തിരുവനന്തപുരം: എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് അർഷോയുടെ മാർക്ക് വിവാദത്തിൽ ഏഷ്യാനെറ്റ് ന്യൂസ് ചാനൽ ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെ ഗൂഢാലോചന കേസ് എടുത്ത പോലീസ് നടപടിയിൽ കേരള ടെലിവിഷൻ ഫെഡറേഷൻ (കെടിഎഫ്) പ്രതിഷേധം രേഖപ്പെടുത്തി.
ഈ നടപടി ഒരു ജനാധിപത്യ വ്യവസ്ഥയിൽ പ്രത്യേകിച്ചും പുരോഗമനവാദികളുടെ ഒരു സർക്കാർ ഭരിക്കുന്ന കേരളത്തിൽ അത്യന്തം ഖേദകരമാണെന്ന് കെ ടി എഫ് പ്രസിഡന്റ് ബേബിമാത്യു സോമതീരം, ജനറൽ സെക്രടറി വെങ്കിട്ടരാമൻ, എ.സി. റജി എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ജനാധിപത്യത്തിൽ മാധ്യമങ്ങൾക്കുള്ള പങ്ക് വിസ്മരിച്ച് മാധ്യമസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റം ഒരു സർക്കാർ പ്രോത്സാഹിപ്പിച്ചുകൂടാത്തതാണ്. എന്നാൽ സമീപകാലത്തിൽ ഇത്തരം ഒന്നിലധികം സംഭവങ്ങളിൽ സമാനമായ നടപടികൾ എടുത്തതുകൂടി ചേർത്തു വായിക്കുമ്പോൾ ഇത് സ്വതന്ത്രമാധ്യമപ്രവർത്തനത്തെ ബോധപൂർവമായി ഹനിക്കുന്ന ഒരു നീക്കമായി മാത്രമേ കാണാൻ കഴിയുകയുള്ളൂ എന്നും കെ ടി എഫ് പറഞ്ഞു.
സർക്കാർ അംഗീകാരത്തോട് കൂടി തന്നെയുള്ള വ്യവസ്ഥാപിത സ്വയം നിയന്ത്രണങ്ങൾക്കുള്ള നിയമ സംവിധാനങ്ങൾ ഉണ്ട്. മാധ്യമസ്ഥാപനം വസ്തുതാപരമല്ലാത്ത ‘വാർത്തകളുമായോ ദുരുദ്ദേശപരമായ നീക്കങ്ങളുമായാണോ മേൽപ്പറഞ്ഞ സംവിധാനങ്ങൾ ഉപയോഗിച്ച് തെറ്റ് തിരുത്തുവാനോ ശിക്ഷാനടപടികൾ എടുക്കുവാനോ കഴിയും.
എന്നിട്ടും സർക്കാർ തന്നെ പോലീസിനെ ഉപയോഗിച്ച് മാധ്യമപ്രവർത്തകരുടെ മേൽ നടപടികൾക്ക് ഒരുങ്ങിയാൽ ഇവിടെ മാധ്യമങ്ങളുടെ പ്രവർത്തനം തടസ്സപ്പെടും. എന്ന് മാത്രമല്ല ജനങ്ങളുടെ അറിയാനുള്ള അവകാശവും ഹനിക്കപ്പെടും. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി ഈ വിഷയത്തിൽ ഉടൻ ഇടപെട്ട് മാധ്യമങ്ങൾ സ്വതന്ത്രമായി സംസ്ഥാനത്ത് പ്രവർത്തിക്കാനുള്ള സാഹചര്യം ഒരുക്കണമെന്ന് കെ.ടി.എഫ് ശക്തമായി ആവശ്യപ്പെട്ടു. മുഖ്യമന്തി തിരികെ എത്തിയാൽ നേരിൽ കണ്ട് കാര്യങ്ങൾ ധരിപ്പിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: