ന്യൂദല്‍ഹി: ബുധനാഴ്ച കര്‍ണാടകയില്‍ നടന്ന നിയമസഭാ വോട്ടെടുപ്പില്‍ ഉപയോഗിച്ച ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ ദക്ഷിണാഫ്രിക്കയില്‍ മുന്‍പ് ഉപയോഗിച്ചവയല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്. കോണ്‍ഗ്രസിന്റെത് തെറ്റായ വാദമാണ്. തെറ്റായ വിവരങ്ങള്‍ നല്‍കുന്നവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ കോണ്‍ഗ്രസിനോട് കമ്മിഷന് ആവശ്യപ്പെടുകയും ചെയ്തു.
കൃത്യമായ റീവാലിഡേഷനോ റീവേരിഫിക്കേഷനോ നടത്താതെ ദക്ഷിണാഫ്രിക്കയില്‍നിന്നും തിരിച്ചെത്തിച്ച ഇവിഎമ്മുകളാണ് കര്‍ണാടക തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കുകയാണ് എന്നായിരുന്നു കോണ്‍ഗ്രസ് വാദം. മേയ് 8നാണ് ഈ വിഷയം ആരോപിച്ചുകൊണ്ട് കോണ്‍ഗ്രസ് കമ്മിഷനെ രേഖമൂലം അറിയിച്ചത്.
എന്നാല്‍ ദക്ഷിണാഫ്രിക്കയിലേക്ക് വോട്ടിങ് യന്ത്രങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മിഷന് അയച്ചിട്ടില്ല. ആ രാജ്യത്തെ തിരഞ്ഞെടുപ്പില്‍ വോട്ടിങ് യന്ത്രങ്ങള്‍ ഉപയോഗിക്കാറില്ല. അത് ദക്ഷിണാഫ്രിക്കയുടെ തിരഞ്ഞെടുപ്പ് കമ്മിഷന് വെബ്സൈറ്റില്‍നിന്ന് അറിയാമെന്നും കമ്മിഷന് വ്യക്തമാക്കി. വോട്ടിങ് യന്ത്രങ്ങളുടെ വിനിയോഗത്തെക്കുറിച്ച് കോണ്‍ഗ്രസിന്റെ പ്രതിനിധികള്‍ അടങ്ങുന്ന സംഘത്തിന് അറിയാമെന്നും കമ്മിഷന് പറഞ്ഞു.
ഇലക്ട്രോണിക്സ് കോര്പ്പറേഷന് ഓഫ് ഇന്ത്യ ലിമിറ്റഡ് (ഇസിഐഎല്‍) നിര്‍മിച്ച പുതിയ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ ആണ് മേയ് 10ന് കര്‍ണാടകയില്‍ ഉപയോഗിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിങ് സുര്‍ജേവാലയ്ക്ക് അയച്ച കത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: