക്. ആഗസ്റ്റ് 10നാണ് തെരഞ്ഞെടുപ്പ്. നിലവില്‍ നാല് സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. ബിജെപിയുടെ സജീഷ് കെ മാരാര്‍, മുസ്ലിം ലീഗിന്റെ യു.ടി. മുന്ഷീര്, ഇടതുമുന്നണിയുടെ പുളിയക്കാട്ടില്‍ അന്‍വര്‍, സ്വതന്ത്രസ്ഥാനാര്‍ത്ഥിയായ അനീസ് കൊല്ലാരന്‍ എന്നിവരാണ് മാറ്റുരയ്ക്കുന്നത്. മേലാറ്റൂര്‍ പഞ്ചായത്തിലെ എടയറ്റൂര്‍, ഐലക്കര, വേങ്ങൂര്‍, വളയപുറം, കൊടക്കാടഞ്ചേരി, ചെമ്മാണിയോട്, കാട്ടുചിറ, കീഴാറ്റൂര്‍ പഞ്ചായത്തിലെ കാര്യമാട്, ആനപ്പാംകുഴി എന്നീ ഒന്‍പത് വാര്‍ഡുകള്‍ ഉള്‍പ്പെട്ടതാണ് ചെമ്മാണിയോട് ഡിവിഷന്. നിലവില്‍ യുഡിഎഫ് ബ്ലോക്ക് മെമ്പറായിരുന്ന പാലത്തിങ്ങല്‍ ഉസ്മാന് മരണപ്പെട്ട ഒഴിവിലേക്കാണ് ഉപ തെരഞ്ഞെടുപ്പ് നടക്കുന്നത്.
ഡിവിഷന് നിലനിര്‍ത്താമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ മുന്ഷീര് രംഗത്ത് ഇറങ്ങുന്നത്. യുവ വോട്ടര്‍മാരെ സ്വാധീനിക്കാനാവുമെന്ന വിലയിരുത്തലാലാണ് 36 കാരനായ മുന്‍ഷീറിന് നറുക്ക് വീണത്. സ്ഥാനാര്‍ത്ഥിയാകാന്‍ യോഗ്യതയുള്ളവരെ തഴഞ്ഞെന്ന് പാര്‍ട്ടിക്കുള്ളില്‍ തന്നെ ഒരു വിഭാഗത്തിന് അഭിപ്രായമുണ്ട്. അതോടൊപ്പം തന്നെ പടലപ്പിണക്കങ്ങളും കുറവല്ല. കഴിഞ്ഞപ്രാവിശ്യം നാമനിര്‍ദേശ പത്രിക തള്ളിയ മുജീബ് റഹ്മാന്റെ പേര് ഇക്കുറി പരിഗണിക്കാത്തതില്‍ ശക്തമായ പ്രതിഷേധമാണ് ഒരു വിഭാഗം ഉയര്‍ത്തുന്നത്. ഇതെല്ലാം അതിജീവിച്ചാല്‍ മാത്രമെ ലീഗിന് ബ്ലോക്ക് നിലനിര്‍ത്താനാവു.
അട്ടിമറി പ്രതീക്ഷിച്ച് ഇടത് മുന്നണി സ്വതന്ത്ര സ്ഥാനാര്‍ത്ഥിയേയാണ് മത്സരത്തിന് ഇറക്കിയിരിക്കുന്നത്. പുതുമുഖമായ 47 കാരനായ പുളിയക്കാട്ടില്‍ അന്‍വറാണ് ഇടത് സ്ഥാനാര്‍ത്ഥി. സ്വന്തം ചിഹ്നത്തിലല്ലാതെ അവതരിപ്പിച്ച സ്ഥാനാര്‍ത്ഥിയെ ചൊല്ലി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ വ്യത്യസ്ഥ അഭിപ്രായമാണുള്ളത്. സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചയിലും പാര്‍ട്ടിക്കാരായവരുടെ പേരുകള്‍ ഉയര്‍ന്ന് വന്നെങ്കിലും അതൊന്നും നേതൃത്വം അംഗീകരിച്ചില്ല. അന്‍വറിന്റെ തെരഞ്ഞെടുപ്പ് ചിഹ്നം കുടയാണ്.
നിലവില്‍ ബിജെപി പഞ്ചായത്ത് പ്രസിഡന്റ് ചുമതല വഹിക്കുന്ന സജീഷ് കെ. മാരാറാണ് ബിജെപി സ്ഥാനാര്‍ത്ഥി. കാലങ്ങളായി അവഗണിക്കപ്പെട്ടു കിടന്നിരുന്ന മേലാറ്റൂരിലെ റെയില്‍വേ സ്റ്റേഷന് റോഡ് നവീകരണം, പ്ലാറ്റ് ഫോം നീളം കൂട്ടല്‍ തുടങ്ങിയ ജനകീയ വിഷയങ്ങളില്‍ ഇടപെട്ട് ഒടുവില്‍ അത് യാഥാര്‍ഥ്യമാക്കിയതിന് പിന്നില്‍ സജീഷാണ്. ആദ്യമായാണ് ബ്ലോക്കില്‍ മത്സരിക്കുന്നതെങ്കിലും വാര്‍ഡ് തലങ്ങളില്‍ മത്സരിച്ച പരിചയസമ്പത്തുണ്ട്. ബിജെപിക്ക് സ്വാധീനമുള്ള നിരവധി വാര്‍ഡുകള്‍ ഉള്‍പ്പെടുന്നതാണ് ചെമ്മാണിയോട് ബ്ലോക്ക്. മത്സരരംഗത്തുള്ള മറ്റ് രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും വിഭിന്നമായി ഒറ്റക്കെട്ടായാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നത് എന്നത് ശ്രദ്ധേയം.
കഴിഞ്ഞ തവണ അഞ്ചുസ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്ത് ഉണ്ടായിരുന്നത്. യുഡിഎഫിന്റെ പാലത്തിങ്ങല്‍ ഉസ്മാന്, ഇടത് മുന്നണിയുടെ ഇ. ഷിജില്‍, ബിജെപിയുടെ അരിമ്പൂത്ത് രാജേഷ്, എസ്ഡിപിഐയുടെ കബീര്‍ മേലാറ്റൂര്‍, സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പാലത്തിങ്ങല്‍ അബൂബക്കര്‍ എന്നിവരായിരുന്നു. യുഡിഎഫിന്റെ മുജീബ് റഹ്മാന്റെ നാമനിര്‍ദ്ദേശപത്രിക തള്ളിയതിനെ തുടര്‍ന്ന് ഡെമ്മി സ്ഥാനാര്‍ത്ഥിയായ ഉസ്മാന് ഒര്‍ജിനല്‍ സ്ഥാനാര്‍ത്ഥിയാകുകയും തെരഞ്ഞെടുപ്പില്‍ വിജയിക്കുയും ചെയ്തു. യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് 5144 വോട്ടും, ഇടതുമുന്നണിക്ക് 3532 വോട്ടും, ബിജെപിക്ക് 631 വോട്ടും, എസ്ഡിപിഐക്ക് 346 വോട്ടും, സ്വതന്ത്രനായി മത്സരിച്ച അബൂബക്കറിന് 1359 വോട്ടും ലഭിച്ചു. 1612 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പി. ഉസ്മാന് കഴിഞ്ഞ പ്രാവിശ്യം വിജയിച്ചത്. ഇത്തവണ എസ്ഡിപിഐ മത്സര രംഗത്തില്ല. നിലവില്‍ ഒന്‍പത് വാര്‍ഡുകളില്‍ നിന്നായി 14,386 പേരാണ് നിലവിലെ വോട്ടര്‍ പട്ടികയിലുള്ളത്.
കേന്ദ്രസര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ഉയര്‍ത്തികാട്ടിയും ഇടത് വലത് മുന്നണികളുടെ പൊള്ളത്തരങ്ങള്‍ തുറന്ന് കാട്ടിയും ബിജെപിയും ചുവടുറപ്പിച്ചതോടെ അക്ഷരാര്‍ത്ഥത്തില്‍ അതി ശക്തമായ ത്രികോണ മത്സരത്തിനാണ് ചെമ്മാണിയോട് ബ്ലോക്ക് ഉപ തെരഞ്ഞെടുപ്പ് സാക്ഷ്യം വഹിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: