തിരുവനന്തപുരം: പൊതു സിവില്‍ നിയമത്തിനെതിരെയുള്ള സെമിനാറില്‍ മുസ്ലിം ലീഗിനെ ക്ഷണിച്ചതില്‍ അതൃപ്തി പ്രകടിപ്പിച്ച് സിപിഐ. ഇതോടെ വിഷയത്തില്‍ എല്‍ഡിഎഫിലെ ഭിന്നത മറനീക്കി.
പൊതു സിവില്‍ നിയമത്തില്‍ സിപിഐ നിലപാട് പ്രഖ്യാപിച്ചിട്ടില്ല. ഈയാഴ്ച ചേരുന്ന ദേശീയ യോഗത്തിലേ നിലപാട് വ്യക്തമാക്കൂ. അതിനു മുമ്പേ തന്നെ സെമിനാര്‍ തീരുമാനിച്ചതും മുസ്ലിം ലീഗിനെ ക്ഷണിച്ചതുമാണ് സിപിഐയെ ചൊടിപ്പിച്ചത്. നിയമ കമ്മിഷന് റിപ്പോര്‍ട്ട് പോലും വന്നിട്ടില്ല. അതിനു മുമ്പ് അമിത വേഗത്തില്‍ സെമിനാറും ചര്‍ച്ചകളും നടത്തുന്നതിലും സിപിഐക്ക് അതൃപ്തിയുണ്ട്. പ്രതിപക്ഷത്തുള്ള ലീഗിനെ ക്ഷണിക്കേണ്ട എന്തു സാഹചര്യമാണ് ഇപ്പോഴുള്ളതെന്നാണ് സിപിഐയുടെ ചോദ്യം.
പൊതു സിവില്‍ നിയമത്തിനെതിരെ മുസ്ലിം സംഘടനകള്‍ പോലും പ്രതിഷേധ പരിപാടികള്‍ ആഹ്വാനം ചെയ്തിട്ടില്ല. മാത്രമല്ല, ന്യൂനപക്ഷങ്ങള്‍ക്കെതിരെ മാത്രമാണ് പൊതു സിവില്‍ നിയമം എന്ന തരത്തിലുള്ള പ്രചാരണം നടത്തേണ്ടെന്നും എല്ലാ വിഭാഗങ്ങളെയും ബാധിക്കുമെന്ന തരത്തിലുള്ള പ്രതിഷേധങ്ങളില്‍ പങ്കാളികളായാല്‍ മതിയെന്നുമാണ് ഭൂരിപക്ഷം മുസ്ലിം സംഘടനകളുടെയും നിലപാട്. നിയമ കമ്മിഷന് റിപ്പോര്‍ട്ടിനു ശേഷം നിലപാടറിയിക്കാമെന്നാണ് കോണ്‍ഗ്രസ് പോലും വ്യക്തമാക്കിയത്.
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ഉള്‍പ്പെടെ നേതാക്കളാരും പൊതു സിവില്‍ നിയമത്തില്‍ അഭിപ്രായത്തിനു മുതിര്‍ന്നിട്ടില്ല. പൊതു സിവില്‍ നിയമം നടപ്പാക്കണമെന്നാണ് സിപിഐയുടെ മുമ്പത്തെ നിലപാട്. ഇഎംഎസ് അടക്കമുള്ള മുന്‍കാല നേതാക്കളുടെ നിലപാടുകളില്‍ നിന്നു സിപിഎം പിന്തിരിഞ്ഞത് ഇപ്പോള്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.
മുസ്ലിം വോട്ടുബാങ്ക് ലക്ഷ്യമിട്ടാണ് ഇഎംഎസിനെയും തള്ളി സിപിഎം നീങ്ങുന്നതെന്ന ആക്ഷേപവുമുണ്ട്. ഇത് തെരഞ്ഞെടുപ്പുകളില്‍ തിരിച്ചടിയാകും. അതിനാല്‍ എടുത്തുചാടിയുള്ള നിലപാടുകള്‍ വേണ്ടെന്ന വിലയിരുത്തലിലാണ് സിപിഐ. ഇക്കാര്യത്തിലെ എതിര്‍പ്പ് സിപിഎമ്മിനെ അറിയിച്ചിട്ടുണ്ട്. ലീഗിനെ സെമിനാറിലേക്ക് ക്ഷണിച്ചതില്‍ സിപിഎമ്മിലും എതിരഭിപ്രായമുണ്ട്.
കൂടാതെ മാധ്യമങ്ങള്‍ക്കെതിരെയുള്ള നിലപാടിലും സിപിഐ അതൃപ്തി അറിയിച്ചിട്ടുണ്ട്. മാധ്യമങ്ങള്‍ക്കെതിരെ ഭീഷണി ഉയര്‍ത്തുന്ന സിപിഎം എംഎല്‍എ പി.വി.അന്‍വറിനെതിരെ സിപിഐ മുതിര്‍ന്ന നേതാവ് സി. ദിവാകരന് രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്. കൊലവിളി നടത്തുന്ന പി.വി. അന്‍വറിനെ കൊടുംക്രിമിനലായി പ്രഖ്യാപിക്കണമെന്നാണ് സി. ദിവാകരന് ആവശ്യപ്പെട്ടത്. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകര്‍ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിലായിരുന്നു സി. ദിവാകരന്റെ വിമര്‍ശനം. മാധ്യമപ്രവര്‍ത്തകര്‍ സ്വന്തം തൊഴില്‍ ചെയ്യുമ്പോള്‍ അവരെ വധിക്കുമെന്നൊക്കെ ഭീഷണിപ്പെടുത്തുന്നവരെ ക്രിമിനലായി പ്രഖ്യാപിക്കുന്നതില്‍ തെറ്റൊന്നുമില്ലെന്നുമാണ് സി. ദിവാകരന് പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: