ന്യൂദല്‍ഹി : ഗുസ്തി ഫെഡറേഷന് ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്ഐ) അധ്യക്ഷന്‍ ബ്രിജ് ഭൂഷണ് ശരണ്‍ സിങ്ങിനെതിരായ പ്രതിഷേധത്തില്‍ പങ്കു ചേര്‍ന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ ക്രിക്കറ്റ് താരവുമായ നവജ്യോത് സിംഗ് സിദ്ദു. ഓരോ സ്ത്രീയുടെയും അന്തസിനും അഭിമാനത്തിനും വേണ്ടിയാണ് ഗുസ്തി താരങ്ങളുടെ പോരാട്ടമെന്ന് സിദ്ദു പറഞ്ഞു. ബ്രിജ് ഭൂഷണ് ശരണ്‍ സിംഗിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജന്തര്‍മന്തറില്‍ സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ക്കൊപ്പം നില്ക്കുന്ന ചിത്രങ്ങള്‍ സിദ്ദു പങ്കുവച്ചു.
ബ്രിജ് ഭൂഷണെതിരായ എഫ്ഐആര്‍ വൈകിയത് എന്തുകൊണ്ടാണെന്ന് സിദ്ദു ചോദിച്ചു. വൈകിയെങ്കിലും എടുത്ത എഫ്ഐആര്‍ പരസ്യമാക്കാത്തത് അതിന് ബലമില്ലാത്തതിനാലാണ്. പ്രതിയെ സംരക്ഷിക്കാനാണോ ഉദ്ദേശമെന്നും സിദ്ദു ചോദിച്ചു.
എഫ്ഐആര്‍ വൈകിപ്പിച്ച ഉദ്യോഗസ്ഥനെ ഇന്ത്യന്‍ ശിക്ഷാ നിയമം 166 പ്രകാരം വിചാരണ ചെയ്യാത്തതിനെയും സിദ്ദു വിമര്‍ശിച്ചു. സാക്ഷി മാലിക്, ബജ്റംഗ് പുനിയ ഉള്‍പ്പെടെയുള്ള രാജ്യത്തെ മുന്‍നിര ഗുസ്തിക്കാര്‍ ജന്തര്‍ മന്തറില്‍ സമരം നടത്തി ആറ് ദിവസത്തിന് ശേഷമാണ് ബ്രിജ് ഭൂഷണെതിരെ ഡല്‍ഹി പൊലീസ് രണ്ട് എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തത്.
പോക്സോ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ജാമ്യമില്ലാ വകുപ്പുകളാണെന്ന് സിദ്ദു പറഞ്ഞു. എന്തുകൊണ്ട് കുറ്റവാളിയെ അറസ്റ്റ് ചെയ്തില്ല? ഉന്നതര്‍ക്കും സ്വാധീനമുളളവര്ക്കും നിയമം വ്യത്യസ്തമാണോയെന്നും സിദ്ദു ചോദിച്ചു.
ബ്രിജ് ഭൂഷണ് ഗുസ്തി ഫെഡറേഷന് തലപ്പത്ത് തുടരുമ്പോള്‍ ന്യായമായ അന്വേഷണം അസാധ്യമാണ്. അന്വേഷണസമിതി രൂപീകരണം കാലതാമസമുണ്ടാക്കും. #സത്യം പുറത്തുകൊണ്ടുവരുന്നതിനുമുള്ള ഒരേയൊരു വഴി കസ്റ്റഡിയില്‍ ചോദ്യം ചെയ്യല്‍ മാത്രമാണെന്ന് സിദ്ദു ട്വീറ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: