പൊതു സിവില്‍ കോഡിന്റെ മറവില്‍ വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്ന സിപിഎമ്മിനോട് സഹകരിക്കേണ്ടതില്ലെന്നും, ഈ ലക്ഷ്യം വച്ച് കോഴിക്കോട് സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടുക്കേണ്ടതില്ലെന്നുമുള്ള മുസ്ലിംലീഗിന്റെ തീരുമാനം ആദര്‍ശാത്മകമായി ചിത്രീകരിക്കുന്നതില്‍ അര്‍ത്ഥമില്ല. സിപിഎമ്മുമായി തല്ക്കാലം സഹകരിക്കേണ്ടതില്ലെന്ന് ലീഗ് നേതൃത്വം പറയുന്നതില്‍ തന്നെ ഒരു ചാഞ്ചാട്ട മനഃസ്ഥിതി വ്യക്തമാണ്. മുസ്ലിംലീഗിന്റെ ഈ നിലപാടിലെ ആത്മാര്‍ത്ഥതയും ശരിതെറ്റുകളും പരിശോധിക്കുന്നതിനു മുന്‍പ് സിപിഎമ്മിന്റെ ഭാഗത്തുനിന്ന് ഇങ്ങനെയൊരു ക്ഷണം ഉണ്ടായത് എന്തുകൊണ്ടാണെന്ന ചോദ്യം പ്രസക്തമാണ്. ലീഗിന്റെ ഭാഗത്തുനിന്ന് കണ്ണേറുകള്‍ പലതും ഉണ്ടായതാണ് പൊതുസിവില്‍കോഡ് പ്രശ്നത്തില്‍ ഒന്നിക്കാന്‍ തടസ്സമില്ലെന്ന സിപിഎമ്മിന്റെ നിലപാടിന് കാരണം. ഇക്കാര്യത്തിന് ഇരുപാര്‍ട്ടികള്‍ക്കും പൊതുതാല്‍പ്പര്യമുണ്ടെന്നും, പരസ്യമായ ഒരു സഖ്യത്തിന് അല്‍പ്പംകൂടി കാത്തിരിക്കേണ്ടിവരുമെന്നുമാണ് സിപിഎമ്മിന്റെ ക്ഷണം നിരസിച്ചുകൊണ്ടുള്ള ലീഗിന്റെ തീരുമാനത്തിന് പിന്നിലുള്ളത്. സിപിഎം, എല്‍ഡിഎഫിന് നേതൃത്വം കൊടുക്കുന്ന പാര്‍ട്ടിയും, മുസ്ലിം ലീഗ് യുഡിഎഫിലെ രണ്ടാമത്തെ ഘടകകക്ഷിയുമാണ്. ഈ നിലയ്ക്ക് പരസ്പരം എതിര്‍ക്കാന്‍ ബാധ്യസ്ഥരാണെങ്കിലും രണ്ടു കക്ഷികളും പരസ്പരം ഒത്തുകളിക്കുന്നുവെന്നത് കേരള രാഷ്ട്രീയത്തിലെ അനേകം വിരോധാഭാസങ്ങളിലൊന്നാണ്. ഇത് മറച്ചുപിടിച്ചുകൊണ്ടുള്ള വാചകക്കസര്‍ത്തുകള്‍ നടത്താന്‍ ഇരു പാര്‍ട്ടികളുടെയും നേതാക്കള്‍ സമര്‍ത്ഥരാണ്. പൊതുസിവില്‍ കോഡിന്റെ കാര്യത്തിലും ഇതാണ് സംഭവിക്കുന്നത്.
അറയ്ക്കല്‍ ബീവിയെ കെട്ടാന്‍ അരസമ്മതം എന്നുതന്നെയാണ് പൊതുസിവില്‍ കോഡ് വരുന്നതി നെ സിപിഎമ്മുമായി ചേര്‍ന്ന് എതിര്‍ക്കാനുള്ള ലീഗിന്റെ മനോഭാവത്തില്‍ തെളിയുന്നത്. പല ലീഗു നേതാക്കളും ഇങ്ങനെയൊരു സൂചന നല്‍കുകയും ചെയ്തു. സിപിഎം സംഘടിപ്പിക്കുന്ന സെമിനാറില്‍ ഈ ഘട്ടത്തില്‍ ലീഗ് പോകേണ്ടതില്ലെന്നും, ലീഗിനെ പിന്തുണയ്ക്കുന്ന മൗലവിമാരുടെ സംഘടനയായ സമസ്ത പങ്കെടുക്കട്ടെയെന്നുമുള്ള നിലപാട് ലീഗ് എങ്ങനെ ചിന്തിക്കുന്നു എന്നതിന് തെളിവാണ്. പൊതുസിവില്‍ കോഡ് നടപ്പാക്കുന്നതിനെ ലീഗ് മതവിഷയമായാണ് കാണുന്നത്. മതപരമായ കാര്യങ്ങളില്‍ സമസ്തയുടെ അഭിപ്രായമാണ് ലീഗിനുള്ളത്. പരീക്ഷയില്‍ ജയിച്ച ഒരു വിദ്യാര്‍ത്ഥിനിയെ പാരിതോഷികം നല്കാന് വിളിച്ചുവരുത്തി വേദിയില്‍നിന്ന് അപമാനിച്ച് ഇറക്കിവിട്ട സമസ്തയുടെ നടപടിയെ ലീഗ് അനുകൂലിക്കുകയാണല്ലോ ചെയ്തത്. പൊതുസിവില്‍ കോഡിന്റെ പ്രശ്നത്തിലും സമസ്തയില്‍നിന്ന് വ്യത്യസ്തമായ ഒരു നിലപാട് ലീഗിന് എടുക്കാനാവില്ല. അപ്പോള്‍ ലീഗിനു പകരം സമസ്ത സിപിഎമ്മുമായി സഹകരിക്കുന്നതും സെമിനാറില്‍ പങ്കെടുക്കുന്നതും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. പൊതുസിവില്‍ കോഡിനെ എതിര്‍ക്കുന്നതിലൂടെ മതപരമായ ധ്രുവീകരണമാണ് മുസ്ലിം ലീഗ് ലക്ഷ്യമിടുന്നതെന്ന് അവരുടെ ചരിത്രം ആവര്‍ത്തിച്ച് വ്യക്തമാക്കുന്നുണ്ട്. ഇതേ തന്ത്രം സിപിഎം പ്രയോഗിക്കുമ്പോള്‍ തങ്ങള്‍ക്കുണ്ടാകുന്ന ലാഭനഷ്ടങ്ങള്‍ എന്തായിരിക്കുമെന്ന കാര്യത്തില്‍ ലീഗിന് വ്യക്തതയില്ല. അതുകൊണ്ടാണ് ലീഗ് ഒന്നു മടിച്ചുനില്ക്കുന്നത്. ഇത് അറിയാവുന്നതുകൊണ്ടാണ് സിപിഎം ലീഗിനെ ക്ഷണിച്ചുകൊണ്ടിരിക്കുന്നതും.
എല്‍ഡിഎഫിലും യുഡിഎഫിലും നിന്ന് പരസ്പരം പോരടിക്കുമ്പോഴും സിപിഎമ്മും മുസ്ലിംലീഗും തമ്മില്‍ കുറുമുന്നണി രൂപപ്പെടാറുണ്ട്. പിണറായി സര്‍ക്കാരിനെ ഒരു പരിധിവിട്ട് പ്രതിപക്ഷം എതിര്‍ക്കുന്നത് ലീഗിന് ഇഷ്ടമല്ല. സര്‍ക്കാരിനെ വിമര്‍ശിക്കുമ്പോള്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ തൊട്ടടുത്തിരുന്ന് പി.കെ. കുഞ്ഞാലിക്കുട്ടി അസ്വസ്ഥനാവുന്ന കാഴ്ച ദുര്‍ലഭമല്ല. കുഞ്ഞാലിക്കുട്ടിയും മറ്റും ആരോപണവിധേയനായ മലപ്പുറം ജില്ലാ സഹകരണ ബാങ്കിലെ കള്ളപ്പണ ഇടപാട് കേസില്‍ പിന്നീട് യാതൊന്നും സംഭവിക്കാതിരുന്നത് ജനങ്ങള്‍ കണ്ടതാണല്ലോ. സദ്ദാം ഹുസൈന്റെ പേരില്‍ യുഡിഎഫ് വിട്ട് സിപിഎമ്മിനൊപ്പം ചേര്‍ന്ന് ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പിന് മത്സരിച്ച ചരിത്രം ലീഗിനുണ്ട്. അവസരം കിട്ടിയാല്‍ ലീഗ് ഇനിയും മറുകണ്ടം ചാടുമെന്ന് കോണ്‍ഗ്രസ്സിനും അറിയാം. എങ്ങനെയെങ്കിലും പിടിച്ചുനിര്‍ത്താതെ രക്ഷയില്ല. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പുവരെ മാത്രം ലീഗ് കോണ്‍ഗ്രസ്സിനൊപ്പം നില്‍ക്കാനാണ് സാധ്യത. അതിനു പക്ഷേ കോണ്‍ഗ്രസ് വലിയ വിലകൊടുക്കേണ്ടിവരും. ഇതിനുള്ള വിലപേശല്‍ കൂടിയാണ് പൊതു സിവില്‍ കോഡിന്റെ കാര്യത്തില്‍ ലീഗ് നടത്തുന്നത്. പൊതുസിവില്‍ കോഡ് നടപ്പാക്കേണ്ടത് ആവശ്യമാണെന്നു മാത്രമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. ഇതുസംബന്ധിച്ച കരടുബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കാം. ഏതുതരത്തിലുള്ള ചര്‍ച്ചയും ആവാമെന്ന നിലപാടാണ് ബിജെപിക്കും സര്‍ക്കാരിനുമുള്ളത്. ഇതിനുള്ള ക്ഷമകാണിക്കാതെ വര്‍ഗീയ ധ്രുവീകരണത്തിനു ശ്രമിക്കുകയായിരുന്നു സിപിഎമ്മും ലീഗും. ഈ മതപരമായ അജണ്ട പുറത്തായതാണ് തല്ക്കാലം പിന്‍വാങ്ങാന്‍ ലീഗിനെ പ്രേരിപ്പിച്ചിട്ടുള്ളത്. പക്ഷേ ദേശീയ താല്‍പ്പര്യത്തിന്റെ പ്രശ്നം വരുമ്പോള്‍ സിപിഎം-ലീഗ് അച്ചുതണ്ടിനെ കരുതിയിരിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: