കല്ലറ അജയന്
”ജന്മമുണ്ടാകില്‍മരണവും നിശ്ചയം
ജന്മം മരിച്ചവര്‍ക്കും വരും നിര്‍ണ്ണയം”
അയോദ്ധ്യാകാണ്ഡത്തില്‍ ‘ഭരതവിലാ
പം’ എന്ന ഭാഗത്തു നിന്നെടുത്തതാണ് ഈ ഈരടി.
”ജാതസ്യ ഹി ധ്രുവോ മൃത്യുഃ
ധ്രുവം ജന്മ മൃതസ്യ ച
തസ്മാദപരിഹാര്യേര്‍ത്ഥേ
ന ത്വം ശോചിതുമഹര്‍സി”
ഭഗവദ്ഗീതയില്‍ രണ്ടാം അദ്ധ്യായമായ സാംഖ്യയോഗത്തിലെ 27ാം ശ്ലോകത്തിന്റെ തര്‍ജമയാണ് മുകളില്‍ കൊടുത്ത ഈരടി എന്നു പറയാം. അര്‍ജ്ജുനനോട് ഭഗവാന് പറയുന്നു; ‘ജനിച്ചതിനെല്ലാം മരണവും മരിച്ചതിനെല്ലാം ജനനവുമുണ്ട്. പരിഹരിക്കാന്‍ പറ്റാത്ത ഈ കാര്യത്തില്‍ നീ ദുഃഖിച്ചിരുന്നിട്ടെന്തു കാര്യം?’ ഇതു തന്നെ എഴുത്തച്ഛന് എടുത്തെഴുതിയിരിക്കുന്നു.
മരണം അനിവാര്യമായ അവസ്ഥയാണ്. മനുഷ്യന് യഥേഷ്ടം ആയുസ്സു നല്‍കിയിരുന്നെങ്കിലും ആരും ഒരു നീണ്ട കാലം ഭൂമിയില്‍ ജീവിക്കാന്‍ ഇഷ്ടപ്പെടില്ല. ഒരു നിശ്ചിതകാലം കഴിയുമ്പോള്‍ ഭൂലോകവാസം അവര്‍ക്ക് മടുത്തു തുടങ്ങും. അതുകൊണ്ടു തന്നെ ചിരഞ്ജീവിയായിരിക്കാന്‍ ആരും ആഗ്രഹിക്കില്ല. നല്ല സമൃദ്ധിയില്‍ ജീവിക്കുന്നവര്‍ ചിലപ്പോള്‍ പത്തോ അന്‍പതോ വര്‍ഷം കൂടി ജീവിക്കാമെന്നു കരുതും. അവര്‍ക്കും കുറച്ചു കഴിയുമ്പോള്‍ മടുക്കുമെന്നതാണ് സത്യം. അതിനാല്‍ മരണത്തെ ആരും ഭയത്തോടെ കാണേണ്ട കാര്യമില്ല. വാര്‍ധക്യത്തില്‍ മനുഷ്യനു ലഭിക്കാവുന്ന ഏറ്റവും നല്ല വിശ്രമമാണ് മരണം. അതിനെ ആനന്ദത്തോടെ സ്വീകരിക്കുകയാണ് വേണ്ടത്.
ദശരഥന്റെ മരണത്തില്‍ വിലപിക്കുന്ന ഭരതനോട് വസിഷ്ഠനാണ് ആ ഈരടി പറയുന്നത്. മരിച്ചു എന്നു കരുതി ആരും ഇല്ലാതാകുന്നില്ല എന്നു വസിഷ്ഠന് പറയുന്നു. കാരണം മനുഷ്യനെന്നത് ഈ കാണുന്ന ശരീരമല്ല. അതില്‍ കുടികൊള്ളുന്ന ആത്മാവാണ്. ശരീരം ജീര്‍ണ്ണിക്കും. ആത്മാവിന് നാശമേയില്ല. അത് പുതിയ പുതിയ ജന്മങ്ങളിലൂടെ സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു. ഗീതയില്‍ നിന്നും ഭഗവാന്റെ വാക്കുകള്‍ വീണ്ടും ഉദ്ധരിക്കാം.
”വാസാംസി ജീര്‍ണ്ണാനി യഥാവിഹായ
നവാനി ഗൃഹ്ണാതി നരോളപരാണി
തഥാ ശരീരാണി വിഹായ ജീര്‍ണ്ണാ-
ന്യന്യാനി സംയാതി നവാനി ദേഹീ”
(മനുഷ്യന് ജീര്‍ണ്ണിച്ച വസ്ത്രം ഉപേക്ഷിച്ച് എപ്രകാരമാണോ പുതിയവ സ്വീകരിക്കുന്നത്, അതുപോലെ ആത്മാവ് ജീര്‍ണ്ണിച്ച ശരീരം ഉപേക്ഷിച്ച് പുതിയ ശരീരങ്ങളെ പ്രാപിക്കുന്നു). വസിഷ്ഠന് ഭരതനോടും ഭഗവാന് അര്‍ജ്ജുനനോടുമാണ് ഉപദേശിക്കുന്നതെങ്കിലും നമുക്കേവര്‍ക്കുമുള്ള ഉപദേശം തന്നെയാണിത്. ജീവിതത്തെ നേരിടാന്‍ നമ്മള് കാണിക്കുന്ന ധൈര്യവും ഉത്സാഹവും മരണത്തിന്റെ കാര്യത്തിലും ഉണ്ടാകണം. കാരണം മരണം ഒന്നിന്റേയും അവസാനമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: