കോഴിക്കോട്: സൂപ്പര്‍ കപ്പ് ഫുട്ബോളില്‍ ഇന്ന് ആദ്യ സെമി. കോഴിക്കോട് കോര്പ്പറേഷന് സ്റ്റേഡിയത്തില്‍ രാത്രി ഏഴിന് ബെംഗളൂരു എഫ്സി ജംഷദ്പൂര്‍ എഫ്സിയുമായി ഏറ്റുമുട്ടും.
സുനില്‍ ഛേത്രിയും റോയ് കൃഷ്ണയുമടങ്ങുന്ന സൂപ്പര്‍ താരനിരയുണ്ടായിട്ടും ആധികാരികമായിട്ടല്ല ബെംഗളൂരുവിന്റെ സെമി പ്രവേശനം. ബെംഗളൂരുവിനെ സമനിലയില്‍ പിടിക്കുകയും കേരള ബ്ലാസ്റ്റേഴ്സിനെ അട്ടിമറിക്കുകയും ചെയ്ത ശ്രീനിധി ഡെക്കാന്‍ അവസാന കളിയില്‍ റൗണ്ട് ഗ്ലാസ് പഞ്ചാബിനോട് തോറ്റതോടെയാണ് ബെംഗളൂരു അവസാന നാലിലെത്തിയത്.
അതേസമയം, ഗ്രൂപ്പില്‍ കളിച്ച മൂന്നിലും മികച്ച വിജയം നേടിയാണ് ജംഷദ്പൂര്‍ എഫ്സി സെമിയിലെത്തിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ചതും ജംഷദ്പൂര്‍. മൂന്ന് കളിയില്‍ 11 ഗോള്‍. മൂന്ന് ഗോളടിച്ച ഹാരി സ്വയര്‍, രണ്ടെണ്ണം വീതമടിച്ച ബോറിസ് സിങ്, റാഫേല്‍ ക്രിവെല്ലാറോ എന്നിവരാണ് ജംഷദ്പൂരിന്റെ കരുത്ത്.
നാളെ മഞ്ചേരിയില്‍ രണ്ടാം സെമിയില്‍ ഒഡീഷ എഫ്സി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയെയും നേരിടും. 25ന് കോഴിക്കോട് കോര്പ്പറേഷന് സ്റ്റേഡിയത്തിലാണ് ഫൈനല്‍. മത്സരങ്ങളെല്ലാം രാത്രി ഏഴിന്. ഗ്രൂപ്പ് എയില്‍ നിന്ന് ബെംഗളൂരു എഫ്സി, ബിയില്‍ ഒഡീഷ, സിയില്‍ നിന്ന് ജംഷദ്പൂര്‍ എഫ്സി, ഡിയില്‍ നിന്ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ടീമുകളാണ് മുന്നേറിയത്. ജംഷദ്പൂര്‍ എഫ്സി മാത്രമാണ് പ്രാഥമിക റൗണ്ടിലെ എല്ലാ മത്സരങ്ങളും ജയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: