ന്യൂദല്‍ഹി: തപാല്‍ മേഖലയിലെ ഇടതു അനുകൂല യൂണിയനായ നാഷണല്‍ ഫെഡറേഷന് ഓഫ് പോസ്റ്റല്‍ എംപ്ലോയീസ് (എന്‍എഫ്പിഇ), ഓള് ഇന്ത്യ പോസ്റ്റല്‍ എംപ്ലോയീസ് യൂണിയന് ഗ്രൂപ്പ് ‘സി’ എന്നീ സംഘടനകളുടെ അംഗീകാരം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. സര്‍വ്വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതാണ് കാരണം.
രാജ്യവിരുദ്ധ- സര്‍ക്കാര്‍ വിരുദ്ധ നിലപാടുകള്‍ സ്വീകരിച്ച ഈ സംഘടനകള്‍ക്കെതിരെ പരാതി ഉയര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുകയും തുടര്‍ന്ന് അച്ചടക്കനടപടി സ്വീകരിക്കുകയുമായിരുന്നു. കര്‍ഷക സമരമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി സംഘടനയുടെ അംഗങ്ങളില്‍ നിന്ന് പിരി ച്ചെടുത്ത പണം കൈമാറിയിരുന്നു. സിപിഎമ്മിനും സിഐടിയുവിനും സംഘടന വിവിധ ഘട്ടങ്ങളില്‍ പണം നല്‍കിയിട്ടുണ്ട്. ഇതും ചട്ടങ്ങള്‍ക്ക് എതിരാണ്. ഇതേക്കുറിച്ച് സംഘടനയില്‍ നിന്ന് വിശദീകരണം തേടിയെങ്കിലും തൃപ്തികരമായ മറുപടിയല്ല നല്‍കിയത്.
സംഘടനയുടെ ഓഫീസില്‍ ദിവസജോലിക്കുവെച്ചയാള് ജനറല്‍ സെക്രട്ടറിയോ പ്രസിഡന്റോ അറിയാതെ അയാളുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കു വേണ്ടിയാണ് സിപിഎമ്മിന് പണം കൈമാറിയതെന്നാണ് ഇതിന് നല്കിയ വിശദീകരണം. വിശദീകരണങ്ങള്‍ തൃപ്തികരമല്ലെന്നും ചട്ടപ്രകാരം ഇരുസംഘടനകളുടെയും അംഗീകാരം റദ്ദാക്കുകയാണെന്നും കാണിച്ച് തപാല്‍ വകുപ്പ് ഉത്തരവിറക്കുകയായിരുന്നു.
മുമ്പ് ഇന്ത്യന്‍ ജനാധിപത്യത്തെയും പാര്‍ലമെന്റിനെയും അപമാനിച്ച് കലണ്ടര്‍ അടിച്ചിറക്കിയ സംഘടനയ്ക്ക് പ്രതിഷേധം ശക്തമായതോടെ പിന്‍വലിക്കേണ്ടി വന്നിരുന്നു. വകുപ്പുതല സാംസ്കാരികോത്സവത്തില്‍ ജുഡീഷ്യറിക്കും സര്‍ക്കാരി നുമെതിരായ നാടകം അവതരിപ്പിച്ചതിനും സംഘടനയ്ക്കെതിരെ പരാതി ഉയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: