ഒറ്റപ്പാലം: വരോട് നാലാംമൈലിലെ കരിങ്കല്‍ ക്വാറിയുടെ പ്രവര്‍ത്തനാനുമതി റദ്ദാക്കാന്‍ നഗരസഭ കൗണ്‍സില്‍ തീരുമാനിച്ചു. പ്രദേശത്തെ കുടുംബങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ ക്വാറിയുടെ പ്രവര്‍ത്തനം റദ്ദ് ചെയ്യണമെന്ന് കൗണ്‍സിലര്‍മാര്‍ ഐകകണ്ഠ്യേന ആവശ്യപ്പെടുകയായിരുന്നു.
ക്വാറിയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യുന്നതിന് ഇന്നലെ ചേര്‍ന്ന അടിയന്തര കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. എന്നാല്‍ പ്രവര്‍ത്തനാനുമതി റദ്ദാക്കല്‍ നിയമപരമായി നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാണിച്ച് സെക്രട്ടറി വിയോജിച്ചു. കരിങ്കല്‍ ക്വാറി സ്ഥിതി ചെയ്യുന്ന ഒന്നാം വാര്‍ഡില്‍ പ്രത്യേക വാര്‍ഡ് സഭായോഗം ചേര്‍ന്ന് ക്വാറിക്കെതിരെ പ്രമേയം പാസാക്കി. ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്നായിരുന്നു ആവശ്യം.
പ്രദേശത്തെ രണ്ട് ചോലകള്‍ ഇല്ലാതായെന്നും വീടുകള്‍ക്ക് വിള്ളല്‍ വീണതായും യോഗം ചൂണ്ടിക്കാട്ടി. തന്റെ വീടുള്‍പ്പെടെ നില്ക്കുന്ന പ്രദേശത്തെ ക്വാറിയുടെ ലൈസന്‍സ് റദ്ദ് ചെയ്യണമെന്ന് കൗണ്‍സിലര്‍ എ. സബിത ആവശ്യപ്പെട്ടു. എന്നാല്‍ നിയമപരമല്ലാത്ത തീരുമാനമാണ് കൗണ്‍സില്‍ എടുത്തിരിക്കുന്നതെന്ന് സെക്രട്ടറി യോഗത്തില്‍ അറിയിച്ചു. തുടര്‍ന്ന് ക്വാറിയുടെ പ്രവര്‍ത്തനാനുമതി റദ്ദാക്കാന്‍ തീരുമാനിച്ചതായി ചെയര്‍പേഴ്സണ്‍ കെ. ജാനകിദേവി പറഞ്ഞു. വിയോജിപ്പ് രേഖപ്പെടുത്തുന്നതായും കൗണ്‍സില്‍ തീരുമാനം സര്‍ക്കാരിനെ അറിയിക്കുമെന്നും സെക്രട്ടറി എ.എസ്. പ്രദീപ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: