ന്യൂദല്‍ഹി: ചില രോഗങ്ങള്‍ക്ക് ഒരേ സമയം അലോപ്പതിയും ആയുര്‍വ്വേദവും ഉപയോഗിച്ച് ചികിത്സ നടത്താനുള്ള സാധ്യതകള്‍ തേടുന്ന കേന്ദ്ര ആരോഗ്യമന്ത്രാലത്തിന്റെ നീക്കത്തിന് വന്‍ കയ്യടി. രാഷ്ട്രീയം മറന്ന് ഈ നീക്കത്തിന് വന്‍ പിന്തുണയാണ് ലഭിയ്ക്കുന്നത്.
ഇതിന്റെ ഭാഗമായി സംയുക്ത ചികിത്സയുടെ സാധ്യതകള്‍ ആരായാന്‍ ആയുഷ് മന്ത്രാലയവും ഐസിഎംആറും കൂടി കൈകോര്‍ക്കുകയാണ്. ഒരു പക്ഷെ പാശ്ചാത്യലോകത്തിന് കൂടി മാതൃകയാവും ഈ നീക്കം. അലോപ്പതിയോടൊപ്പം ആയുര്‍വ്വേദ മരുന്നും കൊടുക്കുന്നതിന്റെ പേരില്‍ രോഗിയില്‍ നല്ല മാറ്റങ്ങള്‍ സംഭവിക്കുന്നുവെന്നതിന് തെളിവുകള്‍ കാട്ടാന്‍ മനുഷ്യരില്‍ ക്ലിനിക്കല്‍ പരീക്ഷണം നടത്തേണ്ടതുണ്ട്. ദശകങ്ങളായി മനുഷ്യരില്‍ ക്ലിനിക്കല്‍ പരീക്ഷണം നടത്തിയതിന്റെ അനുഭവസമ്പത്തുള്ള ഐസിഎംആറിനെ ഈ ദൗത്യത്തില്‍ ആയുഷുമായി കൈകോര്‍ക്കാന്‍ ക്ഷണിച്ചത് ഈ രംഗത്ത് വന്മാറ്റങ്ങള്ക്ക് വഴിവെയ്ക്കുമെന്ന പ്രതീക്ഷയുണ്ട്.
ആയുര്‍വേദം മാത്രമല്ല, അലോപ്പതി മരുന്നിനൊപ്പം യോഗ, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നീ ധാരകളെക്കൂടി ഉപയോഗപ്പെടുത്തി രോഗികളില്‍ എന്തെന്ത് മാറ്റങ്ങളാണ് ഉണ്ടാകുന്നതെന്ന ക്ലിനിക്കല്‍ പരീക്ഷണം ഐസിഎംആറിനെ ഏല്പിച്ചിരിക്കുകയാണ്. വാതം, പ്രമേഹം, രക്തസമ്മര്‍ദ്ദം, വാര്‍ധക്യത്തെ തടയല്‍, ഹൃദ്രോഗം,മൂത്രസംബന്ധമായ രോഗം തുടങ്ങി ഒട്ടേറെ രോഗങ്ങള്‍ക്ക് ആയുര്‍വ്വേദം സിദ്ധൗഷധമാണ്. ചികിത്സയില്‍ ആയുര്‍വേദ മരുന്നുകള്‍ എങ്ങിനെയാണ് രോഗികളില്‍ പ്രതിഫലിക്കുന്നതെന്നത് സംബന്ധിച്ച് ശാസ്ത്രീയമായ തെളിവുകള്‍ (സയന്റഫിക് എവിഡന്‍സ്) ഇല്ല. ഇതുണ്ടെങ്കിലേ പാശ്ചാത്യലോകം ചികിത്സയുടെ കാര്യത്തില്‍ ആയുര്‍വ്വേദത്തെ അംഗീകരിയ്ക്കൂ.
ആയുര്‍വ്വേദത്തെ പല രീതിയില്‍ ലോകത്തിന് മുന്പില് എത്തിക്കാന്‍ മോദി സര്‍ക്കാര്‍ നടത്തുന്ന പരിശ്രമത്തിന്റെ ഭാഗം കൂടിയാണ് ഈ നീക്കം. ഇതിനികം ആയുര്‍വ്വേദ മരുന്നുകളുടെ കയറ്റുമതിയില്‍ ഇന്ത്യ ഏറെ മുന്നേറിയിട്ടുണ്ട്. ആയുര്‍വ്വേദത്തോടൊപ്പം യോഗ, സിദ്ധ, യുനാനി തുടങ്ങിയ വിഷയങ്ങളെക്കൂടി ലോകത്തിന്റെ മുന്നിലെത്തിക്കാന്‍ മോദി സര്‍ക്കാര്‍ കഠിനമായി പരിശ്രമിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: