ലീഡ്സ്: ഓസ്ട്രേലിയന്‍ നിരയുടെ ശക്തമായ പേസ് ആക്രമണത്തെ ഒരിക്കല്‍ കൂടി അതിജീവിച്ച നായകന് ബെന്‍ സ്റ്റോക്സ് ഇംഗ്ലണ്ടിന് രക്ഷകനായി.
ഓസീസ് നായകന് പാറ്റ് കമിന്‍സിന്റെ നേതൃത്വത്തില്‍ ഇംഗ്ലണ്ട് ബാറ്റര്‍മാരെ ഒന്നടങ്കം കശാപ്പു ചെയ്തുകൊണ്ടിരിക്കുന്നതിനിടെയാണ് നായകന്റെ വരവ്. ഏറെ നേരം ക്ലാസിക് ടെസ്റ്റ് ശൈലിയില്‍ ഉറച്ചു നിന്നു. പക്ഷെ മറ്റേയറ്റത്ത് വന്നവരെല്ലാം വേഗത്തില്‍ മടങ്ങിപ്പോകാന്‍ മത്സരിച്ചപ്പോള്‍ സ്റ്റോക്സിന് അതിവേഗം ബാസ്ബോള്‍ ശൈലിയെ ആശ്രയിക്കേണ്ടിവന്നു. അഞ്ച് സിക്സറുകളും ആറ് ബൗണ്ടറികളും അടങ്ങുന്ന ഇന്നിങ്സുമായി നായകന് തന്റെ ടീമിനെ സ്വന്തം ചിറകിലേറ്റി. 108 പന്തുകളില്‍ നിന്ന് 80 റണ്‍സ് ചേര്‍ത്ത് ഇംഗ്ലണ്ടിന് ഓസീസിന്റെ ഒന്നാം ഇന്നിങ്സിനോടടുത്ത സ്കോറിലെത്തിച്ചു.
മറ്റ് ഇംഗ്ലണ്ട് ബാറ്റര്‍മാരില്‍ ഓപ്പണര്‍ സാക് ക്രൗളിയും(33) വാലറ്റത്ത് മാര്‍ക് വുഡും(24) മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. കമിന്‍സ് ആറ് വിക്കറ്റ് നേട്ടത്തോടെയാണ് ഇംഗ്ലണ്ടിനെ എറിഞ്ഞു തരിപ്പണമാക്കിയത്. ഓസീസിന്റെ 263 റണ്‍സെന്ന ഒന്നാം ഇന്നിങ്സ് സ്കോറിനെതിരെ ഇംഗ്ലണ്ട് 237 റണ്‍സെടുത്താണ് പുറത്തായത്. സ്റ്റോക്സിന്റെ പ്രകടനമില്ലായിരുന്നെങ്കില്‍ ഇംഗ്ലണ്ടിന് വമ്പന്‍ ലീഡ് വഴങ്ങേണ്ടിവരുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: