പോര്‍ട്ട് ബ്ലെയര്‍: രാജ്യത്തെ വിമാനങ്ങളുടെ എണ്ണം 400ല്‍ നിന്ന് 700 ആയി വര്‍ദ്ധിച്ചതായി സിവില്‍ വ്യോമയാന വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. ആന്‍ഡമാന്‍ നിക്കോബര്‍ തലസ്ഥാനമായ പോര്‍ട്ട് ബ്ലെയര്‍ വിമാനത്താവളത്തിലെ പുതിയ സംയോജിത ടെര്‍മിനല്‍ കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളങ്ങളുടെ എണ്ണം പതിനാലായി ഉയര്‍ത്തിയതായും ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. അടുത്ത മൂന്ന്-നാല് വര്‍ഷത്തിനുള്ളില്‍ വിമാനത്താവളങ്ങളുടെ എണ്ണം 200 കടക്കും.പോര്‍ട്ട് ബ്ലെയറില്‍ വിനായക് ദാമോദര്‍ സവര്‍ക്കറുടെ പ്രതിമയും അദ്ദേഹം അനാച്ഛാദനം ചെയ്തു. ഏകദേശം 40,800 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പുതിയ ടെര്‍മിനല്‍ കെട്ടിടത്തിന് പ്രതിവര്‍ഷം 50 ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാന്‍ കഴിയും. രണ്ട് ബോയിംഗ്-767-400, രണ്ട് എയര്‍ബസ്-321 ഇനം വിമാനങ്ങള്‍ക്ക് അനുയോജ്യമായ ഒരു ഏപ്രോണ്‍ 80 കോടി രൂപ ചെലവില്‍ വിമാനത്താവളത്തില്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഇത് ഒരേസമയം പത്ത് വിമാനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ വിമാനത്താവളത്തെ പ്രാപ്തമാക്കുന്നു.
പുതിയ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ ബില്‍ഡിംഗില്‍ താപനില കുറയ്ക്കുന്നതിനുള്ള സംവിധാനം , കെട്ടിടത്തിനുള്ളിലെ കൃത്രിമ വെളിച്ച ഉപയോഗം കുറയ്ക്കുന്നതിന് പകല്‍ സമയത്ത് സമൃദ്ധമായ പ്രകൃതിദത്ത സൂര്യപ്രകാശം നല്‍കുന്നതിനുള്ള സ്കൈലൈറ്റുകള്‍, എല്‍ഇഡി ലൈറ്റിംഗ് തുടങ്ങി സവിശേഷതകള്‍ ഉണ്ട്. ഭൂഗര്‍ഭ ജലസംഭരണിയിലെ മഴവെള്ള സംഭരണി, ശുദ്ധീകരിച്ച മലിനജലത്തിന്റെ 100 ശതമാനവും പുനരുപയോഗിക്കുന്ന സ്ഥലത്തെ മലിനജല സംസ്കരണ പ്ലാന്റ്, സൗരോര്‍ജ്ജ പ്ലാന്റ് എന്നിവ ടെര്‍മിനല്‍ കെട്ടിടത്തിന്റെ സവിശേഷതകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: