പാലക്കാട്: പിരായിരി പഞ്ചായത്ത് കല്യാണമണ്ഡപത്തിലെ മാലിന്യചാക്കുകള്‍ മാറ്റാതിരിക്കുന്ന അധികൃതരുടെ നിലപാടില്‍ പ്രതിഷേധം ശക്തമാ കുന്നു. പ്രദേശത്തെ വിശേഷ ചടങ്ങുകള്‍ നടത്താന്‍ പൊതുജനങ്ങള്‍ക്കു കുറഞ്ഞ നിരക്കില്‍ പ്രയോജനപ്പെടുന്ന കല്യാണമണ്ഡപത്തെയാണ് പ്ലാസ്റ്റിക് വേസ്റ്റുകള്‍ അടക്കമുള്ള മാലിന്യങ്ങള്‍ സംഭരിക്കുന്ന ഗോഡൗണാക്കി മാറ്റാന്‍ ഭരണ, പ്രതിപക്ഷ കക്ഷികള്‍ ഒത്താശ ചെയ്യുന്നതെന്നാണ് ആരോപണം.
ബിജെപി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലുണ്ടായ പ്രതിഷേധ സമരത്തെ തുടര്‍ന്ന് മാലിന്യങ്ങള്‍ നീക്കാമെന്ന് പഞ്ചായത്ത് അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഒരു മാസം കഴിഞ്ഞിട്ടും ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാതെ പൊതുജനത്തെ വിഡ്ഢികളാക്കുകയാണ് ഭരണ സമിതിയും സെക്രട്ടറി ഉള്‍പ്പെടെയുള്ളവരും ചെയ്യുന്നതെന്ന് ബിജെപി വാര്‍ഡ് മെമ്പര്‍മാരായ ദിനേഷ് കെ, രമാ ചിദംബരം, വിനിതാ സുരേഷ് എന്നിവര്‍ ആരോപിച്ചു. ഭരണ പ്രതിസന്ധി നിലനില്‍ക്കുന്നത് പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനു തടസമുണ്ടാക്കുന്നതായും പറയുന്നുണ്ട്.
കോണ്‍ഗ്രസ് – ലീഗ് സഖ്യത്തിലുള്ള ഭരണസമിതിയായിരുന്നു പിരായിരിയിലേത്. കഴിഞ്ഞദിവസം ഇവരുടെ രാജിയെ തുടര്‍ന്ന് സിപിഎം നേതൃത്വം അധ്യക്ഷ പദവിയില്‍ എത്തിയിരുന്നു. എന്നാല്‍ പാര്‍ട്ടിയിലെ ഉള്‍പ്പോരിനെ തുടര്‍ന്ന് ഇവര്‍ അധ്യക്ഷ സ്ഥാനം രാജിവെച്ചതിനാല്‍ വീണ്ടും ഈ പഞ്ചായത്ത് ഭരണപ്രതിസന്ധിയിലായി. പുതിയ ഭരണസമിതി അധികാരമേറ്റെടുത്ത ശേഷമേ മണ്ഡപത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതില്‍ നടപടി സ്വീകരിക്കൂ എന്ന പിടിവാശിയിലാണ് അധികൃതര്‍. പ്രശ്ന പരിഹാരം തേടി നാട്ടുകാര്‍ പലതവണ കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ലെന്നും ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: