പൂച്ചാക്കല്‍: പ്രതീക്ഷയോടെ പാണാവള്ളി ബോട്ട് സ്റ്റേഷനില്‍ എത്തിച്ച കറ്റാ മറൈന്‍ ബോട്ട് യാത്രക്കാര്‍ക്ക് പണിമുടക്കാവുന്നു. മിക്കവാറും ദിവസങ്ങളില്‍ സര്‍വ്വീസിനിടയില്‍ ബോട്ട് എഞ്ചിന് തകരാറ് മൂലം പാതിവഴിയില്‍ യാത്ര അവസാനിപ്പിക്കുകയാണ്. സംസ്ഥാന ജലഗതാഗത വകുപ്പിന് ആധുനിക സൗകര്യങ്ങളോടുകൂടിയ ആറ് കറ്റാമറൈന്‍ ബോട്ടുകളില്‍, രണ്ടു കോടിയോളം വിലയുള്ള ഒരു ബോട്ട് പെരുമ്പളം ദ്വീപിലെ യാത്രക്കാര്‍ക്കായി എത്തിയത്. പെരുമ്പളം വാത്തിക്കാട് – പൂത്തോട്ട റൂട്ടിലേക്കാണ് കറ്റാ മറൈന്‍ ബോട്ട് സര്‍വ്വീസിനെത്തിയത്.
36 ട്രിപ്പുകളാണ് ഒരു ദിവസത്തെ ഷെഡ്യൂള്‍. എന്നാല്‍ ഉദ്ഘാടന ദിവസം പോലും ഫുള്‍ ഷെഡ്യൂള്‍ ഓടിയില്ല. കറ്റാ മറൈന്‍ ബോട്ടുകള്‍ ദീര്‍ഘദൂര സര്‍വ്വീസുകള്‍ക്ക് അനുയോജ്യമല്ലെന്ന് ജീവനക്കാര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. അശാസ്ത്രീയമായ രീതിയിലാണ് ബോട്ട് നിര്‍മ്മിച്ചതെന്നതാണ് മുഖ്യ ആരോപണം. കാറ്റാമറൈന് റൂട്ടിലെ ട്രിപ്പുകള്‍ പണിമുടക്കുമ്പോള്‍, ഡിപ്പാര്‍ട്ട്മെന്റിന്റെ സ്പെയര്‍ ബോട്ട് ഓടിച്ചു കൊണ്ടാണ് സര്‍വ്വീസ് പൂര്‍ണ്ണമാക്കുന്നത്.
മിക്ക റൂട്ടുകളിലും സര്‍വ്വീസ് നടത്തുവാന്‍ ആവശ്യമായ ബോട്ടുകളില്ലാത്ത സാഹചര്യത്തിലാണ് കറ്റാമറൈന്‍ ബോട്ടുകള്‍ക്ക് വേണ്ടി സര്‍വ്വീസ് നടത്തേണ്ടിവരുന്നത്. യാത്രക്കാരുടെ ബാഹുല്യം കണക്കിലെടുത്ത് പെരുമ്പളം – പൂത്തോട്ട റൂട്ടില്‍ പുതിയ സര്‍വ്വീസ് വേണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെടുമ്പോഴാണ്, ന്യൂജെന്‍ ബോട്ടായ കറ്റാമറൈന്‍ ജലയാത്രക്കാര്‍ക്ക് പണിമുടക്കാവുന്നത്. എത്രയും വേഗം യാത്ര ക്ലേശം പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് പാസഞ്ചേഴ്സ് അസോസിയേഷന് പ്രസിഡന്റ് പെരുമ്പളം സോമനാഥന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: