കേരളത്തില്‍ എന്തുകൊണ്ടാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതുപോലെ നിക്ഷേപങ്ങള്‍ എത്താത്തതും, വ്യവസായങ്ങള്‍ പച്ചപിടിക്കാത്തതുമെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് കോട്ടയം കുമരകത്ത് ബസ് സര്‍വീസ് നടത്തുന്ന തിരുവാര്‍പ്പ് സ്വദേശി രാജ്മോഹന്റെ ദുരവസ്ഥ. പ്രവാസിയും വിമുക്തഭടനുമായ ഈ തൊഴില്‍ സംരംഭകന്റെ ബസ് സര്‍വീസ് സിപിഎമ്മിന്റെ ട്രേഡ് യുണിയനായ സിഐടിയുവിന്റെ പ്രതികാര സമരം മൂലം നിര്‍ത്തേണ്ടി വന്നിരിക്കുകയാണ്. വെട്ടിക്കുളങ്ങര എന്ന പേരില്‍ നാല് ബസ്സുകളാണ് രാജ്മോഹനുള്ളത്. ഇതില്‍ തിരുവാര്‍പ്പ്-കോട്ടയം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസിനു മുന്നില്‍ തൊഴില്‍ത്തര്‍ക്കത്തിന്റെ പേരു പറഞ്ഞ് സിഐടിയു കൊടിനാട്ടിയിരിക്കുകയാണ്. ലേബര്‍ ഓഫീസര്‍ക്ക് മുന്നില്‍ എഴുതി തയ്യാറാക്കിയ കരാര്‍ പ്രകാരം സര്‍വീസ് നടത്തുന്ന ബസ്സില്‍ ജീവനക്കാര്‍ക്ക് കൃത്യമായി ശമ്പളം നല്‍കാറുണ്ടെന്ന് ഉടമയായ രാജ്മോഹന്‍ പറയുന്നു. താന്‍ ബിജെപിക്കാരനായതുകൊണ്ട് രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാനാണ് സിഐടിയു നോക്കുന്നത്. സമരം ചെയ്യുന്നവരില്‍ ബസ്സില്‍ ജോലി ചെയ്യുന്ന ഒരു തൊഴിലാളി പോലുമില്ലെന്നും, തന്റെ സംരംഭം കരുതിക്കൂട്ടി തകര്‍ക്കാനാണ് സിഐടിയു ലക്ഷ്യമിടുന്നതെന്നും രാജ്മോഹന്‍ ആരോപിക്കുന്നു. തിരുവാര്‍പ്പ് പഞ്ചായത്തില്‍ തൊഴില്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ഈ നടപടിക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് രാജ്മോഹന്‍. നിയമവിരുദ്ധവും വികസനവിരുദ്ധവും തൊഴിലാളി വിരുദ്ധവുമായ ഈ അവസ്ഥ സിഐടിയു നേതാക്കള്‍ക്ക് ഒട്ടും അപരിചിതമല്ല. സംസ്ഥാനത്തെ ചെറുതും വലുതുമായ തൊഴില്‍ സംരംഭകരോട് സിപിഎമ്മും സിഐടിയുവും പതിറ്റാണ്ടുകളായി സ്വീകരിച്ചുവരുന്ന രാഷ്ട്രീയ പ്രേരിതവും വികസനവിരുദ്ധവുമായ ഈ സമീപനത്തിന്റെ ഇരയാണ് കേരള സമൂഹം.
കേരളത്തിലെ പരമ്പരാഗത വ്യവസായങ്ങളായ കയര്‍, കശുവണ്ടി മേഖലകളില്‍ സിപിഎമ്മിന്റെയും സിഐടിയുവിന്റെയും നേതൃത്വത്തില്‍ നടന്ന അക്രമാസക്ത സമരങ്ങള്‍ തൊഴിലാളിവിരുദ്ധമായിരുന്നുവെന്ന് അതിന് നേതൃത്വം നല്‍കേണ്ടിവന്നവര്‍ തന്നെ പില്ക്കാലത്ത് പശ്ചാത്തപിച്ചിട്ടുണ്ട്. അവകാശങ്ങളുടെ പേരില്‍ തിരുവിതാംകൂറിലെ വലിയ തൊഴില്‍ മേഖലയും, ആയിരക്കണക്കിനാളുകളുടെ ജീവനോപാധിയുമായിരുന്ന കയര്‍ വ്യവസായത്തെ നശിപ്പിച്ചവര്‍, 1970 കളില്‍ കമ്പ്യൂട്ടര്‍വല്‍ക്കരണത്തിന്റെ പേരിലും വന്‍തോതില്‍ യുവാക്കളുടെ തൊഴിലവസരങ്ങള്‍ ഇല്ലാതാക്കി. പ്രവാസികളായ മലയാളികള്‍ സ്വന്തം നാട്ടില്‍ നിക്ഷേപം നടത്താതിരുന്നത് സിപി എമ്മിനെയും സിഐടിയുവിനെയുമൊക്കെ ഭയന്നാണ്. ചെറുകിട സ്ഥാപനങ്ങള്‍ നടത്തുന്നവരെപ്പോലും മുതലാളിയും വര്‍ഗശത്രുവുമായി മുദ്രകുത്തി. ഈ അന്തരീക്ഷത്തില്‍ മനംമടുത്ത് പലരും അന്യനാടുകളില്‍ പോയി നിക്ഷേപം നടത്തുകയും, വ്യവസായം കെട്ടിപ്പടുക്കുകയും ചെയ്തു. നിരാശ പൂണ്ട ചിലര്‍ ആത്മഹത്യയില്‍ അഭയം പ്രാപിച്ചു. പുനലൂരിലെ സുഗതന് ആചാരിയും കണ്ണൂര്‍ ആന്തൂരിലെ സാജനും ഇതില്‍പ്പെടുന്നു. എറണാകുളം ജില്ലയിലെ വൈപ്പിനില്‍ ഒരു വനിതയെ ഗ്യാസ് ഏജന്‍സി നടത്താന്‍പോലും സിഐടിയു അനുവദിക്കാതിരുന്നത് ഇത്തരത്തിലുള്ള ഡസന്‍കണക്കിന് സംഭവങ്ങളില്‍ ഒന്നുമാത്രം. സംസ്ഥാനം സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയിട്ടും, ലക്ഷക്കണക്കിനാളുകള്‍ ജീവനോപാധി തേടി രാജ്യം വിട്ടിട്ടും നശീകരണാത്മകമായ മനോഭാവം ഉപേക്ഷിക്കാന്‍ സിപിഎമ്മും സിഐടിയുവും തയ്യാറാവുന്നില്ല.
വിവിധ തൊഴില്‍ സംരംഭങ്ങളോട് സിഐടിയു അനുവര്‍ത്തിക്കുന്ന ഒരേസമയം ആപത്കരവും ആത്മഹത്യാപരവുമായ രീതികളുടെ ജീവിക്കുന്ന രക്തസാക്ഷിയാണ് തിരുവാര്‍പ്പിലെ ബസ്സുടമയായ രാജ്മോഹന്‍. തൊഴിലാളികളുടെ ചോരയൂറ്റിക്കുടിച്ച് തടിച്ചുകൊഴുക്കുന്ന ഇടതുപക്ഷ ട്രേഡ് യൂണിയനിസത്തെ തുറന്നു കാട്ടുന്ന സിനിമയാണല്ലോ വരവേല്‍പ്പ്. കേരളം നിക്ഷേപ സൗഹൃദമാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പറയാന്‍ പ്രധാനമന്ത്രിയായിരുന്ന അടല്‍ബിഹാരി വാജ്പേയി ഉദാഹരണമായി ചൂണ്ടിക്കാട്ടിയ സിനിമയാണിത്. ഈ സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച മുരളി എന്ന കഥാപാത്രത്തിന്റെ ഗതികെട്ട അവസ്ഥയിലാണ് രാജ്മോഹ നും എത്തിച്ചേര്‍ന്നിരിക്കുന്നത്. കേരളം മാറിയെന്നും, നിക്ഷേ പം നടത്താന്‍ ആളുകള്‍ ക്യൂവില്‍ നില്‍ക്കുകയാണെന്നും ലോക കേരള സഭയുടെ ഭാഗമായി അമേരിക്കയിലെ ടൈംസ് സ്ക്വയറില്‍ മുഖ്യമന്ത്രി പിണറായി വിജയന് പ്രസംഗിച്ചിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂ. കേരളത്തില്‍ ഇപ്പോള്‍ എന്തും നടക്കുമെന്ന് ആവേശംകൊണ്ട മുഖ്യമന്ത്രി വിദേശസന്ദര്‍ശനം കഴിഞ്ഞ് നാട്ടില്‍ മടങ്ങിയെത്തിയ ദിവസമാണ് കേരളത്തില്‍ അനാവശ്യ സമരം നടത്തി സര്‍വീസ് നിര്‍ത്തിയതില്‍ പ്രതിഷേധിച്ച് സ്വന്തം ബസിന് മുന്നില്‍ രാജ്മോഹന്‍ ലോട്ടറി ടിക്കറ്റ് വില്‍ക്കേണ്ടി വന്നത്. ‘ടൈം സ്ക്വയര്‍ ലക്കി സെന്റര്‍’ എന്ന് ഇതിന് പേരിട്ടത് പ്രതീകാത്മകമാണ്. നിക്ഷേപംകൊണ്ടുവരാനെന്ന പേരില്‍ ലോകം ചുറ്റുകയും, വിവാദ വ്യവസായികളുടെ തോളില്‍ കയ്യിട്ടു നടക്കുകയും ചെയ്തുകൊണ്ട് ആത്മാര്‍ത്ഥതയുള്ള തൊഴില്‍ സംരംഭകരെ കാണാതിരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെ രാജ്മോഹന്റെ സമരം പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നു. കേരളത്തിന്റെ ഭാവി ഇരുളടഞ്ഞുപോകുന്ന സമരാഭാസങ്ങളില്‍ നിന്ന് സിപിഎമ്മും സിഐടിയുവും ഇനിയെങ്കിലും പിന്മാറണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: