മോസ്കോ: റഷ്യയില്‍ നടത്തിയ അട്ടിമറി നീക്കത്തില്‍ നിന്ന് വാഗ്നര്‍ സേന പിന്മാറി. ബെലാറസ് പ്രസിഡന്റ് അലക്സാണ്ടര്‍ ലൂക്കഷെങ്കോ വാഗ്നര്‍ മേധാവി യവ്ജനി പ്രിഗോഷിനുമായി നടത്തിയ ചര്‍ച്ചയോടെയാണ് വിമത നീക്കത്തിന് അവസാനമായത്. റഷ്യന്‍ പ്രസിഡന്റ് വാള്ദിമീര് പുടിന്റെ നിര്‍ദേശ പ്രകാരമായിരുന്നു ലൂക്കഷെങ്കോയുടെ ഇടപെടല്‍.
വാഗ്നര്‍ സേനയ്ക്ക് സുരക്ഷ നല്‍കാമെന്ന് ലൂക്കഷെങ്കോ ഉറപ്പു നല്കി. പ്രിഗോഷിന് റഷ്യ വിടുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. പുടിനുമായി ഫോണില്‍ സംസാരിച്ച ശേഷമാണ് ലൂക്കഷെങ്കോയുടെ മധ്യസ്ഥ ശ്രമങ്ങള്‍ ആരംഭിച്ചത്. പിന്നാലെ മോസ്കോ ലക്ഷ്യമാക്കിയുള്ള വാഗ്നര്‍ സേനയുടെ നീക്കം താത്ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ പ്രിഗോഷിന് സമ്മതിക്കുകയായിരുന്നു.
എന്നാല്‍ ലൂക്കഷെങ്കോയും പ്രിഗോഷിനുമായുണ്ടാക്കിയ കരാര്‍ എന്തെന്നതില്‍ വ്യക്തതയില്ല. ലൂക്കഷെങ്കോ മുന്നോട്ടു വച്ച വ്യവസ്ഥകള്‍ വാഗ്നര്‍ സേന അംഗീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. തങ്ങള്‍ മോസ്കോയില്‍ നിന്ന് 200 കിലോമീറ്റര്‍ മാത്രം അകലെയാണ്.
രക്തച്ചൊരിച്ചില്‍ ഒഴിവാക്കാനായി പിന്‍വാങ്ങുന്നുവെന്നാണ് വാഗ്നറുടെ പിന്മാറ്റത്തെക്കുറിച്ച് പ്രിഗോഷിന് പ്രസ്താവനയില്‍ പറഞ്ഞത്. പിടിച്ചെടുത്ത റോസ്തോവില്‍ നിന്ന് വാഗ്നര്‍ സേന പൂര്‍ണമായും പിന്‍വലിഞ്ഞു. പിന്നാലെ നഗരത്തിന്റെ നിയന്ത്രണം റഷ്യന്‍ പോലീസ് ഏറ്റെടുത്തു.
കൂടാതെ പ്രിഗോഷിനെതിരായ എല്ലാ കേസുകളും റഷ്യ പിന്‍വലിച്ചു. പ്രിഗോഷിന് ബെലാറസിലേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പ്രിഗോഷിനൊപ്പം വാഗ്നര്‍ സേനയും പോകുമോ എന്നതില്‍ വ്യക്തതയില്ല. അതിനിടെ, അട്ടിമറിയില്‍ നിന്ന് പിന്മാറിയതോടെ വാഗ്നര്‍ സേനാംഗങ്ങള്‍ക്ക് സൈന്യത്തില്‍ ജോലി വാഗ്ദാനവുമായി റഷ്യ രംഗത്തെത്തി. ഇവര്‍ക്ക് കരാര്‍ അടിസ്ഥാനത്തില്‍ സേനയില്‍ പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കുമെന്ന് പുടിന്റെ ഓഫീസ് അറിയിച്ചു.
വിമത നീക്കത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ നിയമനടപടികളും ഉണ്ടാവില്ല. പ്രിഗോഷിന് ബെലാറൂസിലേക്ക് പോകുന്നതോടെ വാഗ്നര്‍ സംഘത്തിന്റെ പ്രവര്‍ത്തം അവസാനിക്കുമെന്നാണ് സൂചന. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രശ്നങ്ങളൊന്നും ഉക്രെയ്നെതിരായ യുദ്ധത്തെ ബാധിക്കില്ലെന്നും റഷ്യന്‍ അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: