കോട്ടയം: കോട്ടയം ടിസിഎം വെട്ടിക്കുളങ്ങര ബസ് ഉടമയും ജീവനക്കാരും തമ്മിലുള്ള തൊഴില്‍ തര്‍ക്കത്തിന് പരിഹാരമുണ്ടാക്കാന്‍ ജില്ലാ ലേബര്‍ ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ ഇന്നും തീരുമാനമായില്ല. ബസ് സമരം ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തില്‍ നിന്ന് ബസ് ഉടമ രാജ്മോഹന്‍ കൈമള്‍ ഇറങ്ങിപ്പോയി. പൊലീസിന് മുന്നില്‍ തന്നെ ആക്രമിച്ച സിഐടിയു നേതാവും സിപിഎം ജില്ലാ കമ്മിറ്റിയംഗവുമായ കെ.ആര്. അജയ് ചര്‍ച്ചയില്‍ പങ്കെടുത്തതാണ് കാരണം. തന്നെ മര്‍ദ്ദിച്ച പ്രതിക്കൊപ്പം ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് രാജ്മോഹന്‍ വ്യക്തമാക്കി.
തന്നെ ആക്രമിച്ച പ്രതിയെ ചര്‍ച്ചയ്ക്കായി കൊണ്ടുവന്നത് പ്രതിഷേധാര്‍ഹമാണെന്ന് രാജ്മോഹന്‍ പറഞ്ഞു. ഭീഷണിപ്പെടുത്തിയും ഭയപ്പെടുത്തിയും തീരുമാനമെടുപ്പിക്കാമെന്നാണ് കരുതിയതെങ്കില്‍ തെറ്റി. രാജ്യത്തിനു വേണ്ടി സൈനിക സേവനം നടത്തി സൈനികസേവാ മെഡലും സ്പെഷല്‍ സര്‍വീസ് മെഡലും നേടിയ വ്യക്തിയാണ് താന്‍. മരണം വരെ ഞാന്‍ ഇവിടെ ജീവിക്കും. സാധാരണക്കാര്‍ക്കും കര്‍ഷകര്‍ക്കും എല്ലാവര്ക്കും വേണ്ടി പോരാടുമെന്നും ചെയ്യാവുന്നതു ചെയ്തോളൂവെന്നും മെഡലുകള്‍ ഉയര്‍ത്തിക്കാട്ടി രാജ്മോഹന്‍ പറഞ്ഞു
സി ഐ ടി യുവിന്റെ മുഷ്കിന് കീഴടങ്ങില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയിലും തീരുമാനമാകാത്തതിനെ തുടര്‍ന്നാണ് ഇന്നും ചര്‍ച്ച നടന്നത്.
നിശ്ചിത കളക്ഷന്‍ ലഭിച്ചാല്‍ നല്‍കേണ്ട ബാറ്റ സംബന്ധിച്ചാണു ബസ് ഉടമയും മോട്ടോര്‍ ആന്‍ഡ് മെക്കാനിക്കല്‍ വര്‍ക്കേഴ്സ് യൂണിയനും (സിഐടിയു) തമ്മില്‍ തര്‍ക്കം. ഈ കാര്യത്തില്‍ ഇരുകൂട്ടരും മുന്‍ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്.
നേരത്തേ കോടതിയെ സമീപിച്ച ബസുടമ അനുകൂല ഉത്തരവ് നേടിയിരുന്നു.ബിജെപി കുമരകം മണ്ഡലം വൈസ് പ്രസിഡന്റ് കൂടിയാണ് രാജ്മോഹന്‍ . കഴിഞ്ഞ ദിവസം ബി ജെ പി കേരള പ്രഭാരി പ്രകാശ് ജാവദേകറും വിഷയം പരാമര്‍ശിച്ചിരുന്നു. കേരളത്തില്‍ സംരംഭകര്‍ക്ക് അനുയോജ്യമായ അന്തരീക്ഷമില്ലെന്ന് അദ്ദേഹം പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ പങ്കെടുത്ത പരിപാടിയില്‍ ചൂണ്ടിക്കാട്ടി.
ബസിനു മുന്നില്‍ കൊടികുത്തിയാണ് സിഐടിയു സമരം തുടങ്ങിയത്. കോടതി വിധി അനുകൂലമായതിനെ തുടര്‍ന്ന് ഉടമ ബസില്‍ കെട്ടിയിരുന്ന കൊടി മാറ്റാന്‍ ശ്രമിച്ചെങ്കിലും സി ഐ ടി യു നേതാവ് കെ.ആര്. അജയ് അദ്ദേഹത്തെ മര്‍ദ്ദിക്കുന്ന സ്ഥിതിയുണ്ടായി. തുടര്‍ന്നാണ് ലേബര്‍ ഓഫീസര്‍ ചര്‍ച്ചയ്ക്ക് വിളിച്ചത്.
കോട്ടയം തിരുവാര്‍പ്പ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസിന്റെ മുന്നില്‍ സി ഐ ടി യു കൊടി കുത്തിയതിനെ തുടര്‍ന്ന് ബസുടമ രാജ്മോഹന്‍ ടൈംസ് സ്ക്വയര്‍ ലക്കി സെന്റര്‍’ എന്നു പേരിട്ട് ബസിന് മുന്നില്‍ ലോട്ടറിവില്പന നടത്തിയതോടെയാണ് വിഷയം കേരളം ശ്രദ്ധിച്ച് തുടങ്ങിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അമേരിക്കന്‍ സന്ദര്‍ശനത്തെ കളിയാക്കിയുളള സമര മുറ സി ഐ ടി യുവിനെ കൂടുതല്‍ പ്രകോപിപ്പിച്ചു.
നേരത്തേ ബസ് സമരത്തിന്റെ വാര്‍ത്ത ശേഖരിക്കാനെത്തിയ മാധ്യമ പ്രവര്‍ത്തകനും സി ഐടിയു തൊഴിലാളികളുടെ മര്‍ദ്ദനമേറ്റിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: