തിരുവനന്തപുരം : സംസ്ഥാനത്തെ തലസ്ഥാനം മാറ്റുന്നത് സംബന്ധിച്ച് സ്വകാര്യ ബില്ലില്‍ ആദ്യ പ്രതികരണവുമായി ഹൈബി ഈഡന് എംപി. തലസ്ഥാനമാറ്റവുമായി ബന്ധപ്പെട്ട് അക്കാദമികമായ ചര്‍ച്ചയാണ് താന്‍ ഉയര്‍ത്തിയത്. പബ്ലിസിറ്റി ആഗ്രഹിച്ചാണ് ബില്ല് നല്‍കിയതെന്ന് തന്നെ അറിയുന്നവര്‍ വിശ്വസിക്കില്ലെന്നും ഹൈബി ഈഡന് പ്രതികരിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടിയോട് ചോദിച്ച്ിട്ടല്ല സാധാരണ സ്വകാര്യ ബില്ല് നല്‍കുന്നത്. ഇത് സെന്‍സിറ്റീവ് വിഷയമാണെന്ന് പാര്‍ട്ടി ഔദ്യോഗികമായി അറിയിച്ചാല്‍ അംഗീകരിക്കും. പാര്‍ട്ടി ഔദ്യോഗികമായി ആവശ്യപ്പെട്ടാല്‍ ബില്‍ പിന്‍വലിക്കാനും തയ്യാറാണ്. ഒരു ആശയം പ്രചരിപ്പിക്കുക എന്നതായിരുന്നു തന്റെ ചിന്ത. ബില്ല് ചോര്‍ന്ന വഴി തന്നെ ദുരൂഹമാണെന്ന് ആവര്‍ത്തിച്ച ഹൈബി സംസ്ഥാനത്തിന്റെ പകുതിയിലേറെ വരുമാനം ഉണ്ടാക്കി നല്കുന്ന കൊച്ചിക്ക് അര്‍ഹമായ സ്ഥാനം കിട്ടണമെന്നും ആവശ്യപ്പെട്ടു.
അതേസമയം തലസ്ഥാന മാറ്റത്തിന് വേണ്ടിയുള്ള തന്റെ സ്വകാര്യബില്‍ ചോര്‍ത്തി വിവാദമുണ്ടാക്കിതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും ഹൈബി പറഞ്ഞു. ബില്‍ പിന്‍വലിച്ചിട്ടില്ല. ജനപ്രതിനിധി എന്ന നിലയില്‍ തന്റെ അധികാരത്തിലുള്ള കാര്യമാണ് ചെയ്തത്. ബില്ലിനെ കുറിച്ച് പാര്‍ട്ടി ഔദ്യോഗികമായി ചോദിച്ചാല്‍ മറുപടി നല്ക്കും.
ബില്‍ പിന്‍വലിക്കാന്‍ പാര്‍ട്ടി ഔദ്യോഗീകമായി ആവശ്യപ്പെട്ടാല്‍ അത് ചെയ്യും. രൂക്ഷമായി വിമര്‍ശിച്ച പര്‍ട്ടിയിലെ നേതാക്കളുടെ സീനിയോരിറ്റി പരിഗണിച്ച് ഇപ്പോള്‍ അവര്‍ക്ക് മറുപടി പറയുന്നില്ല. നേതാക്കള്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് പറയാന്‍ മറുപടിയുണ്ട്. പാര്‍ട്ടിയെ പ്രതിരോധത്തില്‍ ആക്കാന്‍ താന്‍ തയ്യാറല്ല. ജനാധിപത്യ രാജ്യത്ത് തനിക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും ഹൈബി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: