പാലക്കാട്: ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായുള്ള നിരവധി പദ്ധതികള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ നടപ്പാക്കി പാലക്കാട് ഐഐടി. താല്പര്യമനുസരിച്ച് കോഴ്സ് തെരഞ്ഞെടുക്കാന്‍ കഴിയുന്ന വിദ്യാഭ്യാസ പദ്ധതി, ഡാറ്റാ സയന്‍സിലെ പുതിയ ബി.ടെക് പ്രോഗ്രാം, പുനരുപയോഗ ഊര്‍ജ്ജത്തിനായുള്ള കേന്ദ്രം എന്നിവയാണ് നടപ്പാക്കിയത്.
അടിസ്ഥാന ശാസ്ത്രം, ഗണിതം, എന്‍ജിനീയറിങ്, ഹ്യുമാനിറ്റീസ്, സാമൂഹ്യ ശാസ്ത്രം എന്നീ കോഴ്സുകള്‍ സമന്വയിപ്പിച്ചുകൊണ്ടുള്ള ‘ചോയ്സ് ബേസ്ഡ് ക്രെഡിറ്റ് സിസ്റ്റം’ ആണ് ഉറപ്പാക്കുന്നത്. ‘ഡബിള്‍ മേജര്‍’, ‘ബിടെക്-എംടെക് ഡ്യുവല്‍ ഡിഗ്രി’, ‘ബിടെക് വിത്ത് മൈനേഴ്സ്’, ‘ബിടെക് വിത്ത് ഓണേഴ്സ്’, ‘ബിടെക് വിത്ത് ഓണേഴ്സ് (ഗവേഷണത്തിലൂടെ)’ എന്നിവ ലഭ്യമാക്കുന്നതാണ് പദ്ധതി. ഡാറ്റാ സയന്‍സില്‍ ബിടെക്, എംടെക് പ്രോഗ്രാമുകളും ഗവേഷണത്തിലൂടെ എംഎസ്, പിഎച്ച്ഡി പ്രോഗ്രാമുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബിഗ് ഡാറ്റ അനാലിസിസ്, മെഷീന് ലേണിങ് എന്നിവയിലും വിദ്യാര്‍ഥികളെ സജ്ജരാക്കും. വിദ്യാര്‍ഥികള്‍ സമ്പാദിക്കുന്ന ക്രെഡിറ്റുകള്‍ ഡിജിറ്റലായി സൂക്ഷിക്കുന്നതിന് അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ്സ് സ്ഥാപിക്കുന്നതിന് എന്‍ഇപി നിര്‍ദേശിച്ചിട്ടുള്ളതനുസരിച്ച് വിദ്യാര്‍ഥികള്‍ക്ക് എബിസി അക്കൗണ്ടുകള്‍ തുടങ്ങാനും സംവിധാനമുണ്ട്. 90 ശതമാനം വിദ്യാര്‍ഥികളും നിലവില്‍ എബിസി അക്കൗണ്ടുകള്‍ ആരംഭിച്ചിട്ടുണ്ട്.
സ്മാര്‍ട്ട് കൃഷി, ജലസ്രോതസുകള്‍, പരിസ്ഥിതി, ബയോമെഡിക്കല്‍ സയന്‍സസ്, ഹരിത ഊര്‍ജം തുടങ്ങിയ മേഖലകളിലെ ഗവേഷണത്തിന് മുന്‍ഗണന നല്കുന്നു. കൂടാതെ ഈ മേഖലകളില്‍ ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിന് പുനരുപയോഗ ഊര്‍ജ കേന്ദ്രങ്ങള്‍, പരിസ്ഥിതി ശാസ്ത്രം, സുസ്ഥിര എന്‍ജിനീയറിങ് എന്നിവയുടെ പ്രവര്‍ത്തനവും ആരംഭിച്ചിട്ടുണ്ട്.
സ്കൂള്‍/കോളേജ് പഠനം ഉപേക്ഷിച്ചവര്‍ക്കും മുതിര്‍ന്നവര്‍ക്കുമായി നൈപുണ്യ വികസന സംരംഭങ്ങളും ആരംഭിച്ചിട്ടുണ്ട്. അട്ടപ്പാടിയില്‍ യുവാക്കള്‍ക്ക് നൈപുണ്യ വികസന പരിശീലനം നല്‍കുന്നുണ്ട്. ആദ്യഘട്ടത്തില്‍ 20 വിദ്യാര്‍ഥികള്‍ക്ക് കമ്പ്യൂട്ടര്‍ ആന്റ് നെറ്റ്വര്‍ക്കിങ്, മെക്കാനിക്കല്‍ മൊഡ്യൂളുകള്‍ എന്നിവയില്‍ തൊഴില്‍ പരിശീലനം നല്‍കിയതായി അക്കാദമിക്സ് ഡീന്‍ ഡോ. ടി.എന്‍.സി. ആനന്ദ്, ഡീന്‍ ഐസിഎസ്ആര്‍ പ്രൊഫ. ശാന്തകുമാര്‍ മോഹന്‍, സോഹന്‍ലാല്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: