പാലക്കാട് : പാലക്കാട് ജില്ലാ ആശുപത്രിയിലെ ഒരു കോടിയുടെ അടുത്ത് വിലമതിക്കുന്ന ഉപകരണങ്ങള്‍ എലി കരണ്ടതായി റിപ്പോര്‍ട്ട്. മതിയായ സുരക്ഷ ഒരുക്കാത്തതിനാല്‍ 92.63 ലക്ഷം രൂപയുടെ എക്സറേ യൂണിറ്റ് എലി കടിച്ച് നശിപ്പിച്ചതായാണ് ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
2021 മാര്‍ച്ച് മൂന്നിന് ജില്ലാ ആശുപത്രിക്കായി സാംസങ് കമ്പനി സൗജന്യമായി നല്കിയ പോര്‍ട്ടബിള്‍ ഡിജിറ്റല്‍ എക്സറെ യൂണിറ്റാണ് സൂക്ഷിക്കാതിരുന്നതിനെ തുടര്‍ന്ന് നശിച്ചത്. മാര്‍ച്ചില്‍ നല്കിയ എക്സറേ യൂണിറ്റ് ഒക്ടോബര്‍ 21നാണ് എലികടിച്ച് കേടായതായി ചുമതലക്കാരന് സൂപ്രണ്ടിനെ അറിയിക്കുന്നത്. ഒരു തവണ പോലും ഇത് ഉപയോഗിച്ചിട്ടില്ല. അതിന് മുമ്പേ നശിക്കുകയായിരുന്നു.
ജില്ലാ ആശുപത്രി സൂപ്രണ്ടും കമ്പനിയും തമ്മിലുള്ള കരാര്‍ പ്രകാരം ഉപകരണത്തിന്റെ സംരക്ഷണ ഉത്തരവാദിത്തം ആശുപത്രിക്കാണ്. സാധാരണക്കാര്‍ക്ക് ഉപകാരപ്പെടുന്നതിനായി സൗജന്യമായി ലഭിച്ചതാണ് ഈ വിധത്തില്‍ ആര്‍ക്കും ഉപകരിക്കാതെ നശിച്ചത്. അധികൃതരുടെ അലംഭാവം കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നാണ് കുറ്റപ്പെടുത്തല്‍. പരാതി ഉയര്‍ന്നതോടെ ആരോഗ്യവകുപ്പ് അന്വേഷണത്തിലാണ് എലി കടിച്ച് നശിപ്പിച്ച വിവരം അറിയിച്ചത്. എലി കരണ്ട ഉപകരണം നന്നാക്കണമെങ്കില്‍ തന്നെ 30 ലക്ഷം രൂപ ചിലവഴിക്കേണ്ട സാഹചര്യമാണുള്ളത്. എന്നാല്‍ ഇത്രയും വിലമതിക്കുന്ന ഉപകരണം നശിച്ചിട്ടും അതില്‍ അധികൃതരുടെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായതായി പരാമര്‍ശവുമില്ല, പേരിന് പോലും നടപടി സ്വീകരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: